ആശ്വസിപ്പിക്കുമോ ആർബിഐയും; പലിശ കുറച്ചാൽ ആദായനികുതി ഇളവിനേക്കാൾ ‘ബംപർ ലോട്ടറി’, കുറയും ഇഎംഐ

Mail This Article
റിസർവ് ബാങ്കിന്റെ നടപ്പു സാമ്പത്തിക വർഷത്തെ (2024-25) അവസാന പണനയ പ്രഖ്യാപനം നാളെ. അടിസ്ഥാന പലിശനിരക്ക് (റീപ്പോനിരക്ക്) കാൽ ശതമാനം (0.25%) കുറച്ചേക്കും. പലിശനിരക്ക് കുറച്ചാൽ അത്, കേന്ദ്ര ബജറ്റിൽ ആദായനികുതി ഇളവ് ലഭിച്ചതിനേക്കാൾ വലിയ ആശ്വാസമായിരിക്കും പൊതുജനങ്ങൾക്കും ബിസിനസ് ലോകത്തിനും സമ്മാനിക്കുക. ആദായനികുതി ഇളവ്, നികുതിദായക കുടുംബങ്ങൾക്കാണ് നേട്ടമായതെങ്കിൽ, ബാങ്ക് വായ്പയുടെ പലിശഭാരം കുറയുന്നത് രാജ്യത്തെ ഒട്ടുമിക്ക കുടുംബങ്ങൾക്കും തന്നെ വലിയ ആശ്വാസമാകും.
കോവിഡ് പശ്ചാത്തലത്തിൽ 2020 മേയിലായിരുന്നു റിസർവ് ബാങ്ക് ഇതിനുമുമ്പ് പലിശനിരക്ക് കുറച്ചത്. വിരമിച്ച ശക്തികാന്ത ദാസിന്റെ പകരക്കാരനായി റിസർവ് ബാങ്ക് ഗവർണർ പദവിയേറ്റെടുത്ത സഞ്ജയ് മൽഹോത്രയുടെയും കഴിഞ്ഞമാസം പടിയിറങ്ങിയ ഡെപ്യൂട്ടി ഗവർണർ ഡോ. മൈക്കൽ പാത്രയുടെ പകരക്കാരൻ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവുവിന്റെയും ആദ്യ എംപിസി യോഗമാണിത്.
പലിശഭാരം കുറയ്ക്കാൻ വൻ സാധ്യത
2023 ഫെബ്രുവരിക്കുശേഷം പലിശനിരക്ക് പരിഷ്കരിക്കാൻ റിസർവ് ബാങ്ക് തയാറായിട്ടില്ല. കേന്ദ്രമന്ത്രിമാരിൽ നിന്നുൾപ്പെടെ സമ്മർദമുണ്ടായിട്ടും റിസർവ് ബാങ്ക് ഗവർണർ അധ്യക്ഷനായ ആറംഗ എംപിസി കുലുങ്ങിയിരുന്നില്ല. എന്നാൽ, ഇക്കുറി സാഹചര്യം വ്യത്യസ്തം. ശക്തികാന്ത ദാസ് പോയി, സഞ്ജയ് മൽഹോത്ര വന്നു. ദാസിനേക്കാൾ, കേന്ദ്രത്തിന്റെ വിശ്വസ്തനാണ് മൽഹോത്ര.

നടപ്പുവർഷം (2024-25) ജിഡിപി വളർച്ച 4 വർഷത്തെ താഴ്ചയായ 6.4 ശതമാനത്തിലേക്ക് വീഴുമെന്നും അടുത്തവർഷവും (2025-26) വളർച്ച 7 ശതമാനത്തിൽ കൂടില്ലെന്നും കേന്ദ്രം തന്നെ കരുതുന്നു. ഉപഭോഗത്തിലുണ്ടായ മാന്ദ്യമാണ് തിരിച്ചടി. ഇതു പരിഹരിക്കുക കൂടി ലക്ഷ്യമിട്ടാണ് ബജറ്റിലെ ആദായനികുതി ഇളവ്. ഇനി റിസർവ് ബാങ്കിന്റെ ഊഴം. പലിശഭാരം കുറച്ച്, ഉപഭോക്തൃ വിപണിക്കും ജിഡിപിക്കും പിന്തുണ കൊടുക്കണം.
പണലഭ്യത വലിയ തലവേദന
വായ്പാ വിതരണത്തിന് ഇന്ത്യയിലെ ബാങ്കുകളിൽ ആവശ്യത്തിന് പണമില്ലെന്ന വലിയ പ്രതിസന്ധിയും റിസർവ് ബാങ്ക് നേരിടുന്നു. വായ്പ നൽകാൻ ആവശ്യത്തിന് പണലഭ്യതയുണ്ടെങ്കിലേ പലിശനിരക്കും കുറയ്ക്കാനാകൂ. ജനുവരി 27ലെ കണക്കുപ്രകാരം പണലഭ്യത 3.3 ലക്ഷം കോടി രൂപയുടെ കമ്മിയിലാണ്; കഴിഞ്ഞ 15 വർഷത്തെ താഴ്ചയാണിത്. 2024 സെപ്റ്റംബർ അവസാനവാരം 4.6 ലക്ഷം കോടി രൂപയുടെ സർപ്ലസ് ഉണ്ടായിരുന്ന സ്ഥാനത്താണ് നിലവിലെ ഈ കമ്മി. വിദേശനിക്ഷേപം (എഫ്ഡിഐയും എഫ്പിഐയും) വൻതോതിൽ കൊഴിഞ്ഞതാണ് തിരിച്ചടി.

ആദായനികുതി ഇളവുവഴി ഒരുലക്ഷം കോടി രൂപയോളം വിപണിയിലെത്തുന്നതിൽ പാതിയോളം ബാങ്കുകളിൽ നിക്ഷേപമായി എത്തുമെന്ന് കരുതുന്നു. പൊതുവിപണിയിൽ ബാങ്കുകൾ വഴി 1.5 ലക്ഷം കോടി രൂപ എത്തിക്കുമെന്ന് കഴിഞ്ഞവാരം റിസർവ് ബാങ്കും പ്രഖ്യാപിച്ചിരുന്നു. 60,000 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങൾ തിരികെ വാങ്ങിയും (ബൈബാക്ക്) വേരിയബിൾ റേറ്റ് റീപ്പോ ഓക്ഷൻ വഴി 50,000 കോടി രൂപ ഇറക്കിയും യുഎസ് ഡോളർ-റുപ്പി സ്വാപ്പ് ഓക്ഷൻ വഴി 40,000 കോടി രൂപയോളം വിപണിയിലിറക്കിയുമാണിത്. കൂടുതൽ പണലഭ്യത ഉറപ്പാക്കാൻ റീപ്പോനിരക്കും കുറയ്ക്കണമെന്നാണ് ഉയരുന്ന ആവശ്യങ്ങൾ.
എത്ര കുറയും പലിശ?
ഡിസംബറിലെ യോഗത്തിൽ ബാങ്കുകളുടെ കരുതൽ ധന അനുപാതം 0.50% കുറച്ച് 4 ശതമാനമാക്കിയതു വഴി 1.16 ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത ബാങ്കുകളിൽ ഉറപ്പാക്കാൻ റിസർവ് ബാങ്കിന് കഴിഞ്ഞിരുന്നു. ഇക്കുറിയും സിആർആർ കുറച്ചേക്കാമെന്ന് കരുതുന്നവരുണ്ട്. എങ്കിലും സാധ്യത വിരളം. അതേസമയം, റിപ്പോനിരക്ക് കാൽ ശതമാനം കുറച്ചേക്കും. റിസർവ് ബാങ്ക് 0.50% ബമ്പർ പലിശക്കുറവിന് തയാറാകുമെന്ന് കരുതുന്ന ഒരുവിഭാഗം നിരീക്ഷകരുമുണ്ട്.

റീപ്പോനിരക്ക് കുറച്ചാൽ വായ്പകളുടെ പലിശനിരക്ക് കുറയ്ക്കാൻ ബാങ്കുകളും തയാറാകും. ഭവന, വാഹന, വ്യക്തിഗത, വിദ്യാഭ്യാസ വായ്പകളുടെയെല്ലാം പലിശ അതോടെ കുറയും. അതായത്, വായ്പകളുടെ ഇഎംഐഭാരം കുറയും. ഉപഭോക്താവിന് ഓരോ മാസവും കൂടുതൽ തുക മിച്ചം പിടിക്കാം. ആ പണം മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഉദാഹരണത്തിന്, നിങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഭവന വായ്പയുണ്ടെന്നിരിക്കട്ടെ. തിരിച്ചടവ് കാലാവധി 20 വർഷം. പലിശനിരക്ക് 9 ശതമാനവും ഇഎംഐ (പ്രതിമാസ തിരിച്ചടവ് തുക) 22,493 രൂപയാണെന്നും കരുതുക. റീപ്പോനിരക്ക് 0.25% കുറച്ചാൽ പലിശ 8.75 ശതമാനത്തിലേക്ക് താഴും. ഇഎംഐ 22,093 രൂപയായും കുറയും.
മുന്നിലെ വെല്ലുവിളികളും രൂപയുടെ തളർച്ചയും
പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയെന്ന ലക്ഷ്യം ഇനിയും കണ്ടിട്ടില്ലെന്ന വെല്ലുവിളി റിസർവ് ബാങ്കിന് മുന്നിലുണ്ട്. ആദായനികുതി ഇളവു വഴി വൻതോതിൽ വിപണിയിലേക്ക് പണമൊഴുകുമെന്നത് പണപ്പെരുപ്പം കൂടാനിടയാക്കിയേക്കാം. കൂടാതെ, യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇറക്കുമതി തീരുവ നയങ്ങൾ മൂലം ക്രൂഡ് ഓയിലിന് അടക്കം വിലവർധിച്ചേക്കാമെന്നതും പണപ്പെരുപ്പം കൂടാനിടവരുത്തും.

ഇന്ത്യൻ രൂപ നിലവിൽ ഡോളറിനെതിരെ സർവകാല താഴ്ചയിലാണുള്ളത്. പലിശനിരക്ക് കുറച്ചാൽ അതും രൂപയ്ക്ക് തിരിച്ചടിയാകും; മൂല്യം കൂടുതൽ ഇടിയും. രൂപയുടെ മൂല്യസ്ഥിരത ഉറപ്പാക്കുകയെന്ന വെല്ലുവിളിയുമാണ് റിസർവ് ബാങ്കിന് മുന്നിലുള്ളത്. എങ്കിലും, ഇക്കുറി റീപ്പോനിരക്ക് കുറയ്ക്കാൻ തന്നെയാകും എംപിസിയുടെ തീരുമാനമെന്നാണ് പൊതുവേ കരുതുന്നത്.
ഓഹരി വിപണിയുടെ പ്രകടനം
പലിശഭാരം കുറയുമെന്നാണ് പൊതുവേ ഏവരും കരുതുന്നത്. പലിശ കുറയുന്നത് ഒട്ടുമിക്ക ഓഹരി വിഭാഗങ്ങൾക്കും ഗുണവും ചെയ്യും. ബാങ്കിങ്, റിയൽറ്റി, എഫ്എംസിജി കമ്പനികളുടെ ഓഹരികൾ കൂടുതൽ തിളങ്ങിയേക്കും. മറിച്ച്, പ്രതീക്ഷകൾ പാളിയാൽ ഓഹരി വിപണി വിൽപന സമ്മർദ്ദത്തിൽ മുങ്ങിയേക്കും.
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business