ഇന്ന് മുതൽ ഗുരുവായൂർ ക്ഷേത്രദർശന ആരംഭം, ചടങ്ങുകൾ ഇങ്ങനെ

Mail This Article
സെപ്റ്റംബർ 10 ഗുരുവായൂർ ക്ഷേത്രത്തിന് സവിശേഷ ദിനമാണ്. 6 മാസത്തെ ഇടവേളയ്ക്കു ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്ന് വഴിപാടുകൾ പുനരാരംഭിക്കുന്ന ദിനം. കൂടാതെ 1973 സെപ്റ്റംബർ 10 നായിരുന്നു ഗുരുവായൂർ കേശവന് ഗജരാജ പട്ടം സമ്മാനിച്ചത്. ക്ഷേത്രത്തിൽ ഇപ്പോൾ എഴുന്നള്ളിക്കുന്ന തങ്കത്തിടമ്പ് നിർമിച്ച് ആദ്യമായി എഴുന്നള്ളിച്ചതും മറ്റൊരു സെപ്റ്റംബർ 10നായിരുന്നു– 1975ൽ.
ഇന്ന് അഷ്ടമിരോഹിണി നാൾ. കണ്ണന്റെ പിറന്നാളിനു ക്ഷേത്രം ഒരുങ്ങി. പുഷ്പാലംകൃതമായ ക്ഷേത്രത്തിൽ രാവിലെ 7 നും വൈകിട്ട് 3.30നും കാഴ്ചശീവേലിക്കു സ്വർണക്കോലം എഴുന്നള്ളിക്കും. ഓൺലൈനിൽ ബുക്ക് ചെയ്ത 1000 പേർക്ക് ഇന്നു മുതൽ ഗുരുവായൂരിൽ ദർശന സൗകര്യം.

പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളം അകമ്പടിയാകും. രാത്രി ചുറ്റുവിളക്കുകൾ തെളിച്ച് വിളക്കാചാരത്തോടെ ഇടയ്ക്ക, നാഗസ്വര പ്രദക്ഷിണമുണ്ടാകും. ക്ഷേത്രത്തിലെ പ്രധാന നിവേദ്യമായ അപ്പം രാവിലെ മുതൽ തയാറാക്കും.അത്താഴപൂജയ്ക്ക് 10,000 അപ്പം നിവേദിക്കും. 520 ലീറ്റർ പാൽ പായസവും 150 ലീറ്റർ നെയ്പായസവും നിവേദ്യമുണ്ട്.
ഓൺലൈനിൽ ബുക്ക് ചെയ്ത 1000 പേർക്ക് രാവിലെ 9.30 മുതൽ 12.30 വരെയും വൈകിട്ട് 5 മുതൽ 6 വരെയും രാത്രി 8 മുതൽ 9 വരെയും ഇന്നുമുതൽ ദർശന സൗകര്യമുണ്ട്. ബുക്ക് ചെയ്തവർ ആധാർ കാർഡ് കൊണ്ടുവരണം. നെയ്‌വിളക്ക് ബുക്ക് ചെയ്തവർക്ക് ക്യൂ നിൽക്കാതെ ദർശനം നടത്താം.
ക്ഷേത്രത്തിൽ കൃഷ്ണനാട്ടം ഇന്ന് ആരംഭിക്കും. രാത്രി ദേവസ്വം വകയായി കൃഷ്ണാവതാരം കഥ അരങ്ങേറും. 16 മുതൽ ഭക്തരുടെ വഴിപാടായി കൃഷ്ണനാട്ടം നടക്കും. ആനക്കോട്ടയിൽ സന്ദർശനം അനുവദിക്കുന്ന കാര്യം ഇന്നു ഭരണസമിതി യോഗം തീരുമാനിക്കും.
English Summary : Reopen Guruvayur Temple on Ashtami Rohini Day