ബജറ്റോടെ ഇന്ധന വില കുറയുമോ? എഥനോൾ കാര്യങ്ങൾ മാറ്റി മറിക്കുമോ?

Mail This Article
വരുന്ന ബജറ്റിൽ എന്തിനൊക്കെ വില കുറയുമെന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സാധാരണക്കാർ. പണപ്പെരുപ്പം പോക്കറ്റ് ചോർച്ച കൂട്ടുന്നതിനാൽ ഇത് നിയന്ത്രിക്കാനുള്ള കാര്യങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ധന വില കുറഞ്ഞാൽ പച്ചക്കറി മുതൽ ഗതാഗതം വരെ എല്ലാത്തിനും വില കുറയുമെന്നതിനാൽ ബജറ്റിൽ പെട്രോൾ, ഡീസൽ വില കുറയ്ക്കുമെന്ന പ്രതീക്ഷ എല്ലാവർക്കുമുണ്ട്.
എഥനോൾ പകരക്കാരനാകുമോ?
അടുത്ത രണ്ട് മാസത്തിനുള്ളിൽ 20 ശതമാനം എഥനോൾ മിശ്രിതം എന്ന ലക്ഷ്യം കൈവരിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ജനുവരി 15 നു പറഞ്ഞിരുന്നു. ബജറ്റ് ചർച്ചകളോടനുബന്ധിച്ച് ഇത് കൂട്ടി വായിക്കുമ്പോൾ എഥനോൾ മിശ്രിതം കലർത്തൽ ഇന്ധന വില കുറയ്ക്കുമെന്ന് വിലയിരുത്തലുകളുണ്ട്.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, മാരുതി സുസുക്കി, ഹ്യുണ്ടായ് മോട്ടോഴ്‌സ് എന്നിവ 100 ശതമാനം ബയോ എഥനോൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങളുടെ നിർമാണം ആരംഭിച്ചതായി മന്ത്രി പറഞ്ഞു.ലോകത്തിലെ ഏറ്റവും മലിനമായ 50 നഗരങ്ങളിൽ 42 ഇന്ത്യൻ നഗരങ്ങളും ഉൾപ്പെട്ടതിനാൽ മലിനീകരണം രാജ്യത്ത് ഗുരുതരമായ പ്രശ്നമാണെന്ന് ഗഡ്കരി പറഞ്ഞു. 22 ലക്ഷം കോടി രൂപയുടെ ഫോസിൽ ഇന്ധനം ഇറക്കുമതി ചെയ്യുന്നതും മലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ സുരക്ഷയെ ബാധിക്കുമോ?
ഫ്ളക്സ് ഫ്യൂൽ വാഹനങ്ങളിൽ 85 ശതമാനവും എഥനോളും, പെട്രോൾ 15 ശതമാനവുമാണ് ഉപയോഗിക്കുന്നത്. എന്നാൽ കാർഷിക ഉൽപന്നങ്ങളിൽ നിന്നും എഥനോൾ ഉൽപ്പാദിപ്പിക്കേണ്ടി വരുന്നത് ഭക്ഷ്യ സുരക്ഷയെ ബാധിക്കുമോ എന്ന പേടി സർക്കാരിനുണ്ട്.
2023 ഡിസംബർ മുതൽ 2024 ഓഗസ്റ്റ് വരെ എഥനോൾ ഉൽപ്പാദിപ്പിക്കുന്നതിന് കരിമ്പ് ജ്യൂസോ സിറപ്പോ ഉപയോഗിക്കരുതെന്ന് കേന്ദ്ര സർക്കാർ പഞ്ചസാര മില്ലുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്ധന ചില്ലറ വ്യാപാരികൾ ഗ്യാസോലിനുമായി കലർത്താൻ പഞ്ചസാര മില്ലുകളിൽ നിന്ന് എഥനോൾ വാങ്ങുകയും ജ്യൂസിൽ നിന്നും ബി-ഹെവി മോളാസസിൽ നിന്നും ഉത്പാദിപ്പിക്കുന്ന എഥനോളിന് ഉയർന്ന വില നൽകുകയും ചെയ്യുന്നതിനാൽ പഞ്ചസാര മില്ലുകൾക്കും എഥനോൾ ഉൽപ്പാദനത്തിന് നല്ല താല്‍പര്യമാണ്.
എന്നാൽ അവശ്യ വസ്തുവായ പഞ്ചസാരയുടെ വില ഉയർന്ന് പോകുന്നത് സാധാരണക്കാരുടെ പോക്കറ്റ് ചോർത്തും എന്നത് കൊണ്ടും, തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുമാണ് കുറച്ച് മാസങ്ങളിലേക്ക് ഇത്തരമൊരു നിയന്ത്രണം നടപ്പിൽ വരുത്തിയതെന്ന ആക്ഷേപമുണ്ട്. എന്തായാലും ഈ വർഷം മുതൽ എഥനോൾ ഉൽപ്പാദനം കൂട്ടുകയാണെങ്കിൽ അത് കരിമ്പ്കർഷകർക്കും നേട്ടമാകും എന്ന വിലയിരുത്തലുകളുമുണ്ട്.
ഇതുമായി ബന്ധപ്പെട്ട ഓഹരികൾ
നൂറിലധികം രാജ്യങ്ങളിൽ ഉപഭോക്താക്കളുള്ള ഒരു കുത്തക കമ്പനിയാണ് പ്രാജ് ഇൻഡസ്ട്രീസ്. കടമില്ലാത്ത ഈ കമ്പനി എഥനോൾ പ്ലാന്റ് നിർമാണ മേഖലയിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലുമാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പെട്രോളിന് പകരക്കാരനായും, പെട്രോളിന്റെ കൂടെ ചേർത്തും ഉപയോഗിക്കാമെന്നതിനാൽ എഥനോൾ ഉൽപ്പാദക കമ്പനികളുടെ ഭാവി സാധ്യതകൾ അനന്തമാണ്. ഇത് കൂടാതെയുള്ള ഉപയോഗങ്ങളും എത്തനോളിനുണ്ട്.

ഭൂമിയുടെ സുസ്ഥിര നിലനിൽപ്പിനു മലിനീകരണം കുറയ്ക്കാൻ എഥനോൾ അടിസ്ഥാനമാക്കിയുള്ള ഇന്ധനങ്ങൾ സഹായിക്കുമെന്നുള്ളതും ഒരു 'സുസ്ഥിര വളർച്ച' ഉറപ്പു വരുത്തുന്ന ഓഹരി എന്ന നിലയിൽ പ്രാജിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. എഥനോൾ മിശ്രിതം കലർത്തൽ ഇന്ത്യയിൽ കൂട്ടുകയാണെങ്കിൽ, പഞ്ചസാര നിർമ്മാതാക്കളായ ഇഐഡി-പാരി, ബൽറാംപൂർ ചിനി മിൽസ്, ശ്രീ രേണുക, ബജാജ് ഹിന്ദുസ്ഥാൻ, ദ്വാരകേഷ് ഷുഗർ എന്നിവയുടെ ഓഹരികൾക്കും നേട്ടമുണ്ടായേക്കാം എന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ചുരുക്കി പറഞ്ഞാൽ മലിനീകരണം കുറയ്ക്കുക, പരിസ്ഥിതിയെ സുസ്ഥിരമായി സംരക്ഷിക്കുക, ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി കുറക്കുക, പണപ്പെരുപ്പം നിയന്ത്രിക്കുക, കരിമ്പ് കർഷകരെ സഹായിക്കുക എന്നീ ലക്ഷ്യങ്ങൾ എല്ലാം എഥനോൾ മിശ്രിതം കലർത്തലിലൂടെ പരിഹരിക്കാനാകും എന്ന സൂചന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ വാക്കുകളിൽ ഒളിച്ചിരിക്കുന്നുണ്ട്.