2022ലെ ഏറ്റവും മികച്ച ആപ്പുകള്‍, ആപ്പിളും ഗൂഗിളും ലിസ്റ്റ് പുറത്തുവിട്ടു

Mail This Article
സ്മാര്‍ട് ഫോണുകളിലും ടാബുകളിലും മാക്കുകളിലും പിസികളിലും 2022ലെ ഏറ്റവും മികച്ച ആപ്പുകളെക്കുറിച്ചുള്ള സൂചനകള്‍ പുറത്തു വന്നു തുടങ്ങി. ആപ്പിളും ഗൂഗിളും പട്ടിക പുറത്തുവിട്ടു. ഉപയോക്താക്കള്‍ക്ക് ഗുണകരമായ ആപ്പുകളും ഗെയിമുകളുമാണ് ആപ്പിള്‍ തിരഞ്ഞെടുത്ത 16 ആപ്പുകളുടെ പട്ടികയിലുള്ളത്.
∙ മികച്ച ആപ്പിൾ സ്റ്റോർ ആപ്പുകളും ഗെയിമുകളും
തങ്ങളുടെ ശരിയായ അവസ്ഥ എന്താണെന്ന് അറിയിക്കാന്‍ സഹായിക്കുമെന്ന അവകാശവാദവുമായി എത്തിയ സമൂഹ മാധ്യമ ആപ്പായ ബീറിയല്‍ (https://bit.ly/3EZVhb4) ആണ് ഏറ്റവുമധികം ശ്രദ്ധ നേടിയ ആപ്പുകളിലൊന്ന്. ഫിറ്റ്‌നസ് ട്രാക്കറായ ജെന്റ്‌ലര്‍ സ്ട്രീക്, ഡിജിറ്റലായി നോട്ടുകള്‍ എടുക്കാന്‍ സഹായിക്കുന്ന ഗുഡ്‌നോട്‌സ് 5, മാക്ഫാമിലി ട്രീ 10 തുടങ്ങിയവ ഐഒഎസിലും ഐപാഡിലും മാക് ഒഎസിലുമൊക്കെ ശ്രദ്ധ നേടി.
∙ ആപ്പിളിന്റെ ആപ്പ് സ്റ്റോര്‍ വിജയികള്‍
1. ഐഫോണിലെ ഏറ്റവും മികച്ച ആപ് - ബീറിയല്‍
2. ഐപാഡ് ആപ് - ഗുഡ്‌നോട്‌സ് 5
3. മാക്കിലെ ആപ് ഓഫ് ദി ഇയര്‍ - മാക് ഫാമിലിട്രീ 10
4. ആപ്പിള്‍ ടിവിയിലെ മികച്ച ആപ് - വിക്‌സ് (ViX)
5. ആപ്പിള്‍ വാച്ചിലെ ജേതാവ് - ജെന്റ്‌ലര്‍ സ്ട്രീക്
∙ ഈ വര്‍ഷത്തെ മികച്ച ഗെയിമുകള്‍
1. ഐഫോണ്‍ - എയ്‌പെക്‌സ് ലെജന്‍ഡ്‌സ് മൊബൈല്‍
2. ഐപാഡ് - മോണ്‍കെയ്ജ് ( Moncage)
3. മാക് - ഇന്‍സ്‌ക്രിപ്ഷന്‍
4. ആപ്പിള്‍ ടിവി - എല്‍ ഹിജോ
5. ആപ്പിള്‍ ആര്‍ക്കെയ്ഡ് - വൈല്‍ഡ് (Wylde) ഫ്‌ളവേവ്‌സ്
ചൈനയില്‍ ഏറ്റവും ശ്രദ്ധ പിടിച്ചുപറ്റിയ ഗെയിം-ലീഗ് ഓഫ് ലെജന്‍ഡ്‌സ് എസ്‌പോര്‍ട്‌സ് മാനേജര്‍
∙ സാമൂഹിക പ്രതികരണമുണ്ടാക്കിയ ആപ്പുകള്‍
ഈ വര്‍ഷം സാമൂഹിക പ്രതികരണമുണ്ടാക്കിയ ആപ്പുകളുടെ പട്ടികയും ആപ്പ് സ്റ്റോര്‍ എഡിറ്റര്‍മാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ പ്രഥമ സ്ഥാനത്തെത്തിയത് 'ഹൗ വീ ഫീല്‍' ആപ്പാണ്. വിഷമം പിടിച്ച വികാരങ്ങളെ വാക്കുകളിലാക്കാനുള്ള ശ്രമമാണ് ഇതിലുള്ളത്.
ഡോട്‌സ് (Dot's) ഹോം - റൈസ്-ഹോം പ്രൊജക്ട്‌സ് അവതരിപ്പിച്ച ഈ ആപ് അനീതിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നു. ലോക് വിജിറ്റ് ആണ് മറ്റൊന്ന്. ഉപയോക്താക്കള്‍ക്ക് കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും ഉപകരണങ്ങളുടെ ലോക് സ്‌ക്രീനിലേക്ക് ചിത്രങ്ങള്‍ നേരിട്ട് അയയ്ക്കാന്‍ അനുവദിക്കുന്ന ഒന്നാണിത്. പരമ്പരാഗത സമൂഹ മാധ്യമങ്ങളുടെ ഇടപെടല്‍ ഇല്ലാതാക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
വാട്ടര്‍ലാമ (Waterllama) ആണ് മറ്റൊരു സവിശേഷ ആപ്. വെള്ളം കുടിക്കേണ്ടതിനെപ്പറ്റി ഓര്‍മപ്പെടുത്തുന്ന ഈ ആപ്പിനുമുണ്ട് പുതുമ.
ഇനുവ (Inua) - ഐസിലും സമയത്തിലുമുള്ള കഥ എന്ന വിശേഷണത്തോടെയാണ് ഈ ആപ് പ്രവര്‍ത്തിക്കുന്നത്. ചരിത്ര മൂഹൂര്‍ത്തങ്ങളെ പുതിയ രീതിയില്‍ അനുഭവവേദ്യമാക്കുന്ന ആപ് എന്ന നിലിയിലാണ് ഇതിന്റെ പ്രസക്തി. ഒരു പതിറ്റാണ്ടിലേറെയായി പുതുമകളുമായി എത്തുന്ന ആപ്പുകള്‍ക്ക് ബഹുമതി നല്‍കുന്ന രീതി തുടര്‍ന്നു വരികയാണ് ആപ്പിള്‍.
∙ മികച്ച ആൻഡ്രോയിഡ് ആപ്പുകൾ
ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ആപ് സ്റ്റോറില്‍ 2022ല്‍ ഇന്ത്യയിലെ ശ്രദ്ധേയമായ ആപ്പുകള്‍ ഏതെല്ലാമാണെന്ന് കമ്പനി വെളിപ്പെടുത്തി. മികച്ച ആപ്പുകളെ ഉപയോക്താക്കളും ഗൂഗിളിന്റെ പ്ലേ സ്റ്റോര്‍ എഡിറ്റര്‍മാരും ചേര്‍ന്നാണ് തിരഞ്ഞെടുത്തത്.
ഈ വര്‍ഷം യൂസര്‍മാരുടെ അവാര്‍ഡ് നേടിയ ആപ് ഷോപ്‌സി (Shopsy) ആണ്. ഫ്‌ളിപ്കാര്‍ട്ടിന്റെ ഷോപ്പിങ് ആപ്പുകളിലൊന്നാണിത്. ഇതു വഴി വില്‍ക്കുന്ന സെല്ലര്‍മാരില്‍നിന്ന് ഒരു കമ്മിഷനും ആപ് വാങ്ങുന്നില്ല. വിവിധ തരത്തിലുളള ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ആപ്പാണിത്.
ഉപയോക്താക്കള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഗെയിം ആങ്ഗ്രി ബേഡ്‌സ് ജേണിയാണ്. തന്ത്രങ്ങള്‍ മെനയാന്‍ ഇഷ്ടമുള്ളവര്‍ക്കും റിലാക്‌സ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉപകരിക്കുന്ന ആപ്പാണിത്.
അപക്‌സ്‌ക് ലെജന്‍ഡ്‌സ് മൊബൈല്‍ ആണ് പ്ലേ സ്റ്റോറിലെ ഏറ്റവും മികച്ച ഗെയിമായി തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ പിസിയില്‍ മാത്രം ലഭ്യമായിരുന്ന ഫോണുകള്‍ക്കായി അവതരിപ്പിച്ചതാണിത്. ഇന്ത്യയില്‍നിന്ന് അവതരിപ്പിച്ച ഗെയിമുകളായ ലുഡോകിങ്ങും റിയല്‍ ക്രിക്കറ്റ് 20യും ഗൂഗിളിന്റെ അവാര്‍ഡ് നേടി.
∙ ഗൂഗിള്‍ പ്ലേയിലെ 2022ലെ ഏറ്റവും മികച്ച ആപ്പുകളും ഗെയിമുകളും
1. തമാശയ്ക്ക് ഏറ്റവും ഉചിതം - ടേണിപ് (Turnip) ചാറ്റ്, സംസാരം, സ്ട്രീം എന്നിവ നടത്താം
2. വ്യക്തിപരമായ വളര്‍ച്ചയ്ക്ക് - ഫോളിയോ: ഇന്‍സ്റ്റന്റ് 1-ടു-1 ട്യൂട്ടറിങ് ആപ്
3. ദൈനംദിന ഉപയോഗം - ഷോപ്‌സി ഷോപ്പിങ് ആപ് (ഫ്‌ളിപ്കാര്‍ട്ട്)
4. ഒളിച്ചിരിക്കുന്ന മുത്ത്: ബേബിജി (BabyG) - ആക്ടിവിറ്റി, ട്രാക്കര്‍, മീല്‍
5. ഗുണം ചെയ്യുന്ന ആപ്പുകളില്‍ മികച്ചത് - ഖയാല്‍ (Khyaal) മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ആപ്
6. ആന്‍ഡ്രോയിഡ് വെയറിനുള്ള മികച്ച ആപ് - ടുഡുഇസ്റ്റ് - ചെയ്യാനുള്ള കാര്യങ്ങള്‍ ഓര്‍മപ്പെടുത്തുന്ന ആപ്
7. ടാബ്‌ലറ്റുകള്‍ക്കുള്ള ആപ് - സേവ്. വായിക്കാനും വളരാനും
8. ക്രോംബുക്കുകള്‍ക്കുള്ള മികച്ച ആപ്: ബാന്‍ഡ്‌ലാബ് (മ്യൂസിക് നിർമിക്കാനുള്ള സ്റ്റുഡിയോ)
∙ ഗൂഗിള്‍ തിരഞ്ഞെടുത്ത 2022ലെ മികച്ച ഗെയിമുകള്‍
1. ഒന്നിലേറെ പേർക്ക് കളിക്കാവുന്ന ഏറ്റവും നല്ല ഗെയിം - റോക്കറ്റ് ലീഗ് സൈഡ്‌സൈ്വപ്
2. ഏറ്റവും മികച്ച പിക് അപ് ആന്‍ഡ് പ്ലേ - ആങ്ഗ്രി ബേഡ്‌സ് ജേണി
3. ബെസ്റ്റ് ഇന്‍ഡീസ് : ഡൈസി ഡന്‍ജന്‍സ്
4. ഏറ്റവും മികച്ച കഥയുള്ള ഗെയിം - ഡയബ്ലോ ഇമോര്‍ട്ടല്‍
5. ഓൺഗോയിങ് വിഭാഗം: ക്ലാഷ് ഓഫ് ക്ലാന്‍സ്
6. പ്ലേ പാസിലെ ഏറ്റവും മികച്ച ഗെയിം - വെരി ലിറ്റിൽ നൈറ്റ്‌മെയേഴ്‌സ്
7. ടാബ്‌ലറ്റുകളിലെ മികച്ച കളി-ആങ്ഗ്രി ബേഡ്‌സ് ജേണി
8. ക്രോംബുക്‌സിലെ ഏറ്റവും മികച്ച ഗെയിം-റോബോലോക്‌സ്
English Summary: Google, Apple picks the best apps and games of 2022