ഇളവുകളുണ്ട്; പ്രയോജനമില്ല : വേണ്ടത് പണപ്പെരുപ്പ ബന്ധിത നികുതി സ്‌ലാബുകളും ഇളവുകളും

Mail This Article
കൊച്ചി ∙ വിവിധ ഇനം ഒഴിവുകൾക്കും ഇളവുകൾക്കും പരിഗണിക്കപ്പെടുന്ന വരുമാന പരിധി പണപ്പെരുപ്പത്തിനോ ജീവിതച്ചെലവിനോ ആനുപാതികമായി പരിഷ്‌കരിക്കാത്തതിനാൽ ആനുകൂല്യങ്ങളുടെ പ്രയോജനം അർഹമായ തോതിൽ ആദായ നികുതിദായകർക്കു ലഭിക്കാതെപോകുന്നു.
നികുതി ബാധ്യത കണക്കാക്കുന്നതിനു പഴയ സ്‌കീം സ്വീകരിച്ചിട്ടുള്ള വ്യക്‌തിഗത ആദായ നികുതിദായകരുടെ 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തെ നികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കിക്കൊണ്ടുള്ള പരിഷ്കാരം ഏർപ്പെടുത്തിയതു 11 വർഷം മുൻപാണ്. ഈ പരിധി നിലവിലെ വാർഷിക പണപ്പെരുപ്പ നിരക്കുമായി തട്ടിച്ചുനോക്കിയാൽ 1.4 ലക്ഷം രൂപയ്‌ക്കു തുല്യമേ ആകുന്നുള്ളൂ. അന്നത്തെ 2.5 ലക്ഷത്തിന്റെ യഥാർഥ മൂല്യം കാലോചിതമാകണമെങ്കിൽ വരുമാന പരിധി 5.7 ലക്ഷമായെങ്കിലും പരിഷ്‌കരിക്കേണ്ടതുണ്ട്. ചില്ലറ ജോലികൾക്കു പൊതുവേ ആശ്രയിക്കപ്പെടുന്നവർക്കു പോലും ഇപ്പോൾ വാർഷിക വരുമാനം 2.5ലക്ഷത്തിൽ കൂടുതലാണ്.
സേവിങ്‌സ് നിക്ഷേപത്തിനു ലഭിക്കുന്ന 10,000 രൂപ വരെയുള്ള പലിശയെ മാത്രമാണ് നികുതി ബാധ്യതയിൽനിന്ന് ഒഴിവാക്കിയിട്ടുള്ളത്. ഈ പരിധി നിശ്‌ചയിച്ചിട്ടു 12 വർഷം കഴിഞ്ഞിരിക്കുന്നു. ഇതിനിടെ അന്നത്തെ 10,000 രൂപയുടെ മൂല്യം പണപ്പെരുപ്പം മൂലം 4500 രൂപയിലേക്കെങ്കിലും ചുരുങ്ങിയിട്ടുണ്ട്.
1,50,000 രൂപ മാത്രമാണു ലൈഫ് ഇൻഷുറൻസ് പ്രീമിയം, പ്രൊവിഡന്റ് ഫണ്ട് നിക്ഷേപം, ഭവന വായ്പയിലെ മുതലിലേക്കുള്ള തിരിച്ചടവ് തുടങ്ങിയവയ്ക്ക് ആദായ നികുതി നിയമത്തിലെ 80 സി അനുസരിച്ചുള്ള പരമാവധി ഇളവ്. 2014ൽ നിശ്ചയിച്ചതാണ് ഈ പരിധി. ഈ തുകയുടെ നിലവിലെ മൂല്യം 60,000 രൂപ മാത്രമാണ്. 2.6ലക്ഷം എന്നു പരിധി നിശ്‌ചയിക്കപ്പെട്ടാൽ മാത്രമേ നിരക്കു കാലോചിതമാകൂ.
ഭവന വായ്പയുടെ പലിശ ഇനത്തിലെ തിരിച്ചടവിന് അനുവിദിച്ചിട്ടുള്ള നികുതി ഇളവ് 2,00,000 രൂപയായി തുടരുന്നു. ഈ ഇളവു പരിധി നിശ്ചയിച്ചതും 2014ൽതന്നെ. സഞ്ചിത പണപ്പെരുപ്പ നിരക്കുമായി പൊരുത്തപ്പെടുന്ന ഇളവാണ് ഇതിനും നിശ്ചയിക്കേണ്ടത്.
25,000രൂപവരെയുള്ള മെഡിക്കൽ ഇൻഷുറൻസ് പ്രീമിയത്തിനു 2016ൽ നിശ്‌ചയിച്ച നികുതി ഒഴിവു മാറ്റമില്ലാതെ തുടരുന്നു. അന്നത്തെ 25,000രൂപയുടെ നിലവിലെ മൂല്യം 14,750 രൂപ മാത്രമാണ്. 41,000 രൂപയിലേക്കെങ്കിലും തുക ഉയർത്തിയാൽ മാത്രമേ നികുതിദായകർക്ക് അർഹതപ്പെട്ട പ്രയോജനം ലഭിക്കുകയുള്ളൂ.
പഴയ സ്‌കീമിലെയും പുതിയ സ്‌കീമിലെയും സ്‌ലാബുകളും വ്യത്യസ്‌തം. പണപ്പെരുപ്പ ബന്ധിത നികുതി (ഇൻഫ്‌ളേഷൻ ഇൻഡക്‌സ്‌ഡ് ടാക്‌സ്) സ്‌ലാബുകളും ഒഴിവുകളും ഏർപ്പെടുത്തിയാൽ ആനുകൂല്യങ്ങളുടെ യഥാർഥ മൂല്യം നികുതിദായകർക്കു ലഭിക്കുമെന്നു നികുതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ ഇക്കൊല്ലത്തെ ബജറ്റിൽ ഇക്കാര്യം പരിഗണിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവയ്ക്കുന്നു.
പണപ്പെരുപ്പ ബന്ധിത നികുതി സ്‌ലാബുകളും ഇളവുകളും എന്ന രീതിയാണു യുഎസ്, ജർമനി, ഫിൻലൻഡ്, സ്വീഡൻ, നോർവേ, ഓസ്ട്രിയ തുടങ്ങി പല രാജ്യങ്ങളും സ്വീകരിച്ചിട്ടുള്ളത്. പണപ്പെരുപ്പത്തിന്റെ ഉപോൽപന്നമായ ജീവിതച്ചെലവിനെ അടിസ്ഥാനമാക്കി നികുതി ബാധ്യത നിർണയിക്കപ്പെട്ടാൽ ആനുകൂല്യങ്ങളുടെ യഥാർഥ മൂല്യം നികുതിദായകർക്കു ലഭിക്കുമെന്നു മാത്രമല്ല അവരുടെ ക്രയശേഷി സംരക്ഷിക്കപ്പെടുമെന്ന നേട്ടവുമുണ്ട്.