കല്ലേലിക്കാവിലെ ഊരാളിയപ്പൂപ്പൻ ; 24 മണിക്കൂറും പ്രാർഥനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്നു ഈ കാനനക്ഷേത്രം
![sree-kallely-oorali-appooppan-kavu കല്ലേലി ഊരാളി അപ്പൂപ്പൻകാവ്. ചിത്രം: നിഖിൽരാജ് ∙ മനോരമ](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/23/sree-kallely-oorali-appooppan-kavu.jpg?w=1120&h=583)
Mail This Article
പഞ്ചഭൂതങ്ങൾ കുടികൊള്ളും അഞ്ച് നടകൾ പിന്നിട്ട്, പ്രാർഥനയുടെ പരവതാനി വിരിക്കുന്ന 41 പടികളിറങ്ങിയാൽ അച്ചൻകോവിലാറിന്റെ വിശ്വാസതീരമായി. ആദി–ദ്രാവിഡ–നാഗ–ഗോത്ര ജനതയുടെ ആചാരങ്ങളിപ്പോഴും അണുവിട തെറ്റാതെ പിന്തുടരുന്ന കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് എന്ന ഭക്തരുടെ അഭയസ്ഥാനം. അച്ചൻകോവിൽ – കോന്നി – ശബരിമല കാനനപാതയിൽ അച്ചൻകോവിലാറിന്റെ തീരത്താണ് 24 മണിക്കൂറും പ്രാർഥനയുടെ വാതിലുകൾ തുറന്നിട്ടിരിക്കുന്ന ഈ കാനനക്ഷേത്രം.
![oorali-appoppan-kavu-1248-05 oorali-appoppan-kavu-1248-05](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-05.jpg)
![oorali-appoppan-kavu-1248-07 oorali-appoppan-kavu-1248-07](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-07.jpg)
മലദൈവങ്ങളുടെ അധിപനാണ് ഊരാളി അപ്പൂപ്പൻ. 999 മലകൾക്ക് കാവലാളായി നിൽക്കുന്ന ഊരാളി അപ്പൂപ്പൻ പാണ്ടിനാടും മലയാളക്കരയും അടക്കിവാണ വീരയോദ്ധാവാണെന്ന് വിശ്വാസം.
![oorali-appoppan-kavu-1248-10 oorali-appoppan-kavu-1248-10](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-10.jpg)
![oorali-appoppan-kavu-1248-04 oorali-appoppan-kavu-1248-04](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-04.jpg)
കല്ലേലി അപ്പൂപ്പന്റെ അനുഗ്രഹം തേടി നാനാദിക്കുകളിൽനിന്ന് ആളുകൾ ദിവസവുമെത്തുന്നു. മേടമാസത്തിലെ പത്താമുദയ ഉത്സവമാണ് പ്രധാനം. കർക്കടകനാളുകളിലും ആളുകളേറെ. അപ്പൂപ്പന് അടുക്ക് വയ്ക്കുക എന്നതാണ് കാവിലെ പ്രധാന ആചാരം.
![oorali-appoppan-kavu-1248-02 oorali-appoppan-kavu-1248-02](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-02.jpg)
കള്ള്, താംബൂലം, കരിക്ക് തുടങ്ങിയവയാണ് അടുക്കിലുള്ളത്. ദിവസവും കരിക്ക് പടേനിയുമുണ്ട്. ചുരുങ്ങിയത് 3 കരിക്കുമുതൽ 999 എണ്ണം വരെ പടേനിക്കായി ഉപയോഗിക്കുന്നു. മലകളെ ഉണർത്തി, ഊട്ടി, സ്തുതിക്കുക എന്ന വിശ്വസത്തിലാണ് ഇവിടുത്തെ പൂജകൾ.
![oorali-appoppan-kavu-1248-12 oorali-appoppan-kavu-1248-12](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-12.jpg)
അപ്പൂപ്പനോടുള്ള പ്രാർഥനകൾ ഉച്ചത്തിലാകണമെന്നാണ് നിഷ്ഠ. താളത്തിൽ വിളിച്ചുചൊല്ലിയുള്ള പ്രാർഥനയാണ് ആചാരം. കാവിന്റെ അധിപനായി ഊരാളി അപ്പൂപ്പനയെയും തെട്ടരികിൽ ഊരാളി അപ്പൂപ്പന്റെ അമ്മയെന്ന സങ്കൽപത്തിൽ അമ്മൂമ്മയെയും പ്രതിഷ്ഠിച്ചിരിക്കുന്നു.
![oorali-appoppan-kavu-1248-08 oorali-appoppan-kavu-1248-08](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-08.jpg)
ഇവർക്ക് എതിർവശത്തായാണ് ഊരാളി അപ്പൂപ്പനെനേരിട്ടു കണ്ടെന്നു വിശ്വസിക്കുന്ന വടക്കൻചേരി വല്യച്ചൻ ഉപദൈവമായി കുടികൊള്ളുന്നത്. കരിഗണപതിയെന്ന് അറിയപ്പെടുന്ന കൗള ഗണപതി, കുട്ടിച്ചാത്തൻ, വിഷ്ണു സങ്കൽപത്തിലുള്ള ഹരിനാരായണ തമ്പുരാൻ എന്നിവരാണ് മറ്റ് ഉപദൈവങ്ങൾ.
![oorali-appoppan-kavu-1248-06 oorali-appoppan-kavu-1248-06](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-06.jpg)
![oorali-appoppan-kavu-1248-11 oorali-appoppan-kavu-1248-11](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-11.jpg)
ദിവസവും പൊങ്കാലയും രാവിലെ 9 മുതൽ വൈകിട്ടുവരെ അന്നദാനവുമുണ്ട്. കോവിഡ് കാലത്തുപോലും അന്നദാനത്തിന് മുടക്കം വന്നിട്ടില്ലെന്ന് ക്ഷേത്രം അപ്പൂപ്പൻകാവ് ഭരണസമിതി പ്രസിഡന്റ് അഡ്വ. സി.വി.ശാന്തകുമാർ, ആത്മീയ ഉപദേഷ്ടാവ് സീതത്തോട് രാമചന്ദ്രൻ, സെക്രട്ടറി സി.വി.സലിംകുമാർ എന്നിവർ പറയുന്നു.
![oorali-appoppan-kavu-1248-03 oorali-appoppan-kavu-1248-03](https://img-mm.manoramaonline.com/content/dam/mm/mo/astrology/astro-news/images/2022/7/28/oorali-appoppan-kavu-1248-03.jpg)
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള അഭേദ്യ ബന്ധത്തിന്റെ പ്രതീകമാണ് കാവിലെ ചടങ്ങുകൾ. വാനരയൂട്ടും മീനൂട്ടും ഉദാഹരണങ്ങളാണ്. അച്ചൻകോവിലാറ്റിൽ കാവിനു ചേർന്നുള്ള കടവിലെ മത്സ്യസമ്പത്തും കാവിനു തണലാകുന്ന വന്മരങ്ങളിലെ വാനരനക്കൂട്ടവുമൊക്കെ കണ്ണിനാനന്ദമാകുന്നു.
കാട്ടിൽനിന്നു ലഭിക്കുന്ന കിഴങ്ങുവർഗങ്ങളായ നൂറകൻ, മാന്തല്, മടിക്കിഴങ്ങ്, ചികറ്, കാവ് എന്നിവയ്ക്കൊപ്പം കപ്പ, കാച്ചിൽ, ചേന, ചേമ്പ്, കിഴങ്ങ് എന്നിവ ഇവിടെ ദിവസവും ചുട്ടുവയ്ക്കുന്നു.
ഉമിയോടുകൂടിയ നെല്ല്, മുളയരി തുടങ്ങിയ ധാന്യങ്ങൾ ചേർത്തുണ്ടാക്കുന്ന വറപൊടി പ്രസാദം ഔഷധഗുണമേറിയതാണ്. പ്രാചീനകാലം മുതലുള്ളതും എഴുതിച്ചിട്ടപ്പെടുത്തിയിട്ടില്ലാത്തതുമായ കുംഭപ്പാട്ട് ഇവിടെ പൂജകളുടെ ഭാഗമാണ്. മുളങ്കമ്പ് വെള്ളാരം കല്ലിലിടിച്ചും കമുകിൻപാളയിൽ കാട്ടുകമ്പുകൾ കൊട്ടിയും ഇരുമ്പുപണിയായുധങ്ങൾ കൂട്ടിത്തട്ടിയും കുംഭപ്പാട്ടിനു താളമൊരുക്കുന്നു. വിശേഷദിനങ്ങളിൽ ഭരതക്കളി, പടേനിക്കളി, മുടിയാട്ടം എന്നിവയും അരങ്ങേറും.