ADVERTISEMENT

അപ്ഡേറ്റിനുശേഷം സ്ക്രീനിൽ വരവീഴുന്നതിനും ഫോൺ അമിതമായി ചൂടാവുന്നതിനും വിവിധ ഫോണ്‍ കമ്പനികൾക്കെതിരെ റെഡിറ്റിലും ട്വിറ്ററിലും വിമർശനപ്പെരുമഴയാണ്. ചില ഐഫോണ്‍ 14 പ്ലസ് മോഡലുകള്‍ക്ക് ഉണ്ടായിരിക്കുന്ന പിന്‍ ക്യാമറാ പ്രശ്‌നം സൗജന്യമായി ശരിയാക്കി നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആപ്പിള്‍. പ്രശ്‌നം ബാധിച്ച ഐഫോണ്‍ 14 പ്ലസ് ഉടമകള്‍ പിന്‍ക്യാമറയിലൂടെ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രിവ്യു കാണാനാകുന്നില്ലെന്നതാണ് പ്രശ്‌നം. ഈ പ്രശ്‌നം നേരിടുന്ന ഫോണ്‍ കൈവശമുണ്ടെങ്കില്‍ അത് ഫ്രീയായി നന്നാക്കി കിട്ടിയേക്കും. കൂടാതെ, ഈ പ്രശ്‌നം സ്വന്തം കാശുകൊടുത്തു നന്നാക്കിയെടുത്തിട്ടുണ്ടെങ്കില്‍ ആ പണവും ആപ്പിള്‍ മടക്കി നല്‍കും എന്ന് എന്‍ഗ്യാജറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Image Credit: canva AI
Image Credit: canva AI

ആപ്പിളിന്റെ കണ്ടെത്തല്‍ പ്രകാരം 'വളരെ ചെറിയൊരു ശതമാനം ഫോണുകളെ' മാത്രമാണ് പ്രശ്‌നം ബാധിച്ചിരിക്കുന്നത്. പ്രശ്‌നമുള്ള ഫോണുകള്‍ ഏപ്രില്‍ 10, 2023നും, ഏപ്രില്‍ 28, 2024നും ഇടയില്‍ നിര്‍മിച്ചവയാണെന്നും ആപ്പിള്‍ കണ്ടെത്തിയിട്ടുണ്ട്.  പ്രശ്‌നം ബാധിച്ചവയുടെ പട്ടികയില്‍ പെടുമോ നിങ്ങളുടെ ഫോണ്‍ എന്ന് ഈ ലിങ്കില്‍ കയറി ഫോണിന്റെ സീരിയല്‍ നമ്പര്‍ നല്‍കി പരിശോധിക്കാം.

ലിസ്റ്റില്‍ ഉണ്ടെങ്കില്‍ ഫോണ്‍ അടുത്തുള്ള ആപ്പിള്‍ ഓതറൈസ്ഡ് സര്‍വിസ് പ്രൊവൈഡറുടെ അടുത്തോ, റീട്ടെയല്‍ സ്‌റ്റോറിലോ എത്തിക്കണം. ഇതിന് ആദ്യമേ അപ്പോയിന്റ്‌മെന്റ് വാങ്ങണം. ഫോണ്‍ റിപ്പെയര്‍ സെന്ററിലേക്ക് നേരിട്ട് എത്തിക്കുന്നതിനു പകരം അയച്ചുകൊടുക്കാനാണ് ഉദ്ദേശമെങ്കില്‍ ആപ്പിള്‍ സപ്പോര്‍ട്ടിനെയും സമീപിക്കാം. 

ഫോണ്‍ വാങ്ങി മൂന്നു വര്‍ഷത്തേക്കായിരിക്കും ഫ്രീ റിപ്പെയര്‍ ഓഫര്‍ ബാധകമായിരിക്കുക. എന്നു പറഞ്ഞാല്‍, ഭാവിയില്‍ ഈ പ്രശ്‌നം തലപൊക്കിയാല്‍, അത് മൂന്നു വര്‍ഷത്തിനുള്ളിലാണ് ഉണ്ടാകുന്നതെങ്കില്‍ പരിഗണന ലഭിക്കണമെന്നില്ല. 

റിപ്പെയറിന്റെ കാര്യത്തില്‍ മറ്റൊരു പ്രശ്‌നവും നേരിട്ടേക്കാം. ഫോണ്‍ ഏതു രാജ്യത്തു നിന്ന്/ഭൂവിഭാഗത്തില്‍ നിന്ന് വാങ്ങിയോ അവിടെ മാത്രമായിരിക്കാം സര്‍വിസ് ലഭിക്കുക എന്ന് നിശ്ചിതപ്പെടുത്തിയേക്കാം എന്നും പറയുന്നു. അതായത് അമേരിക്കയില്‍ നിന്നും മറ്റും വാങ്ങി ഇന്ത്യയിലേക്ക്കൊണ്ടുവന്ന ഫോണ്‍ ആണെങ്കില്‍ റിപ്പെയര്‍ ലഭിക്കണമെങ്കില്‍ ചിലപ്പോള്‍ അമേരിക്കയില്‍ തന്നെ എത്തിക്കേണ്ടി വന്നേക്കാം. എന്നാല്‍, ഉടമ ഇന്ത്യയ്ക്കു പുറത്ത് യാത്ര ചെയ്തപ്പോള്‍ വാങ്ങിയതാണെന്ന് ആപ്പിളിനെ ബോധ്യപ്പെടുത്താന്‍ സാധിച്ചാല്‍ ഇക്കാര്യത്തില്‍ ഇളവ് ലഭിച്ചേക്കും. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ആപ്പിള്‍ വിഷന്‍ പ്രോ കരുത്താര്‍ജ്ജിച്ച് 2025ല്‍ എത്തിയേക്കാം

ആപ്പിളിന്റെ ആദ്യ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ആയ വിഷന്‍ പ്രോയ്ക്ക് തുടക്കത്തില്‍ നല്ല സ്വീകരണമാണ് ലഭിച്ചതെങ്കിലു പിന്നീട് അത് നിലനിര്‍ത്താനായില്ല. അതോടെ ഇനി ഈ ഉല്‍പ്പന്നം ഇറക്കുമോ എന്ന കാര്യത്തില്‍ പോലും സംശയങ്ങള്‍ ഉടലെടുത്തിരുന്നു. എന്നാല്‍, 2025ല്‍ വിഷന്‍പ്രോയുടെ പുതിയ മോഡല്‍ എത്തുമെന്ന പ്രവചനം നടത്തിയിരിക്കുന്നത് വിശകലന വിദഗ്ധന്‍ മിങ്-ചി കുവോ ആണ്. 

വിഷന്‍ പ്രോയുടെ ആദ്യ പതിപ്പ് ദീര്‍ഘനേരത്തേക്ക് അണിയുമ്പോള്‍ അതിന്റെ ഭാരം ചിലര്‍ക്കെങ്കിലും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. അടുത്ത പതിപ്പിന് പ്ലാസ്റ്റിക് പോലെ ഭാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ചേക്കും. രണ്ടം തലമുറയിലെ വിഷന്‍ പ്രോയ്ക്ക് ആപ്പിളിന്റെ അടുത്ത തലമുറ പ്രൊസസര്‍ആയ എം5 ആയിരിക്കും ശക്തിപകരുക എന്നും കുവോ കരുതുന്നു. വിഷന്‍ പ്രോയുടെ രണ്ടാം പതിപ്പിനു പുറമെ, വില കുറഞ്ഞ പതിപ്പും പുറത്തിറക്കിയേക്കും. ഇത് 2027ല്‍ അവതരിപ്പിച്ചേക്കുമെന്നാണ് പ്രവചനം. 

ആപ്പിളിന്റെ എം4 പ്രോ, എം4 മാക്‌സ് കംപ്യൂട്ടറുകളില്‍ തണ്ടര്‍ബോള്‍ട്ട് 5 

Image Credit: husayno/Istock
Image Credit: husayno/Istock

ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ എം4 പ്രോ ചിപ് ശക്തിപകരുന്ന മാക് മിനി മോഡലിന് തണ്ടര്‍ബോള്‍ട്ട് 5 കോംപാറ്റിബിലിറ്റി. എം4 പ്രോ, എം4 പ്രോ/മാക്‌സ് എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന മാക്ബുക്ക് പ്രോ മോഡലുകളിലും തണ്ടര്‍ബോള്‍ട്ട് 5 ഉണ്ട്. റേസര്‍ ബ്ലേഡ് 18 (Razer Blade18) തുടങ്ങി ഇന്റല്‍ പ്രൊസസറുകളുള്ള ചില ലാപ്‌ടോപ്പുകളിലും തണ്ടര്‍ബോള്‍ട്ട് 5ന്റെ കരുത്ത് കാണാം.

എന്താണ് തണ്ടര്‍ബോള്‍ട്ട് 5 ന്റെ സവിശേഷത?

ഡാറ്റാ ട്രാന്‍സ്ഫര്‍ സ്പീഡില്‍ വന്നിരിക്കുന്ന കുതിപ്പിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ് തണ്ടര്‍ബോള്‍ട്ട് 5 പോര്‍ട്ട്. സ്പീഡ് 80ജിബിപിഎസ് (Gbps) വരെ കിട്ടും. ബാന്‍ഡ്‌വിഡ്ത് ബൂസ്റ്റ് ഫീച്ചര്‍ ഉപയോഗിച്ചാല്‍ സെക്കന്‍ഡില്‍ 120 ജിബിപിഎസ് സ്പീഡ് വരെയും ലഭിക്കും. തൊട്ടുമുമ്പിലെതലമുറയായ തണ്ടര്‍ബോള്‍ട്ട് 4ന് 40 ജിബിപിഎസ് ആണ് പരമാവധി സ്പീഡ്. 

ആമസോണ്‍ ഷോപ്പിങ് എളുപ്പമാക്കാന്‍ എഐ അസിസ്റ്റന്റ് റൂഫസ്

റൂഫസ് (Rufus) എന്ന പേരില്‍ നിര്‍മ്മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിതമായ പുതിയ ഷോപ്പിങ് അസിസ്റ്റന്റിനെ ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് ആമസോണ്‍. പല വിഭാഗത്തിലും നൂറുകണക്കിന് ഉല്‍പ്പന്നങ്ങള്‍ ഉള്ളതുകൊണ്ട് അവയില്‍ ഏതു വാങ്ങണം എന്ന പ്രശ്‌നം പലരും നേരിടുന്നു. ഇതു പരിഹരിക്കാനാണ് എഐ 'വിദഗ്ധനായ' റൂഫസ് എത്തുന്നത്. 

ഇതിപ്പോള്‍ ബീറ്റാ അവസ്ഥയിലാണ് പ്രവര്‍ത്തിക്കുന്നത്. ആന്‍ഡ്രോയിഡിലും ഐഓഎസിലുമുള്ള ആമസോണ്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ചിലര്‍ക്ക് മാത്രമാണ് പരീക്ഷണാര്‍ഥം റൂഫസിന്റെ സേവനം ലഭ്യമാക്കിയിരിക്കുന്നതെന്നാണ് വിവരം. 

ലോകത്തെ രണ്ടാമത്തെ വലിയ കോടീശ്വരാനായി ജെഫ് ബേസോസ്

jeff-bezoz

ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബേസോസ് ലോകത്തെ രണ്ടാമത്തെ വലിയ പണക്കാരൻ എന്ന പേര് വീണ്ടും സ്വന്തമാക്കിയതായി ഫോര്‍ബ്‌സ്. ഓറക്കിള്‍ കമ്പനിയുടെ സഹസ്ഥാപകന്‍ ലാറി എലിസണെ മറികടന്നാണ് ബെസോസ് രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ആമസോണിന്റെ ഓഹരി 6 ശതമാനത്തിലേറെ ഉയര്‍ന്നതിനാലാണ് ബെസോസ് രണ്ടാം സ്ഥാനം തിരിച്ചുപിടിച്ചത്. ടെസ്‌ലാ മേധാവി ഇലോണ്‍ മസ്‌ക് ആണ് ഒന്നാം സ്ഥാനത്ത്. 

ട്വിറ്റര്‍ മുന്‍ മേധാവി പരാഗ് അഗ്രവാളിനും കൂട്ടര്‍ക്കും മസ്‌ക് ചെക്ക് എഴുതേണ്ടി വന്നേക്കും

സമൂഹ മാധ്യമമായ ട്വിറ്റര്‍ മസ്‌ക് ഏറ്റെടുക്കുന്നത് 2022ല്‍ ആണ്. ആ സ്ഥാപനത്തിന്റെ അന്നത്തെ മേധാവിയായിരുന്ന പരാഗ് അഗ്രവാളിനെയടക്കം 6000ത്തോളം ജോലിക്കാരെ പിരിച്ചുവിടുകയായിരുന്നു മസ്‌ക്. ഇതിനെതിരെ ജോലിക്കാര്‍ നല്‍കിയ കേസില്‍ ഇപ്പോള്‍ വന്നിരിക്കുന്ന വിധി മസ്‌കിന് കനത്ത തിരിച്ചടിയാണെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. അഗ്രവാളിനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നഷ്ടപരിഹാരം നല്‍കണം എന്ന കേസുമായി മുന്നോട്ടുപോകാമെന്നാണ് ജഡ്ജി വിധിച്ചിരിക്കുന്നത്. 

ഐഫോണ്‍ 16നു പിന്നാലെ പിക്‌സല്‍ ഫോണുകളും നിരോധിച്ച് ഇന്തൊനീഷ്യ

ഉള്ളടക്കത്തിന്റെ കാര്യത്തില്‍ പ്രാദേശികമായി നിശ്ചയിച്ചിരിക്കുന്ന നിയമങ്ങള്‍ ലംഘിച്ചു എന്നു പറഞ്ഞ് ഗൂഗിള്‍ പിക്‌സല്‍ ഫോണുകളും നിരോധിച്ചിരിക്കുകയാണ് ഇന്തൊനീഷ്യ എന്ന് ബ്ലൂംബര്‍ഗ്. 

നേരത്തെ ഐഫോണ്‍ 16 സീരിസ് രാജ്യം നിരോധിച്ചിരുന്നു. ഇക്കാര്യത്തില്‍ ആപ്പിളും ഇന്തോനേഷ്യയും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയേക്കും എന്ന് പറഞ്ഞു കേള്‍ക്കുന്നുണ്ടെങ്കിലും തിയതിയൊന്നും ഇതുവരെ നിശ്ചയിച്ചിട്ടില്ല. 

ഐഎംഇഐ നമ്പറുകള്‍ ഡീആക്ടിവേറ്റ് ചെയ്താണ് ഇന്തൊനീഷ്യ രാജ്യത്ത് ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കുന്നത്. ഇതോടെ പ്രാദേശിക മൊബൈല്‍ നെറ്റ്‌വര്‍ക്കുകളുമായി കണക്ട് ചെയ്യാന്‍ സാധിക്കാതെ വരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com