വെര്‍ച്വലായി കോവിഡ് വാര്‍ഡ് സന്ദര്‍ശിച്ചെന്ന് നാദെല്ല, മെറ്റാവേഴ്സുമായി മൈക്രോസോഫ്റ്റും!
Mail This Article
മെറ്റാവേഴ്‌സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി താന്‍ വെര്‍ച്വലായി ബ്രിട്ടനിലെ കോവിഡ്-19 വാര്‍ഡ്, ടൊയോട്ടയുടെ നിര്‍മാണശാല, എന്തിന് രാജ്യാന്തര ബഹിരാകാശ നിലയം പോലും സന്ദര്‍ശിച്ചുവെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല വെളിപ്പെടുത്തി. ഇതെല്ലാം ശാസ്ത്ര ഫിക്ഷനില്‍ മാത്രമല്ലെ സംഭവിക്കുക എന്ന ചോദ്യം ഇതോടെ ചരിത്രമാകുകയാണ്. ഇനി ഇതെല്ലാം അധികം വൈകാതെ സാധാരണക്കാര്‍ക്കും ലഭിക്കുമെന്നാണ് കരുതുന്നത്.
മെറ്റാവേഴ്‌സ് എന്ന സങ്കല്‍പം ഫെയ്‌സ്ബുക്കിനു സ്വന്തമാണ് എന്നു കരുതിയെങ്കില്‍ തെറ്റി, കൂടുതല്‍ കമ്പനികള്‍ ഈ ദിശയില്‍ നീങ്ങാന്‍ ഒരുങ്ങുകയാണ്. ലോകത്തെ ഇപ്പോഴത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ മൈക്രോസോഫ്റ്റും സ്വന്തം മെറ്റാവേഴ്‌സ് അവതരിപ്പിക്കാന്‍ തയാറെടുക്കുകയാണ്. ഫെയ്‌സ്ബുക്കിന്റേതു പോലെ കളിതമാശകള്‍ മാത്രമല്ല മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സില്‍ ഉള്ളത് - പവര്‍പോയിന്റും എക്‌സലും എല്ലാം പ്രവര്‍ത്തിപ്പിക്കാം. അവരുടെ മെറ്റാവേഴ്‌സ് കമ്പനികള്‍ക്കും മറ്റും കൂടുതല്‍ അനുയോജ്യമായേക്കാമെന്നും കരുതുന്നു. ഉപയോക്താക്കള്‍ക്ക് വെര്‍ച്വല്‍ ലോകത്ത് ഓഫിസ് ഫയലുകള്‍ ഷെയർ ചെയ്യാന്‍ സാധിക്കുന്ന ഒന്നായിരിക്കും മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സ് എന്നാണ് കരുതുന്നത്.
∙ ആദ്യമെത്തുന്നത് ടീംസില്‍
മെറ്റാവേഴ്‌സിന്റെ തുടക്കമെന്ന നിലയില്‍ മൈക്രോസോഫ്റ്റ് ടീംസ് ചാറ്റില്‍ ഡിജിറ്റല്‍ അവതാറുകളെ അവതരിപ്പിക്കുകയാണ് ആദ്യം ചെയ്യുക. ഇത് 2022 ആദ്യ പകുതിയില്‍ തന്നെ ലഭ്യമാകുമെന്നാണ് കമ്പനി പറയുന്നത്. മഹാമാരി വെര്‍ച്വല്‍ ലോകത്തിന്റെ കടന്നുവരവ് കൂടുതല്‍ മുഖ്യധാരയിലേക്ക് എത്തിച്ചു, ഇത് സയന്‍സ് ഫിക്ഷന്‍ പോലെ തോന്നിപ്പിക്കുന്നു എന്നും നദെല്ല ബ്ലൂംബര്‍ഗ് ടെലിവിഷനോടു പറഞ്ഞു. ഒരു കമ്പനിയിലെ ജീവനക്കാര്‍ക്ക് വെര്‍ച്വലായി കൂടുതല്‍ മികവാർന്ന രീതിയില്‍ ഒന്നിക്കാനുളള ഇടം ഒരുക്കുക എന്ന ദൗത്യമാണ് ടീംസ് ആദ്യം നിറവേറ്റുക. ഇതിനായി മൈക്രോസോഫ്റ്റ് ഈ വര്‍ഷം ആദ്യം അവതരിപ്പിച്ച മെഷ് എന്ന സാങ്കേതികവിദ്യ ആയിരിക്കും പ്രയോജനപ്പെടുത്തുക. മെഷിന് ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി അനുഭവങ്ങള്‍, പലതരം കണ്ണടകളും ഹെഡ്‌സെറ്റുകളും വഴി നല്‍കാന്‍ സാധിക്കും. ഇത്തരം ഏറ്റവും വിലകൂടിയ ഉപകരണങ്ങളിലൊന്നാണ് കമ്പനിയുടെ സ്വന്തം ഹോളോലെന്‍സ്. എന്നാല്‍, ഇത്തരം ഉപകരണങ്ങള്‍ ഇല്ലാത്തവര്‍ക്കും മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സിലേക്കു കടക്കാം. എന്നാൽ, അവരുടെ കാഴ്ചകൾക്ക് ത്രിമാനത ലഭിക്കില്ല, അവ ദ്വിമാനമായിരിക്കും.
ഭാവിയില്‍ ഉപയോക്താക്കള്‍ക്ക് ജീവിക്കാനും, സഹകരിച്ചു ജോലിചെയ്യാനും, വിനോദങ്ങളിലേര്‍പ്പെടാനുമുള്ള ഒരു സാങ്കല്‍പ്പിക ലോകമാണ് ഫെയ്‌സ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് നല്‍കുമെന്നു പറയുന്നത്. അത്തരം ഒരു ലോകം തങ്ങളെ സംബന്ധിച്ച് വളരെ അകലെയാണെന്നു സമ്മതിക്കാനും മൈക്രോസോഫ്റ്റിന് മടിയില്ല. അതേസമയം, കമ്പനികള്‍ക്ക് പ്രയോജനപ്രദമായ പല കാര്യങ്ങളും തങ്ങളുടെ മെറ്റാവേഴ്‌സില്‍ താമസിയാതെ എത്തുമെന്ന് നദെല്ല പറയുന്നു. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അക്‌സഞ്ച്വര്‍ (Accenture) കമ്പനി അവരുടെ ആസ്ഥാനത്തിന്റെ ഒരു ഡിജിറ്റല്‍ പകർപ്പ് സൃഷ്ടിക്കുകയും പുതിയ ജോലിക്കാര്‍ക്ക് കമ്പനിയുടെ രീതികള്‍ പരിചയപ്പെടുത്തി നല്‍കിയെന്നും പറയുന്നു. ഇത്തരത്തിലുള്ള നൂറിലേറെ വെര്‍ച്വല്‍ മീറ്റിങ്ങുകളാണ് അക്‌സഞ്ച്വര്‍ സംഘടിപ്പിച്ചതെന്നും, 10,000 ലേറെ ജോലിക്കാര്‍ക്ക് ഇത് പ്രയോജനപ്പെട്ടു എന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് ജാറെഡ് സപാര്‍ട്ടോ അറിയിച്ചു.
നിരവധി സാധ്യതകളാണ് ഇതിനുളളത്. ഇതുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും വെര്‍ച്വലായി എത്തി സാധനങ്ങള്‍ പരിശോധിക്കാൻ സാധിക്കും. ഇന്ന് ഒരു വെബ്‌സൈറ്റ് എന്നു പറഞ്ഞാല്‍ അത് യഥാര്‍ഥ ലോകവുമായി ബന്ധമില്ലാത്ത ഒന്നാണ്. ഇതിനൊക്കെ ഒരു മാറ്റംവരുത്താനായിരിക്കും കമ്പനി ശ്രമിക്കുക എന്ന് ജാറെഡ് പറയുന്നു.
മൈക്രോസോഫ്റ്റ് കഴിഞ്ഞ ദിവസം പരിചയപ്പെടുത്തിയ മറ്റൊരു ഉല്‍പന്നമാണ് 'ഡൈനാമിക്‌സ് 365 കണക്ടഡ് സ്‌പേസസ്'. ഇതുവഴി ഫാക്ടറികള്‍ക്കും റീട്ടെയില്‍ കടകള്‍ക്കും മറ്റും അകത്ത് ആളുകള്‍ക്ക് വെര്‍ച്വലായി നീങ്ങാന്‍ സാധിക്കും. കൂടാതെ, എക്‌സ്‌ബോക്‌സ് ഗെയിമിങ് പ്ലാറ്റഫോമും പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി അടുത്ത തലത്തിലേക്ക് കടക്കാനുള്ള സാധ്യതയും നദെല്ല അറിയിച്ചു. ഹെയ്‌ലോ, ഫ്‌ളൈറ്റ് സിം തുടങ്ങിയവ ഇപ്പോള്‍ത്തന്നെ മെറ്റാവേഴ്‌സിനു സമാനമായ അനുഭവമാണ് നല്‍കുന്നതെന്നും നദെല്ല അവകാശപ്പെട്ടു. ഒരു തരത്തില്‍ പറഞ്ഞാല്‍ അവ ഇപ്പോള്‍ ദ്വിമാനതയുള്ളവയാണ്. അവയ്ക്ക് ത്രിമാനത പകരാനാകുമോ എന്നതാണ് ചോദ്യം. അതിനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്കിന്റെ ഒക്യുലസ് ഹെഡ്‌സെറ്റ് ഉപയോഗിച്ചും മൈക്രോസോഫ്റ്റിന്റെ മെറ്റാവേഴ്‌സില്‍ എത്താം. എന്നാല്‍, ഇത്തരം കമ്പനികള്‍ ഇക്കാര്യത്തിലൊക്കെ എങ്ങനെ സഹകരിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു എന്നു പറയുന്നു. നദെല്ലയ്ക്കും സക്കര്‍ബര്‍ഗിനും തമ്മില്‍ വെര്‍ച്വലായി കണ്ടുമുട്ടണമെങ്കില്‍ മൈക്രോസോഫ്റ്റ് ടീംസില്‍ സന്ധിക്കേണ്ടി വരുമോ, അതോ മെറ്റായുടെ ഹൊറൈസണില്‍ പ്രവേശിക്കണമോ? അതോ ഇരു പ്ലാറ്റ്‌ഫോമുകളിലും ഉള്ളവര്‍ക്ക് പരസ്പരം കാണാനാകുമോ തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു.
അതേസമയം, രോഗികളുടെ വാര്‍ഡില്‍ അവരറിയാതെ പ്രവേശിക്കുന്നത് എത്രമേല്‍ ആശാസ്യമാണെന്ന ചോദ്യത്തിന് അത്തരം വാര്‍ഡില്‍ ഒരു ഡോക്ടര്‍ വെര്‍ച്വലായി സന്ദര്‍ശിക്കുന്നതും, നിര്‍മാണ ശാലയില്‍ വീട്ടിലിരുന്നു ജോലിചെയ്യുന്ന ഒരു എൻജിനീയര്‍ വെര്‍ച്വലായി എത്തുന്നതും ഗുണകരമല്ലെ എന്നാണ് നദെല്ല ചോദിക്കുന്നത്.
∙ മൈക്രോസോഫ്റ്റ് എജ് ബ്രൗസര്‍ ലിനക്‌സിലും
മൈക്രോസോഫ്റ്റിന്റെ പുതിയ ബ്രൗസറായ എജ് ഇനി ലിനക്‌സ് ഒഎസിലും ഡൗണ്‍ലോഡ് ചെയ്ത് പ്രവര്‍ത്തിപ്പിക്കാം.
∙ ജിയോഫോണ്‍ നെക്‌സ്റ്റ് തവണ വ്യവസ്ഥയില്‍ വാങ്ങുന്നവര്‍ക്ക് കുരുക്ക്?
റിലയന്‍സ് ജിയോ അവതരിപ്പിച്ച ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട് ഫോണുകളിലൊന്നായ ജിയോഫോണ്‍ നെക്‌സ്റ്റ് തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുക: മാസവരി മുടങ്ങിയാല്‍ ഫോണിന്റെ പ്രവര്‍ത്തനം ജിയോ പരിമിതപ്പെടുത്തുമെന്നാണ് ഗിസ്‌ബോട്ട് റിപ്പോര്‍ട്ടു ചെയ്യുന്നത്. ഫോണിന് ഡിവൈസ് ലോക്ക് ഉണ്ട്. ഇത് ഫോണിന്റെ സോഫ്റ്റ്‌വെയറിന്റെ ഭാഗമാണ്. ഇതു കൂടാതെ, ഫോണിന്റെ അഡ്മിന്‍ കമ്പനി ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ നിന്നു ലഭിക്കുന്ന സൂചന.
അഡ്മിന് ഫോണിലുള്ള ആപ്പുകളുടെ ലിസ്റ്റ് കാണാനാകും. ഏതെല്ലാം ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാമെന്നതും, ലൊക്കേഷന്‍ പെര്‍മിഷന്‍, മൈക്രോഫോണ്‍ പെര്‍മിഷന്‍ ക്യാമറാ പെര്‍മിഷന്‍ തുടങ്ങിയവയും അഡ്മിന്റെ അധികാര പരിധിയിലായിരിക്കാം വരുന്നത്. തവണ വ്യസ്ഥയില്‍ ജിയോഫോണ്‍ നെക്‌സ്റ്റ് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൃത്യ സമയത്ത് മാസവരി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അല്ലെങ്കില്‍ പല ആപ്പുകളും പ്രവര്‍ത്തിക്കാതെ വന്നേക്കാമെന്നും ഗിസ്‌ബോട്ടിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
∙ മലയാളം അടക്കം അഞ്ച് ഇന്ത്യന്‍ ഭാഷകള്‍ ഇനി ക്ലബ് ഹൗസ് സപ്പോര്‍ട്ടു ചെയ്യും
ഹിന്ദി, മലയാളം, കന്നട, തമിഴ്, തെലുങ്ക് എന്നീ ഭാഷകള്‍ ഇനി ക്ലബ്ഹൗസ് ഓഡിയോ ആപ്പ് സപ്പോര്‍ട്ടു ചെയ്യുമെന്ന് കമ്പനി അറിയിക്കുന്നു. ആന്‍ഡ്രോയിഡിലും ഐഒഎസിലുമുള്ള പുതിയ അപ്‌ഡേറ്റില്‍ ഇത് ലഭ്യമാണ്. 13 ഭാഷകള്‍ക്കാണ് പുതിയതായി സപ്പോര്‍ട്ട് നല്‍കുന്നത്. ഇതില്‍ അഞ്ചെണ്ണം ഇന്ത്യയിൽ നിന്നാണ്.
∙ ഗൂഗിള്‍ പിക്‌സല്‍ 6 പ്രോ ഫോണുകളുടെ സ്‌ക്രീനുകള്‍ മിന്നിത്തെളിയുന്നു
ഗൂഗിള്‍ അടുത്തിടെ പുറത്തിറക്കിയ പിക്‌സല്‍ 6 പ്രോ സ്മാര്‍ട് ഫോണ്‍ വാങ്ങിയ പലര്‍ക്കും സ്‌ക്രീനുകളില്‍ ഫ്‌ളിക്കര്‍ അവസ്ഥ നേരിടേണ്ടി വരുന്നതായി റിപ്പോര്‍ട്ട്. ഇതിനുള്ള പരിഹാര പാച്ച് ഡിസംബറില്‍ നല്‍കുമെന്ന് കമ്പനി അറിയിച്ചു.
∙ ഈ വര്‍ഷം മൂന്നാം പാദത്തില്‍ 65 ലക്ഷം മാക്ബുക്കുകള്‍ വിറ്റു
ആപ്പിള്‍ കമ്പനി 2021 മൂന്നാം പാദത്തില്‍ 65 ലക്ഷം മാക്ബുക്ക് കംപ്യൂട്ടറുകള്‍ വിറ്റു എന്നും ഇതൊരു റെക്കോഡ് ആണെന്നും സ്ട്രാറ്റജി അനലിറ്റിക്‌സ് ഗവേഷണ കമ്പനി അറിയിക്കുന്നു.
∙ സൂം ഫ്രീ ഉപയോക്താക്കള്‍ക്ക് പരസ്യം കാണിച്ചു തുടങ്ങും
വിഡിയോ കോളിങ് പ്ലാറ്റ്‌ഫോമായ സൂമിന്റെ ഫ്രീ ഉപയോക്താക്കള്‍ക്ക് ഇനി പരസ്യം കാണേണ്ടിവരും. ഇതിനായി നീക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
English Summary: Microsoft Teams enters the metaverse race with 3D avatars and immersive meetings