ചോരയും മാംസവും പറ്റിയിരിക്കുന്ന തോൽ പറിച്ചെടുത്ത് ഉണക്കും; ജീവിതച്ചൂടിൽ ഗീത

Mail This Article
പൊരിവെയിലാണു ഗീതയുടെ സന്തോഷം. ചോരയും മാംസക്കഷണങ്ങളും പറ്റിയിരിക്കുന്ന പച്ചത്തോൽ വലിച്ചു പറിച്ച്, വൃത്തിയാക്കി ഉണക്കാനിടുമ്പോൾ നല്ല പൊള്ളുന്ന വെയിലുവേണം. തോൽ ഉണങ്ങുമ്പോഴേക്കും ഗീത കരുവാളിച്ചുപോകും, കാലുവേദന കൊണ്ടു പുളയും. എന്നാലും വാടിത്തളരില്ല.
എത്രയോ വർഷങ്ങളായി ഗീത ശങ്കരനാരായണൻ ഒരുക്കുന്നത് കർണാടക സംഗീതത്തിനുവേണ്ട അവശ്യവസ്തുവാണ് – മൃദംഗത്തിനും ചെണ്ടയ്ക്കും ആവശ്യമായ തോൽ. അതുകൊണ്ടാണ്, കർണാടക സംഗീതജ്ഞൻ ടി.എം.കൃഷ്ണ, മൃദംഗനിർമാണക്കാരെക്കുറിച്ചുള്ള പുതിയ പുസ്തകത്തിൽ ഗീതയുടെ ജീവിതകഥ എഴുതിയത്.
പാലക്കാട് പെരുവെമ്പിലെ മരുതലപ്പറമ്പ് വി.ശങ്കരനാരായണന്റെ ഭാര്യയാണു ഗീത(38). പുതുനഗരത്തുനിന്നാണു തോലുകൾ കിട്ടുന്നത്. വൃത്തിയാക്കി, ഉണക്കിയെടുക്കേണ്ട താമസമേയുള്ളൂ വിറ്റു പോകാൻ. ‘പക്ഷേ മഴക്കാലത്ത് മിണ്ടണ്ട’ – സ്വതസിദ്ധമായ ശൈലിയിൽ ഗീത പറഞ്ഞു.
പണിയില്ലാതെ കുടുംബം പട്ടിണിയിലാകാതിരിക്കാൻ വെട്ടുകാടിനപ്പുറത്ത് കീടക്കല്ലു പെറുക്കാൻ പോകും. കഴുകിയുണക്കിയാൽ ഇരുമ്പു ചേർത്ത് ആട്ടുകല്ലിൽ പൊടിച്ച് അമ്മിക്കല്ലിൽ അരച്ച്, നനുനനുത്ത പൊടിയായി അരിച്ചെടുക്കും. മൃദംഗത്തിന്റെ മധ്യത്തിലെ വൃത്തത്തിനുവേണ്ട കറുത്തപൊടി തയാർ. മഴക്കാലത്തു വിൽക്കുന്നത് ഇതാണ്.
കോയമ്പത്തൂർ ആറുത്തുറത്തെ പ്രമുഖ മൃദംഗനിർമാണക്കാരനായിരുന്ന എസ്.അപ്പുവിന്റെ മൂത്ത മകളാണു ഗീത. എട്ടാം ക്ലാസിൽ പഠിപ്പു നിർത്തി അച്ഛനൊപ്പം തോലൊരുക്കാൻ കൂടി. മൃദംഗനിർമാണത്തിൽ സജീവമായിരുന്ന ഭർത്താവ് ശങ്കരനാരായണനു വയ്യാതായതോടെയാണു ഗീത തോലൊരുക്കി കുടുംബം പോറ്റാൻ തുടങ്ങിയത്. ബിരുദ വിദ്യാർഥി ഗോകുലും 7ാം ക്ലാസിൽ പഠിക്കുന്ന ഗോപികയുമാണു മക്കൾ.