അദാനിക്ക് 'നെഗറ്റീവ്' മാർക്കിട്ട് മൂഡീസും ഫിച്ചും; കരാർ 'മതിയാക്കാൻ' ആന്ധ്ര, 'രക്ഷകൻ' പിന്തുണച്ചിട്ടും ഓഹരികളിൽ 7% വരെ ഇടിവ്
Mail This Article
സൗരോർജ പദ്ധതിക്ക് കൈക്കൂലി കൊടുത്തുവെന്ന് ആരോപിച്ച് യുഎസ് നികുതിവകുപ്പും യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മിഷനും കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ അദാനി ഗ്രൂപ്പ് നേരിടുന്നത് കൂടുതൽ പ്രതിസന്ധികൾ. അദാനി ഗ്രൂപ്പ് കമ്പനികളിൽ കൂടുതൽ നിക്ഷേപത്തിനില്ലെന്ന് ഫ്രഞ്ച് കമ്പനിയായ ടോട്ടൽ എനർജീസ് വ്യക്തമാക്കിയിട്ടുണ്ട്. അദാനി ഗ്രീൻ എനർജിയിൽ 19.7%, അദാനി ടോട്ടൽ ഗ്യാസിൽ 37.4% എന്നിങ്ങനെ ഓഹരി പങ്കാളിത്തമുള്ള എണ്ണക്കമ്പനിയാണ് ടോട്ടൽ എനർജീസ്. അതേസമയം, ടോട്ടൽ എനർജീസുമായി പുതിയ നിക്ഷേപ ചർച്ചകളൊന്നും നടക്കുന്നില്ലെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പുമായി കഴിഞ്ഞ ജഗൻ മോഹൻ റെഡ്ഡി സർക്കാർ സ്ഥാപിച്ച വൈദ്യുതി കരാർ റദ്ദാക്കുമെന്ന സൂചന ആന്ധ്രാപ്രദേശിലെ ചന്ദ്രബാബു നായിഡു സർക്കാർ നൽകിയിട്ടുണ്ട്. യുഎസ് കുറ്റപത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് വൈദ്യുതി കരാർ നേടാൻ അദാനി ഗ്രൂപ്പ് ഉന്നതർ ആന്ധ്ര, തമിഴ്നാട്, ജമ്മു കശ്മീർ, ഒഡീഷ സർക്കാരുകളിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തുവെന്നാണ്. ആകെ നൽകിയെന്ന് കരുതുന്ന 265 മില്യൺ ഡോളർ ൈകക്കൂലിയിൽ 228 മില്യണും ആന്ധ്രയിലെ ഉദ്യോഗസ്ഥരാണ് നേടിയതെന്നും കുറ്റപത്രത്തിലുണ്ട്. ഈ പശ്ചാത്തലത്തിലാണ് കരാർ റദ്ദാക്കാനുള്ള ആന്ധ്രയുടെ നീക്കം.
നെഗറ്റീവ് മാർക്കിട്ട് ഫിച്ചും മൂഡീസും
യുഎസ് കുറ്റപത്രത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര റേറ്റിങ് ഏജൻസികളായ ഫിച്ച്, മൂഡീസ് എന്നിവ 7 അദാനി ഗ്രൂപ്പ് കമ്പനികൾക്ക് നെഗറ്റീവ് റേറ്റിങ് നൽകി. അദാനി ഗ്രീൻ എനർജി, അദാനി ട്രാൻസ്മിഷൻ, അദാനി ഇലക്ട്രിസിറ്റി മുംബൈ, അദാനി പോർട്സ്, അദാനി ഇന്റർനാഷണൽ കണ്ടെയ്നർ ടെർമിനൽ എന്നീ കമ്പനികൾക്കും അവയുടെ ഉപസ്ഥാപനങ്ങൾക്കുമാണ് സ്റ്റേബിൾ റേറ്റിങ് മാറ്റി, നെഗറ്റീവ് റേറ്റിങ് നൽകിയത്. യുഎസ് സമർപ്പിച്ച കുറ്റപത്രത്തിൽ അദാനി ഗ്രൂപ്പിന്റെ സ്ഥാപകരും അദാനി കുടുംബാംഗങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്നത്, ഗ്രൂപ്പിന്റെ ഭരണതീരുമാനങ്ങളെ ചോദ്യമുനയിൽ നിർത്തുന്നതാണെന്ന് റേറ്റിങ് ഏജൻസികൾ പറയുന്നു. റേറ്റിങ് താഴ്ത്തിയതോടെ അദാനി ഗ്രൂപ്പിന് മൂലധന സമാഹരണത്തിന് പ്രതിസന്ധികൾ നേരിടേണ്ടി വരും.
'രക്ഷകൻ' പിന്തുണച്ചിട്ടും ഓഹരികളിൽ ഇന്നും വീഴ്ച
യുഎസ് കുറ്റപത്രത്തിന് പിന്നാലെ ആഭ്യന്തര, രാജ്യാന്തരതലങ്ങളിൽ നിന്ന് കൂടുതൽ തിരിച്ചടികളുണ്ടായ പശ്ചാത്തലത്തിൽ ഇന്നും അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം ചുവന്നു. കൈക്കൂലിക്കേസിൽ പരാമർശമുള്ള കമ്പനിയായ അദാനി ഗ്രീൻ എനർജിയുടെ ഓഹരികൾ 7.3% താഴ്ന്നു. ടോട്ടൽ എനർജീസ് കൂടുതൽ നിക്ഷേപത്തിനില്ലെന്ന് വ്യക്തമാക്കിയത് കമ്പനിക്ക് തിരിച്ചടിയായി.
അദാനി എന്റർപ്രൈസസ് 4.02%, അദാനി എനർജി സൊല്യൂഷൻസ് 3.9%, അദാനി പോർട്സ് 3.07%, അദാനി ടോട്ടൽ ഗ്യാസ് 2.97% എന്നിങ്ങനെയും താഴ്ന്ന് നഷ്ടത്തിൽ മുൻനിരയിലുണ്ട്. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ അദാനി ഗ്രൂപ്പ് ഓഹരികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്ന് കൊഴിഞ്ഞത് 4.2 ലക്ഷം കോടിയോളം രൂപയാണ്. 11.85 ലക്ഷം കോടി രൂപയിൽ നിന്ന് ഇന്ന് മൂല്യം 10 ലക്ഷം കോടി രൂപയോളമായി താഴ്ന്നു.
അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ 80,000 കോടി രൂപയോളം നിക്ഷേപിച്ചിട്ടുള്ള യുഎസ് നിക്ഷേപസ്ഥാപനമായ ജിക്യുജി പാർട്ണേഴ്സ്, നിലവിലെ പശ്ചാത്തലത്തിലും ഓഹരി പങ്കാളിത്തം കുറയ്ക്കാത്തത് അദാനി ഗ്രൂപ്പിന് വൻ ആശ്വാസമാണ്. എന്നാൽ, ജിക്യുജിയുടെ നിലപാട് ഓഹരികളെ ഇന്ന് തുണച്ചില്ല. ഹിൻഡൻബർഗ് ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അദാനി ഗ്രൂപ്പ് ഓഹരികൾ വൻ ഇടിവ് നേരിട്ടപ്പോൾ, മികച്ച നിക്ഷേപവുമായി രംഗത്തെത്തിയ സ്ഥാപനമാണ് ജിക്യുജി. ഇന്ത്യൻ വംശജനായ രാജീവ് ജെയിൻ നയിക്കുന്ന സ്ഥാപനമാണിത്.
(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)