ഡൺകിർക്കിലെ രക്ഷകനായ ചാലഞ്ച്:ചരിത്രം പേറുന്ന ബോട്ടിനെ പഴയപ്രതാപത്തിലെത്തിക്കാൻ ബ്രിട്ടൻ

Mail This Article
രണ്ടാം ലോകയുദ്ധകാലത്തെ അവിസ്മരണീയ ബ്രിട്ടിഷ് നാവികദൗത്യമായിരുന്ന ഡൺകിർക്കിൽ ശ്രദ്ധേയ പങ്കുവഹിച്ച ചാലഞ്ച് എന്ന ടഗ്ബോട്ടിനെ പഴയ പ്രതാപത്തിലേക്കു തിരികെ എത്തിക്കാൻ ബ്രിട്ടനിലെ സന്നദ്ധപ്രവർത്തകരുടെ ശ്രമം. ക്രിസ് ബാനിസ്റ്റർ എന്ന ബ്രിട്ടിഷുകാരന്റെ ഉടമസ്ഥതയിലാണു ചാലഞ്ച്. 35000 ബ്രിട്ടിഷ് പൗണ്ട് ഉണ്ടെങ്കിൽ മാത്രമേ ചാലഞ്ചിനെ പഴയരീതിയിൽ ആക്കാൻ ആകുകയുള്ളെന്ന് ബാനിസ്റ്റർ പറഞ്ഞു. ഈ വർഷം മേയിൽ നടക്കുന്ന ഡൺകിർക്കിന്റെ 85–ാം വാർഷികത്തിൽ ചാലഞ്ചിനെ പങ്കെടുപ്പിക്കാനും തീരുമാനമുണ്ട്. നിലവിൽ അത്ര നല്ല സ്ഥിതിയിലല്ല ചാലഞ്ച് ഉള്ളത്.
ഫ്രാൻസിന്റെ വടക്കൻ തീരത്തുള്ള ഒരു ചെറിയ കടൽത്തീര പട്ടണമായിരുന്നു ഡൺകിർക്ക്, ബെൽജിയം–ഫ്രാൻസ് അതിർത്തിക്കു സമീപം.ഇംഗ്ലണ്ട് തീരവുമായി വെറും 34 കിലോമീറ്റർ കടൽദൂരമാണ് ഈ പട്ടണത്തിനുണ്ടായിരുന്നത്. രണ്ടാംലോകയുദ്ധകാലത്ത് നയതന്ത്രപരമായി വളരെയേറെ പ്രാധാന്യമുള്ള സ്ഥലമായിരുന്നു ഡൺകിർക്ക്.
1940 മേയ് 10ന് നാത്സി ജർമനി, ബ്ലിറ്റ്സ്ക്രീഗ് എന്ന് അവർ പേരിട്ടു വിളിക്കുന്ന പൊടുന്നനെയുള്ള മുന്നേറ്റത്തിൽ നെതർലൻഡ്സ്, ലൂക്സംബർഗ്, ബെൽജിയം എന്നീ രാജ്യങ്ങളെ ആക്രമിച്ചു.അത്യാധുനിക പാൻസർ ടാങ്കുകളുപയോഗിച്ചുള്ള ആ ആക്രമണത്തിൽ കീഴടങ്ങുകയല്ലാതെ ഈ രാജ്യങ്ങൾക്കു സാധ്യമായിരുന്നില്ല.മേയ് അവസാനത്തോടെ 3 രാജ്യങ്ങളും നാത്സികളുടെ മുന്നിൽ അടിയറവ് പറഞ്ഞു.

അടുത്ത ലക്ഷ്യം ഫ്രാൻസാണെന്നു സുവ്യക്തമായിരുന്നു.
ഏതുനിമിഷവും നാത്സികൾ തങ്ങളെ ആക്രമിക്കാമെന്നു ഫ്രാൻസ് കണക്കുകൂട്ടി .സ്ട്രോസ്ബർഗ് നഗരത്തിൽ നിന്നു നീങ്ങിയുള്ള മാഗിനോട്ട് മേഖല വഴിയാകും നാത്സികൾ എത്തുകയെന്ന വിലയിരുത്തലിൽ അവിടത്തെ സൈനിക മുന്നൊരുക്കങ്ങൾ അവർ കൂട്ടി. എന്നാൽ നാത്സികൾ തിരഞ്ഞെടുത്തത് മറ്റൊരു മാർഗമാണ്.
ആർഡിനസ് കാടുകൾ വഴി സോം താഴ്‌വരയിലേക്കാണ് അവരെത്തിയത്.വഴിയിലുള്ള ആശയവിനിമയ, ഗതാഗത സംവിധാനങ്ങളെല്ലാം അവർ തകർത്തെറിഞ്ഞു.ഡൺകിർക്ക് ഉൾപ്പെടുന്ന ഫ്രാൻസിന്റെ ഉത്തരമേഖല പൂർണമായും ഒറ്റപ്പെട്ടു.
ബ്രിട്ടനിൽ നിന്നുള്ള രണ്ടു ലക്ഷം സൈനികരുൾപ്പെടെ വൻ സൈനികവിന്യാസം ആസമയം ഡൺകിർക്കിലുണ്ടായിരുന്നു. എന്നാൽ നാത്സികളുടെ നൂതന യുദ്ധസംവിധാനങ്ങളുടെ മുന്നിൽ ഇവർ നശിച്ചുപോകുമെന്ന് ബ്രിട്ടൻ കണക്കുകൂട്ടി. ഡൺകിർക്കിൽ കുടുങ്ങിയ ബ്രിട്ടിഷ് സൈനികരെ കപ്പലുകൾ ഉപയോഗിച്ച് കടൽമാർഗം കൊണ്ടുവരാമെന്ന് ബ്രിട്ടിഷ് സൈന്യം സർക്കാരിനോട് പറഞ്ഞു.
ആശയക്കുഴപ്പങ്ങൾ മറുപക്ഷത്തുമുണ്ടായിരുന്നു. ഹിറ്റ്ലറിനും ഡൺകിർക്കിലെ സേനാവിന്യാസത്തിന്റെ കരുത്തിനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. രണ്ടു ദിവസത്തേക്ക് ഡൺകിർക്ക് ആക്രമിക്കുന്നത് നിർത്തിവയ്ക്കാൻ അയാൾ സേനയ്ക്ക് നിർദേശം നൽകി.
അപ്പോൾ ഡൺകിർക്കിനു വെറും കിലോമീറ്ററുകൾ അകലെയായിരുന്നു ജർമൻ സേന. ഹിറ്റ്ലർ നൽകിയ ഈ ഇടവേള സഖ്യശക്തികൾക്ക് നാവിക രക്ഷാ ദൗത്യത്തിനു തയാറെടുക്കാൻ സമയം നൽകി.
മേയ് 26നു വൈകുന്നേരത്തോടെ ഡൺകിർക്കിൽ നിന്നുള്ള രക്ഷാദൗത്യം ബ്രിട്ടൻ ആരംഭിച്ചു. ജർമനിയുടെ കുപ്രസിദ്ധ വ്യോമസേനയായ ലുഫ്റ്റ്‌വാഫിന്റെ ഇടതടവില്ലാത്ത ആക്രമണങ്ങൾ അതിജീവിച്ചുകൊണ്ടാണ് ആദ്യഘട്ടം തുടങ്ങിയത്. ജർമൻ യുദ്ധവിമാനങ്ങൾ ഹാർബറിലെത്തുന്നത് തടയാൻ ബ്രിട്ടിഷ് വ്യോമസേനാവിഭാഗങ്ങൾ കിണഞ്ഞു പരിശ്രമിച്ചു.മേയ് 27നു 7500 പേരെ ഡൺകിർക്കിൽ നിന്നു രക്ഷപ്പെടുത്താൻ മാത്രമേ ഓപ്പറേഷൻ ഡൈനമോയ്ക്ക് സാധിച്ചുള്ളൂ. തൊട്ടടുത്ത ദിവസം 10000 പേർ കൂടി രക്ഷപ്പെട്ടു.
തീരെ ആഴംകുറഞ്ഞ കടൽത്തിട്ടയായതിനാൽ ബ്രിട്ടന്റെ വലിയ കപ്പലുകൾക്ക് ഡൺകിർക്കിലേക്ക് എത്താൻ സാധ്യമായിരുന്നില്ല. വലിയ കപ്പലുകൾ ഉൾക്കടലിൽ നങ്കൂരമിട്ടു കിടന്നു. ചെറിയ ബോട്ടുകളിലും മത്സ്യബന്ധന നൗകകളിലുമൊക്കെയായി സൈനികർ ഡൺകിർക്കിൽ നിന്ന് ഇവയിലേക്കു ചെന്നുകയറി.ഇവരുമായി കപ്പലുകൾ തിരിച്ച് ബ്രിട്ടിഷ് തീരത്തേക്കു യാത്ര തിരിച്ചു. ഏതുനിമിഷവും തങ്ങളുടെ തലയ്ക്കു മേൽ അഗ്നിവർഷവുമായി കഴുകൻമാരെപ്പോലെ എത്താവുന്ന ജർമൻ യുദ്ധവിമാനങ്ങളെ പേടിച്ചായിരുന്നു ഈ പ്രയാണം. ഇത്തരത്തിലൊരു ബോട്ടാണു ചാലഞ്ച്.
കൂടിപ്പോയാൽ അരലക്ഷം സൈനികരെ മാത്രം രക്ഷിക്കാൻ കഴിയും എന്നായിരുന്നു ചർച്ചിൽ കണക്കുകൂട്ടിയത്. എന്നാൽ ഭാഗ്യം ബ്രിട്ടനൊപ്പം നിന്നു. മേയ് 30ഓടെ രണ്ടു ലക്ഷം ബ്രിട്ടിഷ്, ഒന്നരലക്ഷം ഫ്രഞ്ച് സൈനികർ ഉൾപ്പെടെ മൂന്നരലക്ഷം പേരെ ഡൺകിർക്കിൽ നിന്നു രക്ഷിച്ചു.
90000 സഖ്യശക്തി സേനാംഗങ്ങൾ ജർമനിയെ എതിരിടാനായി മേഖലയിൽ അവശേഷിച്ചു. ഇരമ്പിയാർത്തു വന്ന ജർമൻ സൈന്യം ഇവരുമായി യുദ്ധം തുടങ്ങി.
ഡൺകിർക്കിലെ രക്ഷാദൗത്യം വൻവിജയമായത് ബ്രിട്ടിഷ് ജനതയ്ക്ക് വലിയ ആത്മവിശ്വാസമാണു നൽകിയത്. എന്നാൽ ഡൺകിർക്ക് രക്ഷാദൗത്യം ജർമൻ സേനയ്ക്ക് ഫ്രാൻസിലെ കാര്യങ്ങൾ എളുപ്പമാക്കി. പറയത്തക്ക പ്രതിരോധമില്ലാത്തതിനാൽ അവർക്കു മുന്നിൽ ഫ്രാൻസ് ജൂൺ 14നു കീഴടങ്ങി. പിന്നീട് നാലുവർഷത്തോളം ഫ്രാൻസ് ജർമനിയുടെ അധീനതയിലായിരുന്നു.