പുഷ്കര്‍ മേള, മാജുലി ഫെസ്റ്റ്, റാന്‍ ഉത്സവ്... ആഘോഷങ്ങളുടെ നവംബര്‍; യാത്ര പോകാന്‍ ഈയിടങ്ങള്‍!
Mail This Article
നവംബർ മാസത്തിൽ കേരളത്തിൽ എങ്ങോട്ടു തിരിഞ്ഞാലും അതിമനോഹര കാഴ്ചകളാണ്, നീലാകാശവും പച്ചപ്പാടങ്ങളും വൈകുന്നേരങ്ങളിൽ തുലാമാസത്തെ ഇടിവെട്ട് മഴയും കാഴ്ചകൾക്കു മിഴിവ് കൂട്ടുന്നു. ഒരു ഇന്ത്യൻ പര്യടനത്തിന് ഇറങ്ങുന്നവർക്കും നല്ല കാഴ്ചവിരുന്നൊരുക്കുന്ന സമയം കൂടിയാണിത്. ഇന്ത്യയിലെ 7 സംസ്ഥാനങ്ങളിലെ പ്രധാന നവംബർ ഉത്സവ കാഴ്ചകൾ ഇതാ...
1. പുഷ്കര്‍, രാജസ്ഥാന്‍
രാജസ്ഥാന്‍റെ മുഖമുദ്രകളില്‍ ഒന്നാണ് പുഷ്കര്‍ മേള. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒട്ടക മേളയാണിത്. ഹിന്ദുകലണ്ടർ പ്രകാരം കാർത്തിക ഏകാദേശി മുതൽ പൗർണമിവരെ കൊണ്ടാടുന്ന ഈ ആഘോഷം സാധാരണയായി, നവംബര്‍ മാസത്തിലാണ് വരുന്നത്. വർണാഭമായ അലങ്കാരങ്ങളണിഞ്ഞു മരുഭൂമിയിലൂടെ കുണുങ്ങി നടക്കുന്ന ഒട്ടകങ്ങളെ കാണാന്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ ഒഴുകിയെത്തുന്നു. ഒട്ടകങ്ങൾ, ചെമ്മരിയാടുകൾ, കോലാടുകൾ, പശുക്കൾ തുടങ്ങി എല്ലാവിധ കന്നുകാലികളേയും ഇവിടെ വാങ്ങാനും വിൽക്കാനും ഈ ദിവസങ്ങളിൽ സാധിക്കും. ആൺ, പെൺ ഒട്ടകങ്ങൾ മുതൽ നൃത്തമാടാൻവരെ പരിശീലിച്ചിട്ടുള്ള ഒട്ടകങ്ങൾ വരെ മേളയിൽ വിൽപനയ്ക്കെത്തും. സാധാരണ ഒട്ടകങ്ങൾ 25,000 മുതൽ 30,000 വരെ രൂപയ്ക്കു വിറ്റുപോകുമ്പോൾ നൃത്തമാടുന്നവയ്ക്ക് ഒരു ലക്ഷത്തിനു മുകളിലാണു വില ഈടാക്കുന്നത്. ഇക്കൊല്ലം നവംബര്‍ 9 മുതല്‍ 15 വരെയാണ് പുഷ്കര്‍ മേള നടക്കുന്നത്.
2. മാജുലി ഫെസ്റ്റിവല്‍, അസം
പതിനാറാം നൂറ്റാണ്ട് മുതൽ അസമിന്‍റെ സംസ്കാരിക തലസ്ഥാനമായി അറിയപ്പെടുന്ന ദ്വീപാണ് മാജുലി. അസമിലെ ബ്രഹ്മപുത്ര നദിയിൽ സ്ഥിതി ചെയ്യുന്ന മാജുലി, ലോകത്തിലെ ഏറ്റവും വലിയ നദി ദ്വീപാണ്. വടക്ക് സുബൻസിരി നദിയും തെക്ക് ബ്രഹ്മപുത്ര നദിയും ചേർന്നാണ് ഈ ദ്വീപ് രൂപപ്പെടുന്നത്. ചപോരി എന്നറിയപ്പെടുന്ന 22 ഓളം കുഞ്ഞു ദ്വീപുകള്‍ ചേര്‍ന്നാണ് മാജുലി രൂപപ്പെട്ടത്. വ്യത്യസ്തരായ നിരവധി ഗോത്രവിഭാഗങ്ങള്‍ ഇവിടെ വസിക്കുന്നു. എല്ലാ വര്‍ഷവും ലൂയിറ്റ് നദിയുടെ തീരത്ത് നടക്കുന്ന മാജുലി ഫെസ്റ്റിവൽ ഇവരെ അടുത്തറിയാനുള്ള മികച്ച അവസരമാണ്. നവംബര്‍ 21 ന് ആരംഭിച്ച് 24 വരെ നടക്കുന്ന ഉത്സവത്തില്‍ അസമിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിവിധ ഗോത്രവര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തപ്രകടനങ്ങളും ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവുമെല്ലാം കാണാം.
3. റാന്‍ ഓഫ് കച്ച്, ഗുജറാത്ത്
കണ്ണെത്താദൂരത്തോളം ഉപ്പുനിറഞ്ഞ മനോഹരമായ മരുഭൂപ്രദേശമാണ് ഇന്ത്യ-പാകിസ്ഥാൻ അതിർത്തിയില്‍ സ്ഥിതിചെയ്യുന്ന റാന്‍ ഓഫ് കച്ച്. എല്ലാ വര്‍ഷവും മഞ്ഞുകാലത്ത് ഇവിടെ 'റാന്‍ ഉത്സവ്' എന്ന പേരില്‍ ഗുജറാത്ത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ പരിപാടി നടക്കാറുണ്ട്. ലോകത്തെമ്പാടുമുള്ള സഞ്ചാരികള്‍ ഈ സമയത്ത് ഇവിടെയെത്തുന്നു. വിനോദസഞ്ചാരികള്‍ക്ക് മരുഭൂമിയില്‍ ടെന്‍റ് കെട്ടി പാര്‍ക്കാം. ഗ്രാമങ്ങളിലെ മണ്‍വീടുകളിലും താമസ സൗകര്യം ലഭിക്കും. ഗുജറാത്തി ചാട്ട് വിഭവങ്ങള്‍, താലികള്‍, ചെറുകടികള്‍ തുടങ്ങി രുചികരമായ തനത് കച്ച് വിഭവങ്ങള്‍ ആസ്വദിക്കാം. വസ്ത്രങ്ങള്‍, ബാഗുകള്‍, ചെരിപ്പുകള്‍, പാവകള്‍ ഗുജറാത്തി കരകൌശലവസ്തുക്കള്‍ തുടങ്ങിയവ വാങ്ങിക്കാം. താമസിക്കാന്‍ ഉദ്ദേശമുണ്ടെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതാണ് നല്ലത്. ഇക്കുറി നവംബര്‍ ഒന്നു മുതല്‍ ഫെബ്രുവരി അവസാനം വരെയാണ് റാന്‍ ഉത്സവം നടക്കുന്നത്.
4. സോൻപൂർ, ബീഹാര്‍
ഇന്ത്യയുടെ സാംസ്കാരിക ആഘോഷങ്ങള്‍ താല്പര്യമുള്ള ആളുകള്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഒരിടമാണ് ബീഹാറിലെ സോൻപൂർ. എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ സോന്‍പൂരില്‍ ഏഷ്യയിലെ ഏറ്റവും വലിയ കാർഷിക മേള നടക്കുന്നു. കാർത്തിക പൂർണ്ണിമ നാളില്‍ അരങ്ങേറുന്ന മേള ഇക്കൊല്ലം, നവംബര്‍ 20 മുതല്‍ ഡിസംബര്‍ 5 വരെയാണ് നടക്കുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മേളയില്‍, നാൽക്കാലികളെ വില്കാനും വാങ്ങാനുമായി ആയിരക്കണക്കിന് ആളുകള്‍ എത്തുന്നു. പ്രാവും പൂച്ചയും പട്ടിയും പശുവും മുതൽ ഒട്ടകവും കഴുതയും കുതിരയും ആനയും വരെ വില്‍പ്പനയ്ക്ക് എത്തുന്ന മേളയില്‍, വന്യജീവി സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെ ശ്രമഫലമായി ആനകളുടെ വില്‍പ്പന ബീഹാര്‍ സര്‍ക്കാര്‍ നിരോധിച്ചു.
5. ഗാരോ ഹില്‍സ്, മേഘാലയ
പച്ചപ്പും മലനിരകളും കോടമഞ്ഞും അരുവികളും കണ്ണിനു വിരുന്നൊരുക്കുന്ന ഇടമാണ് മേഘാലയയിലെ ഗാരോ ഹില്‍സ്. നോക്രെക്, തുറ തുടങ്ങിയ കൊടുമുടികളും ഇമിൽചാങ് ഡെയർ വെള്ളച്ചാട്ടവും ബൽപാക്രം വന്യജീവി സങ്കേതവും നപാക് തടാകവും സിജു ഗുഹകളും ഗൂഗിൾ മാപ്പിൽ പോലും ഇല്ലാത്ത വാരി ചോറ വ്യൂപോയിന്‍റുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണമാണ് ഗാരോ ഗോത്രക്കാർ ആഘോഷിക്കുന്ന കൊയ്ത്തുത്സവമായ വംഗാല. വിളവെടുപ്പിനു ശേഷമുള്ള ഈ ഉത്സവത്തിൽ, നല്ല വിളവ് നൽകി തങ്ങളെ അനുഗ്രഹിച്ചതിന് അവർ സൂര്യദേവനായ മിസി സാൽജോംഗിനോട് നന്ദി പറയുന്നു. വർണ്ണാഭമായ പരമ്പരാഗത വസ്ത്രങ്ങളും തൂവലുകളുള്ള ശിരോവസ്ത്രങ്ങളും ധരിച്ച്, ഓവൽ ആകൃതിയിലുള്ള ചെണ്ട കൊട്ടി ആഘോഷിക്കുന്ന ഈ ഉത്സവം, '100 ചെണ്ടകളുടെ ഉത്സവം' എന്നറിയപ്പെടുന്നു. നാടോടി സംഗീതത്തോടൊപ്പം കട്ട ഡോക്ക, അജിയ, ഡാനി ഡോക്ക, പോമെലോ ഡാൻസ് തുടങ്ങിയ നാടോടി നൃത്തങ്ങളുമുണ്ടാകും. ഇക്കൊല്ലം നവംബര്‍ 8 നാണ് ഈ ഉത്സവം നടക്കുന്നത്.
6. സുവര്‍ണ്ണ ക്ഷേത്രം, പഞ്ചാബ്
എല്ലാ ഇന്ത്യക്കാരും തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ് പഞ്ചാബിലെ അമൃത്സർ നഗരത്തിൽ സ്ഥിതി ചെയ്യുന്ന സുവര്‍ണ്ണ ക്ഷേത്രം. സിഖുകാരുടെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ സുവർണ്ണ ക്ഷേത്രം ജാതി, മത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യർക്കും പ്രവേശനം നല്‍കുന്നു. ദിനം പ്രതി 100,000 ആളുകൾ ആരാധനയ്ക്കായി എത്തുന്ന സുവര്‍ണ്ണക്ഷേത്രത്തില്‍, സന്ദര്‍ശകര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന ഭീമന്‍ അടുക്കളയുമുണ്ട്. സ്വര്‍ണത്തില്‍ പൊതിഞ്ഞ സുവര്‍ണ്ണക്ഷേത്രം ഏറ്റവും മനോഹരമായി കാണുന്ന വേളകളില്‍ ഒന്നാണ് ഗുരു നാനാക്കിന്റെ ജന്മദിനമായ ഗുരു പുരബ് അഥവാ ഗുരു നാനാക്ക് ജയന്തി. ലൈറ്റുകളും പൂക്കളും കൊണ്ട് അലങ്കരിച്ച ഗുരുദ്വാരകളും ഗുരു ഗ്രന്ഥ സാഹിബിന്റെ വായനയുമെല്ലാം സഞ്ചാരികള്‍ക്ക് പ്രത്യേക അനുഭൂതി പകരുന്ന അനുഭവമാകും. നവംബര്‍ 15 നാണ് ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുന്നത്
7. വാരണാസി, ഉത്തർ പ്രദേശ്
ഹിന്ദുക്കളുടെയും, ബുദ്ധമതക്കാരുടേയും, ജൈനമതക്കാരുടേയും പുണ്യ നഗരമാണ്, ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളിൽ ഒന്നായ വാരണാസി. കല്ലു കൊണ്ട് നിർമ്മിച്ച പഴയകാല ക്ഷേത്രങ്ങൾ മുതൽ ആധുനിക ക്ഷേത്രങ്ങൾ വരെ നിരവധി ക്ഷേത്രങ്ങൾ ഇവിടെയെങ്ങും കാണാം. വര്‍ഷത്തില്‍ നാനൂറോളം ഉത്സവങ്ങളും ഇവിടെ കൊണ്ടാടുന്നു. നവംബര്‍ മാസത്തില്‍ പോയാല്‍ മനോഹരമായ ഗംഗാ ഉത്സവം കാണാം. ത്രിപുരാസുരനെ തോൽപ്പിക്കാനും പുണ്യ നദിയായ ഗംഗയിൽ സ്നാനം ചെയ്യാനും ഈ ശുഭദിനത്തിൽ ദേവന്മാർ സ്വർഗത്തിൽ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. നവംബർ 11 മുതല്‍ 15 വരെ നടക്കുന്ന ഉത്സവത്തില്‍ ഗംഗാ ആരതി, ഫ്ലോട്ടിംഗ് ഓയിൽ ഡയസ്, സാംസ്കാരിക പ്രകടനങ്ങൾ, പട്ടം പറത്തൽ, രംഗോലി തുടങ്ങിയ വര്‍ണ്ണാഭമായ കാഴ്ചകള്‍ കാണാം.