ADVERTISEMENT

ഇംഫാൽ രാജ്യാന്തര വിമാനത്താവളത്തിനു സമീപം ആകാശത്ത് അജ്ഞാത വസ്തു കണ്ടത് കഴിഞ്ഞ ദിവസത്തെ വലിയ ശ്രദ്ധേയമായ വാർത്തയായിരുന്നു. റഫാൽ പോർവിമാനങ്ങൾ ഇതിനായി തിരച്ചിൽ നടത്തി. യാത്രാവിമാനങ്ങളുടെ ഷെഡ്യൂളിൽ പോലും മാറ്റങ്ങൾ വന്നു. ഈ വസ്തു എന്താണെന്നതിനെക്കുറിച്ച് പിന്നീട് വലിയ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. വ്യക്തമായ ഒരുത്തരത്തിലേക്ക് ഇതുവരെ എത്തിയിട്ടില്ല.ലഡാക്കിൽ 2013 ഓഗസ്റ്റ് 4ന്  തിരിച്ചറിയാനാകാത്ത പറക്കുന്ന ചില വസ്തുക്കളെ ഇന്ത്യൻ കരസേനാംഗങ്ങൾ കണ്ടിരുന്നു.

അന്യഗ്രഹജീവികളുമായി ബന്ധപ്പെട്ട ചില സംഭവങ്ങളും നിഗൂഢവാദങ്ങളും നമ്മുടെ രാജ്യത്തും  ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തമാണ് 2004ൽ സമുദ്ര താപുവിൽ കണ്ട അജ്ഞാതപേടകം.  ഇതാണ് ഇന്ത്യയിലാദ്യമായി ഫോട്ടോ എടുക്കപ്പെട്ട  യുഎഫ്ഒ  സംഭവം.

 'സാർ, അതാ ഒരു മഞ്ഞുമനുഷ്യൻ വരുന്നു'

ബെംഗലൂരു ഐഐഎസ്സിയിലെ ദിവേച സെന്റർ ഫോർ ക്ലൈമറ്റ് സയൻസിലെ ഡിസ്റ്റിങ്ഗ്യൂഷ്ഡ് വിസിറ്റിങ് സയന്റിസ്റ്റായ പ്രഫ. അനിൽ കുൽക്കർണി മുൻപ് ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായിരുന്നു. ഹിമാലയത്തിലെ ഹിമാനികളെക്കുറിച്ചുള്ള പഠനങ്ങളിൽ നിർണായകമായ സംഭാവനകൾ നൽകിയ പ്രഫ. കുൽക്കർണിയാണു യുഎഫ്ഒ കണ്ടത്. ആ സംഭവം നടക്കുന്നത് ഹിമാചൽ പ്രദേശിലെ സമുദ്ര താപുവിലാണ്. 

സമുദ്രനിരപ്പിൽനിന്ന് 15,000 അടി ഉയരത്തിലുള്ള ചന്ദ്രതാൽ തടാകത്തിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള താഴ്വരയാണു സമുദ്ര താപു. മണാലി- ലേ ഹൈവേയിലെ ബാതാലിൽ നിന്ന് 180 കിലോമീറ്റർ നടന്നാലേ ഇവിടെയെത്താനാകൂ. ഐഎസ്ആർഒയുടെ സ്‌പേസ് ആപ്ലിക്കേഷൻ സെന്റർ നടത്തിയ പര്യവേക്ഷണത്തിന്റെ ഭാഗമായിട്ടാണ് പ്രഫ. കുൽക്കർണിയുടെ നേതൃത്വത്തിലുള്ള 5 അംഗ സംഘം 2004ൽ ഇവിടെയെത്തിയത്.  എന്നാൽ, ഇതിനിടെയാണ് സംഘത്തോടൊപ്പമുണ്ടായിരുന്ന ചുമട്ടുകാരിലൊരാൾ മലമുകളിലേക്കു കൈചൂണ്ടി വിളിച്ചുകൂവിയത്. 'സാർ, അതാ ഒരു മഞ്ഞുമനുഷ്യൻ വരുന്നു'. 

വിചിത്ര രൂപമുള്ള വ്യോമപേടകമായിരുന്നു അത്.  മനുഷ്യശരീരം പോലുള്ള ഘടനയും വെളുത്തനിറവും അതിനുണ്ടായിരുന്നു. ശാസ്ത്രജ്ഞർ നിന്നതിന് 50 മീറ്റർ അകലെ വരെ ഇതു താഴേക്കിറങ്ങി. ശാസ്ത്രജ്ഞർ  ചിത്രങ്ങളെടുത്തു. ഇതിനിടെ സംഘാംഗങ്ങൾ ആർത്തുവിളിച്ചു. അതുകൊണ്ടാകും പേടകം അൽപനേരം അന്തരീക്ഷത്തിൽ നിന്നു, പിന്നെ മുകളിലേക്കുയർന്നു.

Representative image.. Photo .credits: 3000ad/ Shutterstock.com
Representative image.. Photo .credits: 3000ad/ Shutterstock.com

അതോ ചാരപേടകമോ കാലാവസ്ഥ നിരീക്ഷണ സംവിധാനമോ

 5 മിനിറ്റോളം ക്യാംപിനു മുകളിൽ ചുറ്റിക്കറങ്ങിയശേഷം  ആകാശത്തേക്കു മറഞ്ഞു.അന്യഗ്രഹപേടകമായിരുന്നോ? അതോ ചാരപേടകമോ അതോ കാലാവസ്ഥ നിരീക്ഷിക്കാനുള്ള  സംവിധാനമോ? പല ഡ്രോൺ ലാബുകളുമായി ബന്ധപ്പെട്ടെങ്കിലും വിചിത്രമാണ് ഇതിന്റെ രൂപവും പറക്കൽ രീതിയുമെന്ന അഭിപ്രായമാണുയർന്നത്. 

പിൽക്കാലത്ത് ഇതു പാർലമെന്റിലും ചർച്ചയായി. ദൃക്‌സാക്ഷികൾ സമുന്നതരായ ശാസ്ത്രജ്ഞരാണെന്നതു സംഭവത്തിന്റെ ഗൗരവം കൂട്ടി. ഇന്നും, ദുരൂഹതയുടെ മറയിൽ അഴിയാക്കുരുക്കായി തുടരുകയാണ് സമുദ്രതാപുവിലെ മഞ്ഞുമനുഷ്യൻ.

ന്യൂഡൽഹിയിൽ 1951 മാർച്ച് 15ന് സംഭവിച്ചതാണ് സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യയിൽ രേഖപ്പെടുത്തപ്പെട്ട ആദ്യ പ്രധാന യുഎഫ്ഒ സംഭവം. 700 അടിയോളം വലുപ്പമുള്ള ചുരുട്ടിന്റെ ആകൃതിയിലുള്ള ഒരു വസ്തു ഭൂമിയിൽ നിന്ന് 4000 അടി ഉയരത്തിൽ തെക്കോട്ടു പോകുന്നതു ന്യൂഡൽഹി ഫ്‌ലയിങ് ക്ലബ്ബിലെ അംഗങ്ങൾ കണ്ടു. വിമാനത്തെക്കാൾ പതിന്മടങ്ങു വേഗത്തിലായിരുന്നു ഇത്. തുടർന്ന് അപ്രത്യക്ഷമായി.

ദുരൂഹത..

കൊൽക്കത്തയിൽ 2007 ഒക്ടോബർ 29നു മറ്റൊരു സംഭവം നടന്നു. നഗരത്തിലെ ഇ.എം. ബൈപാസിനു മുകളിൽ ആകാശത്ത് വലിയ വേഗത്തിൽ പോകുന്ന ഒരു വസ്തു ആളുകളുടെ ശ്രദ്ധയിൽപെട്ടു. പുലർച്ചെയായിരുന്നുസംഭവം. വസ്തുവിന്റെ ആകൃതി ആദ്യം ഒരു ഗോളത്തിന്റേതു പോലെയായിരുന്നു. പിന്നീട് ത്രികോണാകൃതിയായി. ഒടുവിൽ ഒരു വര പോലെയും. ഇത് ഉൽക്കയോ ശുക്രഗ്രഹമോ ആയിരിക്കാമെന്ന വാദം ചിലർ ഉന്നയിക്കുന്നുണ്ട്. 2013 ജൂൺ 20ന് ചെന്നൈയിലെ മൊഗാപ്പിയറിൽ ഓറഞ്ച് പ്രകാശം പുറപ്പെടുവിച്ചു പോകുന്ന ഒരു വസ്തു രാത്രി ആളുകൾ കണ്ടു. ഇതെന്താണെന്ന് ഇന്നും തിരിച്ചറിയാനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com