ADVERTISEMENT

ആസ്വാദനത്തിലെ ആകാംക്ഷയെന്ന ഇരയിട്ട് ആളുകളെ വീഴ്ത്തുന്നതില്‍ അഗ്രഗണ്യന്മാരാണ് പോക്കറ്റ് എഫ്.എം. മൊബൈലില്‍ നാം ഊളിയിടുമ്പോഴെല്ലാം പോക്കറ്റ് എഫ്.എം ഇതാ ഞങ്ങളുടെ ഒരു കഥ നിങ്ങളൊന്ന് നോക്കിയാട്ടെയെന്ന മട്ടില്‍ എത്തിനോക്കുന്നുണ്ടാവും. കണ്ടന്റിലെ അസാധ്യ ഹുക്കാണ് ഇവർ ഡിജിറ്റല്‍ മീഡിയയിലൂടെ നമ്മുടെയടുത്തേക്ക് ആദ്യമെത്തിക്കാന്‍ നോക്കുക. എല്ലാ തരത്തിലുമുള്ള കഥകളുമുണ്ടെങ്കിലും ഇവരുടെ ഡിജിറ്റല്‍ പരസ്യത്തില്‍ പൊതുവെ പൊന്തിവരുന്നത് ജിജ്ഞാസ ഉണർത്തുന്ന കഥകളാണ്. 

ആദ്യം തന്നെ നായകനോ നായികയോ യഥാർത്ഥത്തില്‍ വന്‍പുലികളാണെന്ന് നമ്മളോട് പ്രഖ്യാപിക്കുന്ന ആഖ്യാനശൈലിയാണ് കഥകളുടെ പരസ്യത്തില്‍ ഇവർ അവലംബിക്കുന്നത്. പക്ഷേ, അവർ പ്രത്യേക സാഹചര്യങ്ങളില്‍ ദയനീയമായി ജീവിക്കുന്നു. സ്വാഭാവികമായും ഇത്രയുമറിയുന്ന കേള്‍വിക്കാരന്‍ ഈ നായകന്‍ തന്‍റെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തി ചുറ്റുമുള്ളവരെ ഞെട്ടിക്കുന്ന മൊമന്റിനായി കാത്തിരിക്കും. 

radio-2

ഉദാഹരണത്തിന്, ഭാര്യവീട്ടില്‍ ദരിദ്രനാരായണനായി ജീവിക്കുന്ന അർജുന്‍ യഥാർത്ഥത്തില്‍  ശതകോടീശ്വരനല്ലേ, എന്തിനാണ് ഭാര്യയറിയാതെ അർജുന്‍ ഇങ്ങനെയൊരു വേഷം കെട്ടിയാടുന്നത് അല്ലെങ്കില്‍ ഇന്നത്തെ പാർട്ടിയില്‍ ഓഫിസ് ബോയിയായ രമേഷ് എങ്ങനെയാണ് വിലയേറിയ കോട്ടുമിട്ട് വന്ന് കമ്പനി ചെയർമാനുമായി സംസാരിക്കുന്നത്, രമേഷിന്‍റെ രഹസ്യമെന്താണ്......ചുറ്റുമുള്ളവർ വണ്ടറടിക്കുന്നു, നമ്മള്‍ പോക്കറ്റ് എഫ്.എം ഡൗണ്‍ലോഡ് ചെയ്യുന്നു. 

ഐ.ഐ.ടി ഖരഗ്പൂരില്‍ പഠിച്ചിറങ്ങിയ രോഹന്‍ നായക്, എസ്. നിശാന്ത് എന്നിവരാണ് സ്ഥാപകർ. ഇവരുടെ കൂടെ നിശാന്തിന്‍റെ കൂടെ മുന്‍പ് ജോലി ചെയ്തിരുന്ന പ്രതീക് ദീക്ഷിത് കൂടി ചേർന്നതോടെ കമ്പനി ഓണായി. 

2018 ല്‍ ഓഡിയോ സീരിസ് സ്റ്റാർട്ടപ്പായി വന്ന പോക്കറ്റ് എഫ്.എമ്മിന്‍റെ പ്രവർത്തനഫലം അമ്പരപ്പിക്കുന്നതാണ്. 2024 മാർച്ചില്‍ അവസാനിച്ച സാമ്പത്തികവർഷം 1052 കോടി രൂപയുടെ വരുമാനമാണ് കമ്പനി നേടിയത്. ഇത് 2023 ല്‍ വെറും 176 കോടി രൂപയായിരുന്നു. നടപ്പ് സാമ്പത്തികവർഷം വരുമാനത്തില്‍ 80 ശതമാനത്തിന്റെ വർധനയുണ്ടാവുമെന്ന് മാനേജ്മെന്റ് പറയുന്നു. നഷ്ടം 208 കോടിയില്‍ നിന്ന് 165 കോടിയായി കുറയുകയും ചെയ്തു. 

സബ്സ്ക്രിപ്ഷനിലൂടെയാണ് വരുമാനത്തിന്റെ പ്രധാന പങ്കും വരുന്നത്. ബാക്കി പരസ്യത്തിലൂടെയും. 20 രാജ്യങ്ങളില്‍ നിലവില്‍ ഇത് ലഭ്യമാണ്. മലയാളം ഉള്‍പ്പെടെ വിവിധ ഇന്ത്യന്‍ ഭാഷകളിലും ലഭ്യമാണ്. 13 കോടി പ്രേക്ഷകരാണ് നിലവിലുള്ളത്. ലാഭത്തിലേക്ക് അധികം താമസിയാതെ എത്തുമെന്നാണ് വിലയിരുത്തല്‍. കണ്ടന്റിൽ നല്ല പണച്ചെലവുണ്ടെന്നതാണ് ലാഭം വൈകാന്‍ കാരണം. പക്ഷേ, കണ്ടന്റിൽ കോംപ്രമൈസില്ല.

radio-1

കാര്യം ഓഡിയോ സീരിസാണെങ്കിലും ഇപ്പോള്‍ വീഡിയോയും കഥക്കൊപ്പം കാണാനാവും. പ്രീമിയം മോഡലാണ് കമ്പനി പരീക്ഷിക്കുന്നത്. 15 മിനുട്ട് ഫ്രീ കൊടുത്ത് ആകർഷിച്ച് നിർത്തി പിന്നീട് ചെറിയ തുകയ്ക്ക് കൂടുതല്‍ സമയം നല്‍കുന്നതാണ് ഈ മോഡല്‍. എപ്പിസോഡ് ആയി ലഭ്യമാകാന്‍ രണ്ടു രൂപ പോലുള്ള തുകയായതിനാല്‍ മൈക്രോപെയ്മെന്റ് എന്നാണ് കമ്പനി ഇതിനെ വിളിക്കുന്നത്. 

ഓഡിയോയിലെ യൂട്യൂബ് സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് വേണമെങ്കില്‍ പറയാം. ലാറ്റിന്‍ അമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലൊക്കെ കടന്നു കയറാനാണ് ശ്രമം. ഇവരുടെ 30 ഓഡിയോ സീരിസ് 10 കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുണ്ടാക്കിയിട്ടുണ്ട്. ഇതില്‍ തന്നെ ഏഴെണ്ണം 100 കോടിക്ക് മുകളിലാണ്. 

ഇതിനു പുറമെ പോക്കറ്റ് നോവല്‍ എന്നു പറയുന്ന റീഡിങ് പ്ളാറ്റ്ഫോമും ഇവർക്കുണ്ട്. ഒന്നരലക്ഷം എഴുത്തുകാരും രണ്ടരലക്ഷം നോവലുകളും ഇതിനോടകം തന്നെയുണ്ട്. കമ്പനിയുടെ പ്രധാന പ്രതിയോഗികള്‍ കുക്കു എഫ്.എം, സ്പോട്ടിഫൈ, ആമസോണ്‍ ഓഡിബിള്‍ എന്നിവരാണ്. 

English Summary:

Discover how Pocket FM leverages anticipation in its content and marketing to achieve remarkable success in the audio entertainment industry. Learn about their journey, innovative strategies, and future plans.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com