5ജിയും എ14 ബയോണിക് പ്രോസസറും! ഐഫോൺ 12ലെ 5 പ്രധാന മാറ്റങ്ങള്‍ ഇവയാണ്...
Mail This Article
വെര്‍ച്വല്‍ അവതരണത്തിലൂടെ പുറത്തിറക്കിയ ഈ വര്‍ഷത്തെ ഐഫോണുകളിലെ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഫീച്ചര്‍ 5ജി തന്നെയാണ്. അതിവേഗ 5ജി സാങ്കേതികവിദ്യയായ മില്ലിമീറ്റര്‍ വേവ് പോലും ആപ്പിള്‍ നല്കുന്നു. പുറത്തിറക്കിയ നാലു മോഡലുകളിലും ഹാര്ഡ്വെയര് കരുത്തടക്കം പുതുമകള്‍ കാണാം. അടുത്ത കാലത്തിറങ്ങിയ ഐഫോണുകളില്‍ കാണാവുന്നതിനേക്കാള്‍ പുതുമകള്‍ ഈ മോഡലുകളിലുണ്ട്. ഇവയില്‍ രണ്ടു മോഡലുകളാണ് ആദ്യം വില്‍പ്പനയ്ക്ക് എത്തുക–ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12. എല്ലാ പുതിയ മോഡലുകളെയും പുതിയ ഡിസൈന്‍ ഭാഷയിലൂടെയാണ് ആപ്പിള്‍ മെനഞ്ഞെടുത്തിരിക്കുന്നത്. ആപ്പിള്‍ പ്രേമികള്‍ ഇത് അവരുടെ ഐപാഡ് പ്രോ മോഡലുകളില്‍ നേരത്തെ കണ്ടിട്ടുണ്ട്. കൂടുതല്‍ ഫ്ളാറ്റായ വശങ്ങള് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഫോണുകളെക്കാള്‍ പുതിയ സ്പര്‍ശനാനുഭവം സമ്മാനിക്കുന്നു. മുന്‍ വര്‍ഷങ്ങളിലെ മോഡലുകളേക്കാള്‍ കനം കുറഞ്ഞ നിര്മിതിയാണിവയ്ക്ക്.
∙ സെറാമിക് ഷീല്‍ഡ്
കോര്‍ണിങ് ഗൊറിലാ ഗ്ലാസിന്റെ ഏറ്റവും പുതിയതും ശക്തവുമായ വേര്‍ഷനാണ് സെറാമിക് ഷീല്‍ഡ്. ഏതു സ്മാര്‍ട് ഫോണിലും ഉള്ളതിനെക്കാള്‍ ശക്തമാണിതെന്നാണ് ആപ്പിളിന്റെ അവകാശവാദം. (ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ പേടിക്കേണ്ട. ഇത് കോര്ണിങ്ങില് നിന്ന് ആപ്പിള്‍ വാങ്ങിയതാണ്. അതു കൊണ്ട് താമസിയാതെ ആന്‍ഡ്രോയിഡിലും ലഭ്യമാകും.) സെറാമിക് ഷീല്‍ഡ് ഉള്ള ഫോണുകള്‍ താഴെ വീണാല്‍ തകരാനുള്ള സാധ്യത താരതമ്യേന കുറവാണ്.
∙ എ14 ബയോണിക് പ്രോസസര്‍
പുതിയ ഐപാഡ് എയറില്‍ കണ്ട കരുത്തന് എ14 ബയോണിക് ചിപ്പാണ് ഈ വര്‍ഷത്തെ നാലു ഐഫോണുകളുടെയും കേന്ദ്രസ്ഥാനത്ത് ഇരിക്കുന്നത്.
∙ 5ജി ടെക്നോളജി
ആപ്പിള്‍ തങ്ങളുടെ ഈ വര്‍ഷത്തെ ഐഫോണ്‍ അവതരണത്തിനു നല്കിയ പേര് ഹായ് സ്പീഡ് എന്നായിരുന്നു. ഐഫോണുകളില്‍ ആദ്യമായി 5ജി സാങ്കേതികവിദ്യ ഉള്‍ക്കൊള്ളിക്കുന്നു എന്നതിന്റെ സൂചനയായിരുന്നു അതെന്നാണ് വ്യഖ്യാനം. നിലവിലുള്ള 4ജി സാങ്കേതികവിദ്യയേക്കാള്‍ 10 മുതല്‍ 100 മടങ്ങു വരെ ഡൗണ്‍ലോഡ് സ്പീഡ് വര്‍ധന പ്രതീക്ഷിക്കാം. എന്നാല്‍, ഇത് 5ജി സേവനദാതാവിന്റെ ശേഷിയെ ആശ്രയിച്ചായിരിക്കും. നിലവില്‍ 2ജി നെറ്റ് വര്‍ക്കില്‍ 4ജി ഫോണ്‍ ഉപയോഗിക്കുന്നതു പോലെയുള്ള അവസ്ഥയാണ് ഇന്ത്യയില്‍ 5ജിയുടെ കാര്യത്തില്‍. എന്നാല്‍ അടുത്ത വര്‍ഷം സ്ഥിതി മാറിയേക്കും. നഗരങ്ങളലെങ്കിലും 5ജി എത്തിയേക്കും. അപ്പോഴും ടെലികോം കമ്പനികള്‍ ഏതു സാങ്കേതികവിദ്യയാണ് ഉപയോഗിക്കുക എന്നതിനെ ആശ്രയിച്ചായിരിക്കും ഡൗണ്‍ലോഡ് സ്പീഡ് നിര്‍ണയിക്കപ്പെടുക. തത്സമയ ഗെയിമിങ്, വിഡിയോ സ്ട്രീമിങ്, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങി ഒരു പിടി സാങ്കേതികവിദ്യകളെ 5ജി വിളിച്ചുണര്‍ത്തുമെന്നാണ് കരുതുന്നത്. മനുഷ്യ ജീവിതത്തെ വന്‍തോതില്‍ മാറ്റിമറിക്കുമെന്നാണ് കരുതപ്പെടുന്നത്.
∙ 4ജിക്കും 5ജിക്കുമിടയില്‍ ഐഫോണ്‍
4ജിയും 5ജിയും ലഭ്യമായ ഇടങ്ങളില്‍ ഐഫോണുകള്‍ യഥേഷ്ടം നെറ്റ്വര്‍ക്കുകളെ തിരഞ്ഞെടുക്കും. ബാറ്ററിയുടെ ഉപയോഗം കുറയ്ക്കുക എന്നതായിരിക്കും ഉദ്ദേശം. ഉദാഹരണത്തിന് ഹൈ-ഡെഫനിഷന്‍ വിഡിയോ സ്ട്രീം ചെയ്യുന്ന സമയത്ത് 5ജി ടവറില്‍ നിന്ന് സിഗ്നല്‍ സ്വീകരിക്കും. അല്ലാത്ത സമയത്ത് 4ജിയില്‍ കണക്ടു ചെയ്തു കിടക്കും. ഇതിനു കാരണം 5ജി പ്രോസസര്‍ ടെക്നോളജി പുതിയതാണ് എന്നതാണ്. നിലവിലുള്ള 5ജി പ്രോസസറുകള്‍ കണ്ടമാനം ബാറ്ററി ഉപയോഗിക്കുന്നു. നേരത്തെ ഇറങ്ങിയ പല 5ജി ഫോണുകളും അമിതമായി ചൂടാകുന്നതും കണ്ടുവരുന്നു. 4ജിക്കും 5ജിക്കുമിടയില്‍ ചാടിക്കളിക്കുക വഴി ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാനായേക്കുമെന്നു കരുതുന്നു.
ഐഫോണ്‍ 12ന് അലൂമിനം ഫ്രെയിമാണ് നല്‍കിയിരിക്കുന്നത്. ഇവയ്ക്ക് ചുറ്റും 5ജി ആന്റിനകള്‍ പിടിപ്പിച്ചിരിക്കുന്നു. ഐഫോണ്‍ 12 മിനിയുടെ നിര്‍മാണ സവിശേഷതകള്‍ ഐഫോണ്‍ 12നോടു സമാനതകളുള്ളതാണ്. സ്ക്രീന്‍ സൈസില്‍ മാത്രമാണ് വ്യത്യാസം.
ഈ വര്‍ഷത്തെ എല്ലാ മോഡലുകള്‍ക്കും സൂപ്പര്‍ റെറ്റിനാ എക്ഡിആര്‍ ഓലെഡ് ഡോള്‍ബി വിഷന്‍ ഡിസ്പ്ലെയും, എച്ഡിആര്‍ 10 സപ്പോര്‍ട്ടുമുണ്ട്. കമ്പനിയുടെ പുതിയ 5എന്‍എം എ14 ബയോണിക് പ്രോസസറാണ് എല്ലാ മോഡലുകല്ക്കും ശക്തി പകരുന്നത്.
∙ വില
ഐഫോണ്‍ 12 തുടക്ക മോഡലിന്റെ വില 79,900 രൂപയായിരിക്കും. 12 മിനി മോഡല്‍ 69,900 രൂപയ്ക്ക് തുടക്ക മോഡല്‍ വാങ്ങാം. ഐഫോണ്‍ 12 പ്രോയുടെ തുടക്ക വില 1,19,900 രൂപയാണ്. പ്രോ മാക്സ് ആണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തുടക്ക വേരിയന്റിന് 1,29,900 രൂപ നല്‍കണം.
English Summary: Some main changes in iPhone technology