ADVERTISEMENT

രാജ്യത്ത് വർധിക്കുന്ന സൈബർ തട്ടിപ്പുകൾക്ക് തടയിടാനായി ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും (NBFC) പുതിയ ഇന്റർനെറ്റ് ഡൊമെയ്ൻ അവതരിപ്പിക്കാൻ റിസർവ് ബാങ്ക്. ബാങ്ക്.ഇൻ (bank.in) എന്ന പുതിയ ഡൊമെയ്നാണ് ഈ വർഷം ഏപ്രിൽ മുതൽ നടപ്പാക്കുകയെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര വ്യക്തമാക്കി.

സൈബർ തട്ടിപ്പുകൾ തടഞ്ഞ്, സാമ്പത്തിക ഇടപാടുകൾ സുരക്ഷിതമാക്കാൻ ഇതു സഹായിക്കുമെന്നാണ് കരുതുന്നത്. ബാങ്കുകളുടെ വെബ്സൈറ്റ് നാമത്തിനൊപ്പമാണ് ബാങ്ക്.ഇൻ എന്ന് കൂട്ടിച്ചേർക്കുക. ഇത് യഥാർഥ ബാങ്ക് വെബ്സൈറ്റാണോ എന്ന് തിരിച്ചറിയാനും ഇടപാടുകൾ സുരക്ഷിതമായി നടത്താനും ഉപഭോക്താക്കളെ സഹായിക്കും. തട്ടിപ്പുകാർക്ക് ഈ ഇന്റർനെറ്റ് ഡൊമെയ്ൻ ഉപയോഗിക്കാനാവില്ലെന്ന നേട്ടവുമുണ്ട്. അതിനാൽ, വ്യാജ വെബ്സൈറ്റുകളെ തിരിച്ചറിയാനും ഉപഭോക്താക്കൾക്ക് കഴിയും. സുരക്ഷിതമായ ധനകാര്യ സേവനങ്ങൾ സുഗമമാക്കുക, അതുവഴി ഡിജിറ്റൽ ബാങ്കിങ്, പേയ്മന്റ് സേവനങ്ങളിൽ ഉപഭോക്തൃവിശ്വാസം വർധിപ്പിക്കുക എന്നിവയും റിസർവ് ബാങ്കിന്റെ ലക്ഷ്യമാണ്.

ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച്ച് ഇൻ ബാങ്കിങ് (IDRBT) ആണ് പുതിയ ഡൊമെയ്നിന്റെ രജിസ്ട്രാർ ആയി പ്രവർത്തിക്കുക. ഏപ്രിൽ മുതൽ പുതിയ ഡൊമെയ്നിന്റെ രജിസ്ട്രേഷനുകൾ ആരംഭിക്കും. ഇതു സംബന്ധിച്ച് ബാങ്കുകൾക്കുള്ള മാർഗനിർദേശങ്ങൾ റിസർവ് ബാങ്ക് വൈകാതെ പുറത്തിറക്കും.

ബാങ്കിതര ധനകാര്യസ്ഥാപനങ്ങൾക്കായി വൈകാതെ ഫിൻ.ഇൻ (fin.in) എന്ന ഇന്റർനെറ്റ് ഡൊമെയ്ൻ കൊണ്ടുവരുമെന്നും റിസർവ് ബാങ്ക് വ്യക്തമാക്കി. യുപിഐയുമായി ബന്ധപ്പെട്ടുമാത്രം നടപ്പുവർഷം (2024-25) സെപ്റ്റംബർവരെ രാജ്യത്ത് 6.32 ലക്ഷം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതുവഴി നഷ്ടമായത് 485 കോടി രൂപയാണെന്ന് ധനമന്ത്രാലയത്തിന്റെ കണക്കുകളും വ്യക്തമാക്കുന്നു.

രാജ്യാന്തര പണപിടപാടുകൾക്ക് അധിക സുരക്ഷ

രാജ്യാന്തര ഡിജിറ്റൽ പണമിടപാടുകൾക്ക് അധിക സുരക്ഷ ഏർപ്പെടുത്തുമെന്നും റിസർവ് ബാങ്ക് അറിയിച്ചു. കാർഡുകൾ ഉപയോഗിച്ച് വിദേശത്തെ വ്യാപാരികളുമായും മറ്റും നടത്തുന്ന പണമിടപാടുകൾ സുരക്ഷിതമാക്കാൻ അഡിഷണൽ ഫാക്ടർ ഓഫ് ഓതന്റിക്കേഷൻ (AFA) ആണ് ഏർപ്പെടുത്തുക.

നിലവിൽ ഈ സുരക്ഷാഫീച്ചർ ഒടിപി മുഖേന ആഭ്യന്തര കാർഡ് ഇടപാടുകൾക്ക് ബാധകമാണ്. അതുവഴി തട്ടിപ്പുകൾ കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് റിസർവ് ബാങ്ക് പറയുന്നു. രാജ്യാന്തര ഇടപാടുകൾക്കും എഎഫ്എ ഏർപ്പെടുത്തുന്നതു സംബന്ധിച്ച് അഭിപ്രായങ്ങൾ തേടിയുള്ള സർക്കുലർ വൈകാതെ പുറത്തിറക്കും.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

RBI To Launch New Internet Domain For Banks and NBFCs to Combat Cyber Fraud

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com