ADVERTISEMENT

രാജ്യത്ത് കൂടുതൽ സിം കാർഡുകൾ ഉപയോഗിക്കുന്ന മൊബൈൽ ഉപയോക്താക്കൾക്കായി കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. ഒൻപതിലധികം സിം കാർഡുകൾ ഉപയോഗിക്കുന്നവരുടെ മൊബൈൽ നമ്പർ നിർത്തലാക്കുമെന്നാണ് ഉത്തരവിലുള്ളത്. സ്വന്തം പേരിൽ ഒൻപതിലധികം സിം കാർഡുകൾ എടുത്തിട്ടുള്ളവർ അധിക സിമ്മുകൾ മടക്കി നൽകണമെന്ന് നേരത്തേ തന്നെ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയിരുന്നു.

 

കേന്ദ്ര സർക്കാരിന്റെ ചട്ടമനുസരിച്ച് പരമാവധി ഒൻപത് സിമ്മുകളാണ് ഒരു വ്യക്തിക്ക് കൈവശം വയ്ക്കാൻ കഴിയുന്നത്. അധികമായുള്ള സിം കാർഡുകൾ തിരികെ നൽകിയില്ലെങ്കിൽ നേരിട്ട് അറിയിക്കാനാണ് ടെലികോം മന്ത്രാലയം നേരത്തേ ഉത്തവിട്ടിരുന്നത്. എന്നാൽ, പുതിയ ഉത്തരവ് പ്രകാരം സിമ്മുകൾ റദ്ദാക്കാനാണ് നിർദേശം.

 

ഒരു വ്യക്തിക്ക് ഒരു കമ്പനിയുടെ എത്ര സിം ഉണ്ടെന്ന കണക്ക് മാത്രമേ അതതു കമ്പനികൾക്ക് ഉണ്ടാവൂ. എന്നാൽ ടെലികോം മന്ത്രാലയത്തിന്റെ കൈവശം ഒരാളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന പൂർണ വിവരങ്ങൾ ഉണ്ടാകും. ദീർഘകാലം ഉപയോഗിക്കാതെയിരിക്കുന്ന സിം കാർഡുകൾ സാധാരണഗതിയിൽ റദ്ദാക്കുകയാണ് പതിവ്.

 

സാമ്പത്തിക കുറ്റകൃത്യങ്ങൾ, ശല്യപ്പെടുത്തുന്ന കോളുകൾ, ഓട്ടമേറ്റഡ് കോളുകൾ, വഞ്ചനാപരമായ പ്രവർത്തികൾ എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് അധിക സിമ്മുകൾ റദ്ദാക്കുന്നത്. ഒരാളുടെ പേരിൽ തന്നെ ഒൻപതിൽ കൂടുതൽ സിം കാർഡുകളുള്ളവരുടെ ഫോൺ കണക്ഷനുകൾ വിച്ഛേദിക്കാനാണ് ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് (DoT) ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിരിക്കുന്നത്. 

 

ഉദ്യോഗസ്ഥർ ആദ്യം എല്ലാ സിമ്മുകളും പരിശോധിക്കുമെന്നും നോൺ-വെരിഫിക്കേഷൻ നടക്കുന്ന സന്ദർഭങ്ങളിൽ ഒരെണ്ണം ഒഴികെയുള്ള എല്ലാ നമ്പറുകളും പ്രവർത്തനരഹിതമാക്കുമെന്നും പറയപ്പെടുന്നു. ജമ്മു കശ്മീർ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഉപയോക്താക്കൾക്ക് മാർഗനിർദ്ദേശങ്ങൾ അൽപം വ്യത്യസ്തമാണ്. ഇവിടത്തെ ഉപയോക്താക്കൾക്ക് സിം പരിധി ആറാണ്.

 

അതേസമയം, ഉപയോക്താക്കൾക്ക് നിലനിർത്താൻ ആഗ്രഹിക്കുന്ന കണക്ഷൻ നമ്പർ തിരഞ്ഞെടുക്കാൻ അവസരം നൽകുമെന്നും അറിയിപ്പിലുണ്ട്. വരിക്കാരൻ നിലനിർത്താൻ ആഗ്രഹിക്കുന്ന കണക്ഷൻ സ്ഥിരീകരിച്ചുകഴിഞ്ഞാൽ, ശേഷിക്കുന്ന നമ്പറുകളുടെ ഔട്ട്‌ഗോയിങ് സേവനങ്ങളും ഡേറ്റാ സൗകര്യങ്ങളും 30 ദിവസത്തിനുള്ളിൽ താൽക്കാലികമായി നിർത്തിവയ്ക്കും. 45 ദിവസത്തിനുള്ളിൽ ഇൻകമിങ് സേവനങ്ങളും താൽക്കാലികമായി നിർത്തും. എന്നാൽ, ഇതിനു ശേഷം റീ-വെരിഫിക്കേഷനായി വരിക്കാരൻ എത്തിയില്ലെങ്കിൽ ഫ്ലാഗ് ചെയ്ത നമ്പർ 60 ദിവസത്തിനുള്ളിൽ റദ്ദാക്കും.

 

വിദേശത്തോ, ശാരീരിക വൈകല്യമോ, ചികിൽസയിലോ ഉള്ള ഒരു വരിക്കാരന്റെ കാര്യത്തിൽ 30 ദിവസം അധിക സമയം നൽകുമെന്നും ഉത്തരവിലുണ്ട്. നിയമ നിർവഹണ ഏജൻസിയോ, ധനകാര്യ സ്ഥാപനമോ ഏതെങ്കിലും നമ്പർ ഫ്ലാഗ് ചെയ്യുകയോ, ശല്യപ്പെടുത്തുന്ന കോളർ എന്ന് തിരിച്ചറിയുകയോ ചെയ്താൽ ഔട്ട്‌ഗോയിങ് സൗകര്യം 5 ദിവസത്തിനുള്ളിൽ താൽക്കാലികമായി നിർത്തിവയ്ക്കുകയും ഇൻകമിങ് പത്ത് ദിവസത്തിനുള്ളിൽ നിർത്തുകയും ചെയ്യുമെന്നും ഉത്തരവിൽ പറയുന്നു. സ്ഥിരീകരണത്തിന് ആരും എത്തിയില്ലെങ്കിൽ 15 ദിവസത്തിനുള്ളിൽ പൂർണമായി നിർത്തലാക്കും. കൂടാതെ, ഇനിമുതൽ ഉപയോഗത്തിലില്ലാത്ത ഫ്ലാഗ് ചെയ്ത എല്ലാ മൊബൈൽ കണക്ഷനുകളും ഡേറ്റാബേസിൽ നിന്ന് നീക്കം ചെയ്യാനും ഡോട്ട് എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും ആവശ്യപ്പെട്ടു.

 

English Summary: Do you use multiple SIM cards? Your phone number can be blocked soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com