പത്തു വർഷം കൊണ്ട് എജ്യുടെക് സ്റ്റാർട്ടപ്പുകളിലെത്തുക 2,25,000 കോടി രൂപ: കിറുബ ശങ്കർ
Mail This Article
അടുത്ത പത്തു വർഷത്തിനുള്ളിൽ വിദ്യാഭ്യാസ സാങ്കേതിക (എജ്യുടെക്) സ്റ്റാർട്ടപ്പുകളിലേക്ക് ഒഴുകിയെത്താൻ പോകുന്നത് 2,25,000 കോടി രൂപയായിരിക്കുമെന്ന് ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിറുബ ശങ്കർ. മനോരമ ഓൺലൈൻ സംഘടിപ്പിച്ച ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ഓൺലൈൻ ഡിജിറ്റൽ ഉച്ചകോടിയിലാണ് കിറുബ ശങ്കറിന്റെ നിരീക്ഷണം.
കഴിഞ്ഞ കോവിഡ് കാലത്ത് കണക്കുകൾ പ്രകാരം 8,411 വിദ്യാഭ്യാസാധിഷ്ഠിത സ്റ്റാർട്ടപ് കമ്പനികളാണ് രംഗത്തെത്തിയത്. 30,000 കോടിയിൽ അധികം രൂപയാണ് ഈ സ്റ്റാർട്ടപ്പുകളിൽ മാത്രം മുടക്കിയിരിക്കുന്നത്. ഇത് ഒരു തുടക്കം മാത്രമാണ്. 705 ദശലക്ഷം ആളുകളാണ് ഓൺലൈൻ വിദ്യാഭ്യാസ രീതി ഇപ്പോൾ ഉപയോഗപ്പെടുത്തുന്നത്. ഈ എണ്ണം ഇനിയും ഉയരുകയല്ലാതെ കുറയുമെന്നു കരുതാനാവില്ല. സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ എത്രത്തോളം ഉണ്ടെന്ന് പലരും ആശങ്കപ്പെടുന്നുണ്ടെങ്കിലും അതെല്ലാം അസ്ഥാനത്താണ്.
മനോരമ ഓൺലൈൻ ടെക്സ്പെക്ടേഷൻസ് നാലാം പതിപ്പാണിത്. ആദ്യ മൂന്ന് ഉച്ചകോടികളിലും സാങ്കേതിക വിദ്യയ്ക്കാണ് ഊന്നൽ നൽകിയതെങ്കിൽ ഇത്തവണ സാങ്കേതിക വിദ്യയിലൂന്നിയ ഒരു വ്യവസ്ഥയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. മഹാമാരി ലോകത്തെ തകർത്തെറിഞ്ഞ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കോവിഡ് കാലം ഏറ്റവും കൂടുതൽ ബാധിച്ച മേഖലകളിൽ ഒന്നാണ് പരമ്പരാഗത വിദ്യാഭ്യാസം. ഈ കാലത്ത് 15 ലക്ഷം സ്കൂളുകളും കോളജുകളും അടച്ചിടേണ്ടി വന്നു. കോടിക്കണക്കിനു വിദ്യാർഥികൾക്കു വീട്ടിലിരിക്കേണ്ടി വന്നെങ്കിലും അവരുടെ പഠനം തുടരുക തന്നെ ചെയ്തു. ഈ കാലത്തുതന്നെ പരമ്പരാഗത വിദ്യാഭ്യാസത്തിന്റെ അഭാവത്തിലുള്ള എല്ലാ സാധ്യതകളും മുതലെടുത്ത് ഓൺലൈൻ വിദ്യാഭ്യാസം ഒരു കുതിച്ചുചാട്ടമാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
English Summary: Techspectations Educate 2021 - Kiruba Shankar - CEO Business Blogging Pvt Ltd