കൊറിയയിലെ കൊറോണ കാഴ്ചകൾ, തെര്‍മ്മല്‍ കണ്ണടവച്ച് പൊലീസ്, മുന്നറിയിപ്പുമായി ഡ്രോണുകൾ...

Mail This Article
മുൻപൊന്നും സാധ്യമല്ലാതിരുന്ന രീതിയില്‍ പകര്‍ച്ചവ്യാധിക്കെതിരെയുള്ള പടനീക്കത്തിന്റെ ഭാഗമാകുകയാണ് ടെക്‌നോളജി. കൊറോണാവൈറസ് പടരുന്ന ദക്ഷിണ കൊറിയയിലെ ചില പ്രദേശങ്ങളില്‍ പറക്കുന്ന ഡ്രോണുകള്‍ അണുനശീകരണ ദ്രാവകം തളിക്കുകയാണ്. അവിടെ പൊലീസുകാര്‍ അണിയുന്ന തെര്‍മ്മല്‍ കണ്ണടകള്‍ ഉപയോഗിച്ചു നോക്കുമ്പോള്‍ ഒരാളുടെ പനി അളക്കാനുകമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വൈറസ് ഏറ്റവുമധികം പടര്‍ന്ന രാജ്യങ്ങളിലൊന്ന് ദക്ഷിണ കൊറിയായാണ്. അവരിറക്കിയിരിക്കുന്ന ഒരു ആപ് ആണ് സ്വയം ക്വാറന്റീന്‍ സുരക്ഷാ ആപ് ('Self-Quarantine Safety Protection') ഏകദേശം 30,000 പേരെയാണ് ട്രാക്കു ചെയ്യുന്നത്. ഇവരോടെല്ലാം രണ്ടാഴ്ച വീട്ടില്‍ തന്നെ ഇരിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് അധികാരികള്‍. ഇത്തരക്കാരിലാരെങ്കിലും തന്റെ ഫോണും എടുത്ത് അനുവദിച്ചിരിക്കുന്ന മേഖല വിട്ടാല്‍ പൊലീസിന് അലേര്‍ട്ട് ലഭിക്കും.
മൂളിപ്പറക്കുന്ന ഡ്രോണുകള്‍
ദക്ഷിണ കൊറിയയിലും ഉപയോഗിക്കുന്നത് ചൈന നിര്‍മ്മിച്ച ഡ്രോണുകളാണ് എന്നാണ് മനസ്സിലാക്കുന്നത്. ഷെന്‍സന്‍ മൈക്രോമള്‍ട്ടികോപ്റ്ററാണ് (എംഎംസി) ഇരു രാജ്യങ്ങളിലും ഉപയോഗിക്കുന്നതെന്നാണ് കേള്‍ക്കുന്നത്. ഈ കമ്പനി തങ്ങളുടെ കോപ്റ്ററുകളും 200 പേരെയും ചൈനാ സർക്കാരിനുവിട്ടു നല്‍കിയിരുന്നു. വിവിധ സ്റ്റേഷനുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍ മുതല്‍ പൊതു സ്ഥലങ്ങളിലെല്ലാം അണുമുക്തമാക്കുന്ന ലായനികള്‍ തളിക്കാനും മറ്റു മുന്നറിയിപ്പുകൾ നൽകാനുമാണ് ഈ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. ആളുകള്‍ നേരിട്ട് അണുമുക്തമാക്കാന്‍ ഇറങ്ങുന്നതിനു പകരം ഡ്രോണുകള്‍ ഉപയോഗിച്ചാല്‍ രോഗം പകരുന്നത് കുറയ്ക്കാം.
എന്നാല്‍, ഇങ്ങനെ ഡിസ്ഇന്‍ഫെക്റ്റന്റ് തളിക്കുന്നത് കൊറോണാവൈറസിനെതിരെ എത്ര ഫലപ്രദമാണെന്നും മറ്റും ഇപ്പോഴും അറിയില്ലെന്നു വാദിക്കുന്നവരുണ്ട്. കര്‍ഷകര്‍ തങ്ങളുടെ സ്വന്തം ഡ്രോണ്‍ ഉപയോഗിച്ച് ചിലയിടങ്ങള്‍ ക്ലീന്‍ ചെയ്യുന്നു. പട്ടാളത്തിന്റെ ഡ്രോണ്‍ ചില പൊതുസ്ഥലങ്ങല്‍ ക്ലീന്‍ ചെയ്യാനുപയോഗിക്കുന്നുവെന്നും പറയുന്നു. തളിക്കുന്ന ഡിസ്ഇന്‍ഫെക്റ്റന്റുകള്‍ മനുഷ്യന് ഉപദ്രവകാരികളല്ല.
ഡ്രോണിനു പറ്റിയില്ലെങ്കില്‍ റോബോട്ടുകള്‍
ചൈനയില്‍ ഡ്രോണുകളെ കൂടാതെ റോബോട്ടുകളെ ഉപയോഗിച്ചും ലായനികള്‍ തളിച്ചതായി പറയുന്നു. ഇതിനായി എക്‌സ്എജി കമ്പനിയുടെ കാര്‍ഷികാവശ്യത്തിനു ഉപയോഗിക്കുന്ന ഡ്രോണുകളും റോബോട്ടുകളും രംഗത്തിറങ്ങിയെന്നും പറയുന്നു. ഇവയ്ക്ക് കൂടുതല്‍ സ്ഥലത്ത് മരുന്നു തളിക്കാനാകും. പകര്‍ച്ചവ്യാധി പകരുമെന്ന പേടിയും വേണ്ട. ഒരു പ്രത്യേക ഭാഗം മാത്രം ഡിസ്ഇന്‍ഫെക്ട് ചെയ്താല്‍ മതിയെങ്കില്‍ അതും സാധിക്കും. ദിവസം ഒരു ഡ്രോണിന് 600,000- 700,000 ചതുരശ്ര മീറ്റര്‍ മരുന്നു തളിക്കാം. സാധാരണഗതിയില്‍ ഇതിന് 100 പേരെങ്കിലും വേണ്ടിവരുമെന്നാണ് അധികാരികള്‍ പറയുന്നത്. വളരെ കൃത്യമായി മരുന്നു തളിക്കാമെന്നതിനാല്‍ വേണ്ട മരുന്നിന്റെ അളവും അഞ്ചിലൊന്നു മതി.
എന്നാല്‍, കൂടുതല്‍ സങ്കീര്‍ണ്ണമായ ഇടങ്ങളില്‍ ഡ്രോണുകളെക്കാള്‍ ഉചിതം റോബോട്ടുകളാണ്. എക്‌സഎജിയുടെ ആര്‍80 യന്ത്രങ്ങള്‍, 360 ഡിഗ്രി ഇന്റലിജന്റ് സ്‌പ്രെയിങ്ങാണ് നടത്തുന്നത്. തീരെ ഇടുങ്ങിയ സ്ഥലങ്ങളിലും കടന്നു ചെന്ന് ജെറ്റ്‌സ്‌പ്രേയര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ കാര്യം നിര്‍വ്വഹിക്കുന്നു. ആശുപത്രികള്‍, വ്യവാസായ മേഖലകള്‍, സ്‌കൂളുകള്‍ പൊലീസ് വാഹനങ്ങള്‍ തുടങ്ങി പലയിടങ്ങളെയും ഇങ്ങനെ യന്ത്രങ്ങള്‍ അണുമുക്തമാക്കുകയാണ്. ഇതിലൂടെ വൈറസ് മുക്ത ഇടങ്ങള്‍ വീണ്ടെടുക്കപ്പെടുന്നു.
തെര്‍മ്മല്‍ കണ്ണടകള്‍ ഉപയോഗിച്ച് പൊലീസുകാര്‍ക്ക് ആളുകളുടെ പനി അറിയാന്‍ സാധിക്കുന്നുവെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പനിക്കാരെ കണ്ടാല്‍ സമൂഹത്തില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഇത്തരം ഹെ-ടെക് ഇടപെടലുകള്‍ എത്രമാത്രം ഗുണകരമായിരുന്നുവെന്ന് വരുന്ന മാസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നു കരുതുന്നു.