വിലക്കയറ്റത്തോത് ആശ്വാസ നിരക്കിലേക്ക്; കുറഞ്ഞേക്കും ബാങ്ക് വായ്പാ പലിശഭാരവും

Mail This Article
കൊച്ചി ∙ വ്യവസായ, വാണിജ്യ മേഖലകൾക്കും ഓഹരി വിപണിക്കും വിലക്കയറ്റം മൂലം വിഷമത്തിലായ ജനങ്ങൾക്കാകെത്തന്നെയും ആശ്വാസമാകുംവിധം വിലക്കയറ്റത്തോത് 4% എന്ന നിർണായക നിലവാരത്തിനു താഴേക്ക്. നാഷനൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസ് (എൻഎസ്‌ഒ) ഇന്നു പ്രഖ്യാപിക്കുന്ന നിരക്ക് 3.8% – 3.98% ആയിരിക്കാനാണു സാധ്യതയെന്നു സാമ്പത്തിക ശാസ്ത്രജ്ഞർ പൊതുവേ അനുമാനിക്കുന്നു. ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

വായ്‌പ നിരക്കിൽ വീണ്ടും ഇളവു പ്രഖ്യാപിക്കാൻ റിസർവ് ബാങ്കിനു വിലക്കയറ്റത്തോതു കുറയുന്നതു സഹായകമാകും. ഉപഭോക്‌തൃ വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള വിലക്കയറ്റ നിരക്ക് ജനുവരിയിൽ 4.3 ശതമാനമായിരുന്നു. കഴിഞ്ഞ മാസത്തെ നിരക്ക് 3.98% വരെ താഴ്‌ന്നിരിക്കാനാണു സാധ്യതയെന്ന അഭിപ്രായം ഇക്കഴിഞ്ഞ 4 – 10 തീയതികൾക്കിടയിൽ റോയിട്ടേഴ്‌സ് 45 സാമ്പത്തിക ശാസ്‌ത്രജ്‌ഞർക്കിടയിൽ നടത്തിയ വോട്ടെടുപ്പിലേതാണ്. 3.4 – 3.8 ശതമാനമെന്നാണു ബാങ്കിങ് മേഖലയിലെ ചില സാമ്പത്തിക ശാസ്‌ത്രജ്‌ഞരുടെ അനുമാനം.

വിലക്കയറ്റത്തോതിലെ തുടരുന്ന ഇടിവിനു കാരണം ഭക്ഷ്യോൽപന്നങ്ങളുടെ വില കുറയുന്നതാണ്. പച്ചക്കറികളുടെ മാത്രമല്ല ധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവയുടെയും ലഭ്യത വർധിച്ചിട്ടുള്ളതിനാലാണു വില കുറയുന്നത്. സൂചികയിൽ ഭക്ഷ്യോൽപന്നങ്ങളുടേതാണ് 45.9% പ്രാതിനിധ്യം.
ആർബിഐ കഴിഞ്ഞ മാസം വായ്‌പ നിരക്കിൽ 0.25% കുറവു വരുത്തിയിരുന്നു. അഞ്ചു വർഷത്തെ ഇടവേളയ്‌ക്കു ശേഷമായിരുന്നു ഈ നടപടി. വിലക്കയറ്റത്തോതു കുറയുന്നതു തുടരുന്ന സാഹചര്യത്തിൽ അടുത്ത മാസം ചേരുന്ന പണനയ നിർണയ സമിതി (എംപിസി) 0.25% ഇളവു കൂടി നിർദേശിച്ചേക്കാം.

അതിനിടെ, മൊത്ത വില സൂചികയെ അടിസ്‌ഥാനമാക്കിയുള്ള വിലക്കയറ്റത്തോത് ജനുവരിയിൽ 2.31% ആയിരുന്നതു കഴിഞ്ഞ മാസം 2.36 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ടാകാമെന്നു സാമ്പത്തിക നിരീക്ഷകർ സംശയിക്കുന്നു. ഉപഭോക്‌തൃ വിലകളെ അടിസ്‌ഥാനമാക്കിയുള്ള സൂചിക (സിപിഐ) യും മൊത്ത വിലകളെ ആശ്രയിച്ചു നിർണയിക്കുന്ന സൂചിക (ഡബ്ല്യുപിഐ) യും വിലക്കയറ്റത്തോതു സംബന്ധിച്ചു വിരുദ്ധ ചിത്രങ്ങൾ മുൻപും നൽകിയിട്ടുണ്ട്.
ഡബ്ല്യുപിഐ സൂചിക നിർണയിക്കുന്നതു മൊത്ത വ്യാപാര വിപണികളിലെ വിലകളെ ആശ്രയിച്ചാണെങ്കിൽ സിപിഐ സൂചിക ആശ്രയിക്കുന്നത് ഉപഭോക്‌താക്കൾ ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കും നൽകുന്ന വിലകളെയാണ്. സേവനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ളതാണു ഡബ്ല്യുപിഐ സൂചിക. സമ്പദ്‌വ്യവസ്‌ഥയുടെ 50 ശതമാനത്തോളം സേവന മേഖലയുടെ വിഹിതമാണുതാനും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business