മസായി മാരയിലെ ടൂറിസ്റ്റ് വിവാഹം: അഞ്ജലി തോമസിന്റെ അനുഭവക്കുറിപ്പ്
Mail This Article
ആഫ്രിക്കയിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാണു മസായി മാര. നൂറ്റാണ്ടുകൾ പഴക്കമുള്ള ജീവിതരീതി പിൻതുടരുന്നവരാണ് മസായിയിലെ ഗോത്രവാസികൾ. പണ്ടൊരിക്കൽ മസായി ഗ്രാമം സന്ദർശിച്ചതിന്റെ അനുഭവം കോറിൻ ഹോഫ്മൻ എന്ന സഞ്ചാരി പങ്കുവച്ചിട്ടുണ്ട്. ‘ദി വൈറ്റ് മസായി’ എന്ന പുസ്തകത്തിൽ തന്റെ അനുഭവങ്ങൾ കോറിൻ ഹോഫ്മൻ വിശദമായി എഴുതി. അതേ പാതയിലൂടെ മസായിമാര സന്ദർശിച്ചു മലയാളിയും ലോക സഞ്ചാരിയുമായ അഞ്ജലി തോമസ്. മസായി ഗോത്രത്തിലെ ഒരു ചെറുപ്പക്കാരനെ ഒരു ദിവസത്തേക്ക് വിവാഹം കഴിച്ചതിന്റെ അനുഭവം അഞ്ജലി തോമസ് പങ്കുവയ്ക്കുന്നു.
അഞ്ജലിയുടെ ലേഖനം:
ചെറുതെങ്കിലും വൃത്താകൃതിയിലുള്ള മനോഹരമായ വീടുകളാണ് മസായിയിലേത്. വീടുകളുടെ മുന്നിലൂടെ ഞാൻ നടന്നു. ഓരോ വീടും വേലി കെട്ടിത്തിരിച്ചിരിക്കുന്നു. കാട്ടുമൃഗങ്ങളിൽനിന്നു രക്ഷയ്ക്കാണു വേലി. മസായി സമൂഹത്തിന്റെ ചിട്ട പ്രകാരം വേലി കെട്ടൽ പുരുഷൻമാരുെട ഉത്തരവാദിത്തമാണ്. അവരോടൊപ്പം സ്ത്രീകളുമുണ്ട്. പെണ്ണുങ്ങളുടെ വസ്ത്രരീതി രസകരമാണ്. കങ്ഗ എന്നാണ് ആ വസ്ത്രത്തിനു പേര്. അവിടെയുള്ളവരൊന്നും ചെരിപ്പ് ഇടാറില്ല. വലിയ കമ്മൽ ഇട്ടതിനാൽ സ്ത്രീകളുടെ കാതുകൾ നീണ്ടു തൂങ്ങിക്കിടന്നു. പെണ്ണുങ്ങളുടെ ചന്തം ആസ്വദിച്ചു നടക്കുന്നതിനിടെ ഒരു സംഘം ചെറുക്കന്മാർ എന്റെ പുറകെ കൂടി. വഴിയരികിൽ നിന്ന സ്ത്രീകൾ അതു കണ്ട് അടക്കിപ്പിടിച്ചു ചിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു.
എന്റെ പുറകെ വന്ന ചെറുപ്പക്കാരിലൊരാൾ ഇംഗ്ലിഷിൽ വർത്തമാനം തുടങ്ങി. എന്റെ വാച്ച് അവനു വേണം. പകരം അവന്റെ പശുവിനെ എനിക്കു തരാമെന്നു പറഞ്ഞു. ഇത്തരം കച്ചവടങ്ങളെക്കുറിച്ച് നേരത്തേ വായിച്ചു മനസ്സിലാക്കിയതിനാൽ ഞാൻ പതുക്കെ തടിയൂരാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും അതാ വരുന്നു മറ്റൊരാൾ. പുഞ്ചിരിയോടെയാണ് അയാൾ എന്റെ മുന്നിലെത്തിയത്. മിഴിയിണ ചലിക്കാതെ എന്നെത്തന്നെ നോക്കിക്കൊണ്ട് അയാൾ ഷേയ്ക്ക് ഹാൻഡിനായി കൈനീട്ടി.
‘‘ഞാൻ അലക്സ്. ഇവിടത്തെ ഗ്രാമത്തലവന്റെ മകനാണ് ’’ – അദ്ദേഹം സ്വയം പരിചയപ്പെടുത്തി. പൊടുന്നനെ എന്റെ മനസ്സിൽ കോറിൻ ഹോഫ്മൻ എഴുതിയ ലേഖനം ഓർമ വന്നു. ഇതുപോലെ ഒരാളാണ് പണ്ടു ഹോഫ്മന്റെ ഭർത്താവായി മാറിയത്.
ഞാൻ മുഖഭാവം മാറ്റാതെ എന്റെ മുന്നിൽ നിന്നയാളെ സൂക്ഷിച്ചു നോക്കി. കൂടെയുള്ള യുവാക്കളെക്കാൾ ഉയരമുണ്ട് അലക്സിന്. ഒട്ടിയ കവിളുകൾ. കണ്ണുകളിൽ നല്ല തിളക്കം. മെലിഞ്ഞതെങ്കിലും ദൃഡശരീരം. ഉത്സാഹത്തോടെയുള്ള വർത്തമാനം. അയാൾ അൽപം കൂടി ചേർന്നു നിന്ന് കുശലാന്വേഷണം തുടങ്ങി. ഞാൻ നിൽക്കുന്നത് അവരുടെ നാട്ടിലാണെന്നുള്ള അധികാരത്തോടെയാണു പെരുമാറ്റം.
‘‘ഒറ്റയ്ക്കാണോ?’’ അയാൾ ചോദിച്ചു. ‘‘ഞാൻ നിങ്ങളെ വിവാഹം കഴിക്കാം’’ അലക്സിന്റെ ‘ഓഫർ’.
എന്റെ മറുപടിയിൽ അലക്സ് സന്തോഷവാനായി. അദ്ദേഹം മതിമറന്നു ചിരിച്ചു. ഹായ്, എത്ര മനോഹരമായ പുഞ്ചിരി..!
തൽക്കാലം ഞാൻ സഹയാത്രികരോടൊപ്പം സഫാരിക്കു പോയി. അതു കഴിഞ്ഞ് ക്യാംപിലേക്കു മടങ്ങി. സഫാരി കഴിഞ്ഞു കല്യാണം കഴിക്കാമെന്നാണ് അലക്സിനു ഞാൻ വാക്കു നൽകിയത്. ക്യാംപിൽ തിരിച്ചെത്തിയപ്പേഴേയ്ക്കും മസായി യുവാവും ഞാനുമായുള്ള വിവാഹം അവരുടെ ഗ്രാമത്തിൽ വലിയ വാർത്തയായി മാറിയിരുന്നു.
വിദേശികളെ സുങ്ഗു എന്നാണു മസായികൾ വിളിക്കുക. എന്നെയും അവർ സുങ്ഗു എന്നാണു വിളിച്ചത്. എന്നെ കണ്ടപ്പോൾ മസായി പെണ്ണുങ്ങൾ പാട്ടു തുടങ്ങി. കുറച്ചു പേർ അതിനൊത്തു നൃത്തം ആരംഭിച്ചു. അവർക്കൊപ്പമുള്ള പുരുഷന്മാർ ഉയരത്തിൽ ചാടി ചുവടുവച്ചു. ആരാണോ ഏറ്റവും ഉയരത്തിൽ ചാടുന്നത് അവർക്ക് സുന്ദരിയായ വധുവിനെ സ്വന്തമാക്കാം – അതാണ് മസായികളുടെ ആചാരം. ചാട്ടക്കാരുടെ ഇടയിലേക്ക് നായകനെ പോലെ അലക്സ് കടന്നെത്തി. ആർപ്പുവിളിയും ഹർഷാരവവും മുഴങ്ങി. ഏറ്റവും ഉയരത്തിൽ ചാടിയ അലക്സിനെ അവർ വിജയിയായി പ്രഖ്യാപിച്ചു. എന്താണു സംഭവിക്കാൻ പോകുന്നതെന്ന് അറിയാതെ ഞാൻ കാത്തിരുന്നു.