ADVERTISEMENT

കെവൈസി(Know Your Customer), അല്ലെങ്കിൽ ഇടപാടുകാരനെ അറിയുക എന്നത് ഒരു പൊല്ലാപ്പായാണ് പലപ്പോഴും ഇടപാടുകാർക്ക് അനുഭവപ്പെടുന്നത്.  കൊടുത്ത രേഖകൾ പോരാ, ശരിയല്ല എന്നിങ്ങനെ നൂലാമാലകൾ. അക്കൗണ്ടുകൾ ബാങ്കിൽ ചെന്നാൽ ഉടനെ തുറന്ന് കിട്ടില്ല. പഴയ രീതിയിൽ ബാങ്ക് അക്കൗണ്ട് തുടങ്ങിയവർ, മുതിർന്ന പൗരൻമാർ എന്നിവരെല്ലാം ഈ രീതിയിൽ പരാതിപ്പെടുന്നവരാണ്.  ബാങ്കിലെ നിലവിലുള്ള ഒരു ഇടപാടുകാരൻ പരിചയപ്പെടുത്തി സുഗമമായി അക്കൗണ്ട് തുടങ്ങി ശീലിച്ചവരാണ് ഇക്കൂട്ടർ.  

അക്കൗണ്ട് തുടങ്ങി കഴിഞ്ഞാലും ബാങ്കുകൾ ഇടയ്ക്കിടെ പറയും, ഇനിയും കെവൈസി ചെയ്യണം.  ഇതെന്തൊരു പൊല്ലാപ്പ്!

കെവൈസി (Know Your Customer) യിലേക്കുള്ള മാറ്റം

കള്ളപ്പണം വെളുപ്പിക്കാൻ സാമ്പത്തിക സംവിധാനമായ ബാങ്കുകളെ ചില കുബുദ്ധികൾ ഉപയോഗപ്പെടുത്തുന്നു എന്ന കാര്യം  ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ തന്നെ ആഗോള സാമ്പത്തിക സ്ഥാപനങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.  കുറ്റകൃത്യങ്ങൾക്കും ഭീകരപ്രവർത്തനങ്ങൾക്കും വേണ്ടിവരുന്ന പണം ഇത്തരം അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്യുന്നു എന്നതും മനസ്സിലായി.  ഇല്ലാത്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിൽ അക്കൗണ്ടുകൾ തുടങ്ങുക, ആൾ മാറാട്ടം നടത്തുക, സത്യസന്ധമായ ഇടപാടുകൾക്കല്ലാതെ പണം കൈമാറുക,  എന്നിങ്ങനെയുള്ള രീതികൾ ശ്രദ്ധയിൽ പെട്ടു.  ഈ വിധം നിയമവിരുദ്ധപ്രവർത്തനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിക്കുന്നത്   തടയാനുള്ള ആലോചനകളുടെയും ചർച്ചകളുടെയും  ഫലമായി ആഗോളാടിസ്ഥാനത്തിൽ ഉരുത്തിരിഞ്ഞു വന്ന പരിഹാരമാർഗമാണ് കെ വൈ സി (KYC). 

Photo Credit: istockphoto/ gesrey
Photo Credit: istockphoto/ gesrey

കെവൈസി  ചർച്ചകൾ രാജ്യാന്തര തലത്തിൽ 1970 കളിൽ തന്നെ തുടങ്ങിയിരുന്നുവെങ്കിലും അത് നിയതമായ രൂപത്തിലും ഭാവത്തിലും നടപ്പിലാക്കിയത് പിന്നീടും കുറെ വർഷങ്ങൾക്ക് ശേഷമാണ്. റിസർവ് ബാങ്കിന്റെ മേൽനോട്ടത്തിൽ കെവൈസി നിർദ്ദേശങ്ങൾ ഇന്ത്യയിൽ സമഗ്രമായ രീതിയിൽ നടപ്പിലാക്കിയത് 2002 ൽ ആണ്.  

എന്താണ് കെവൈസി?

ഇടപാടുകാരനെ അറിയുക എന്ന് പൊതുവെ മനസ്സിലാക്കുന്ന കെവൈസി പ്രക്രിയയിൽ പ്രധാനമായും നാല് കാര്യങ്ങളാണ് ബാങ്കുകൾ ചെയ്യുന്നത്.  

1.  പുതിയ ഇടപാടുകാരെ ചേർക്കുമ്പോൾ സ്വീകരിക്കേണ്ട നയങ്ങൾ തയാറാക്കുക. 

Image: shutterstock/LookerStudio
Image: shutterstock/LookerStudio

2.  പുതിയ ഇടപാടുകാരെ ചേർക്കുന്നതുവഴിയും അവരുടെ ഇടപാടുകൾ കൈകാര്യം ചെയ്യുന്നതും വഴി ഉണ്ടാകാനിടയുള്ള അപകട  സാധ്യതകൾ മനസ്സിലാക്കുകയും അവ നേരിടുകയും ചെയ്യുക. 

3.  പുതിയ ഇടപാടുകാരെ തിരിച്ചറിയുവാനുള്ള രീതികൾ നിർവചിച്ചു നടപ്പിലാക്കുക. 

4.  അക്കൗണ്ടുകളിൽ നടക്കുന്ന ഇടപാടുകൾ നിരന്തരം നിരീക്ഷിക്കുക.  

ഖത്തർ സെൻട്രൽ ബാങ്ക് ആണ് ഇകെവൈസി നടപടികൾ നിർബന്ധമാക്കിയത്. Image Credits: ipopba/Istockphoto.com
Image Credits: ipopba/Istockphoto.com

രേഖകൾ ഏതെല്ലാം?

പുതിയ അക്കൗണ്ട് തുടങ്ങുന്ന സമയം ഇടപാടുകാരെ തിരിച്ചറിയുന്നതിനായി റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുള്ള രേഖകൾ (OVD - officially valid document)   ബാങ്കുകൾ ആവശ്യപ്പെടും.  ഇടപാടുകാരുടെ ഫോട്ടോയും വിലാസവും അടങ്ങുന്ന പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ രേഖകൾ, വോട്ടർ കാർഡ്, ആധാർ, പാൻ കാർഡ് എന്നിവയെല്ലാം ബാങ്കുകൾ ആവശ്യപ്പെടുന്നത് ഇതിനാണ്.  ഈ വിധത്തിൽ ബാങ്കിൽ നൽകുന്ന രേഖകൾ, ആ രേഖകൾ നൽകിയ സ്ഥാപനങ്ങളുടെ ഔദ്യോഗിക സെർവറുകളിൽ (data base) നേരിട്ട് പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷമാണ് സ്വീകരിക്കുക.  

നൽകിയ വിവരങ്ങളുടെ പരിശോധന 

രേഖകൾ  പരിശോധിച്ച് ബോധ്യപ്പെടുന്നതിനോടൊപ്പം പുതിയ ഇടപാടുകാരുടെ വിലാസത്തിൽ (താമസസ്ഥലമോ, ബിസിനസ് സ്ഥലമോ), നേരിട്ട് എത്തി ഇക്കാര്യങ്ങൾ ബോധ്യപ്പെടും.  കസ്റ്റമർ ഡ്യൂ ഡിലിജെൻസ് (CDD - Customer Due Diligence) എന്നാണ് ഇത് അറിയപ്പെടുന്നത്.  ഇതിനായി ബാങ്ക് ഉദ്യോഗസ്ഥർ നേരിട്ടോ, ബാങ്കുകൾ ഏർപ്പെടുത്തിയ ഏജൻസിയോ ആയിരിക്കും വരിക.  ബാങ്കിൽ നൽകിയ വിലാസവും മറ്റു് വിവരങ്ങളും ശരിയാണ് എന്ന് ബോധ്യപ്പെട്ടാൽ മാത്രമേ തുടർന്ന് ഇടപാടുകൾ നടത്തുവാൻ അനുവദിക്കുകയുള്ളൂ.  ഈ പരിശോധനയിൽ ബാങ്കിന് തൃപ്തികരമായ രീതിയിൽ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ അക്കൗണ്ട് തുടങ്ങുവാൻ അനുവദിക്കില്ല.  

നിരന്തരമായ നിരീക്ഷണം (Monitoring of Transactions)

അക്കൗണ്ട് തുടങ്ങുന്ന സമയം ഇടപാടുകാരന്റെ ജോലി, വരുമാന സ്രോതസ്, വാർഷിക വരുമാനം എന്നിങ്ങനെയുള്ള വിവരങ്ങൾ ബാങ്കുകൾ സ്വീകരിക്കും.  ബാങ്ക് അക്കൗണ്ടിൽ നടത്തുന്ന ഇടപാടുകൾ ഈ വിവരങ്ങളുമായി പൊരുത്തപ്പെടുന്നതാണോ എന്നാണ് നിരന്തരമായ നിരീക്ഷണം വഴി ബാങ്കുകൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത്.  ഇതിനായി ആധുനിക സാങ്കേതിക സംവിധാനങ്ങൾ ബാങ്കുകളിൽ ഉണ്ട്.  ഏതെങ്കിലും അക്കൗണ്ടിൽ ഇടപാടുകാരൻ നൽകിയ വിവരങ്ങളുമായി പൊരുത്തപ്പെടാത്ത രീതിയിൽ ഇടപാടുകൾ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അക്കാര്യം ഇടപാടുകാരെ അറിയിച്ച് വിശദീകരണം തേടും.  ആവശ്യമെങ്കിൽ അക്കൗണ്ടിലെ ഇടപാടുകളെ സാധൂകരിക്കുന്ന രേഖകൾ ആവശ്യപ്പെടാം.  ബാങ്കിന് തൃപ്തികരമായ വിശദീകരണമോ, രേഖകളോ നൽകാൻ ഇടപാടുകാരന് കഴിയുന്നില്ലായെങ്കിൽ അക്കൗണ്ട് മരവിപ്പിച്ചു നിർത്തുവാൻ ബാങ്കിന് കഴിയും.  മാത്രമല്ല, ഇത്തരം അക്കൗണ്ടുകളുടെ വിവരങ്ങൾ  അടങ്ങുന്ന റിപ്പോർട്ട് (STR - Suspicious Transactions Report)  കേന്ദ്ര സർക്കാരിന്റെ ധനമന്ത്രാലയത്തിന്റെ കീഴിലുള്ള ഫിനാൻഷ്യൽ ഇന്റലിജെൻസ് യൂണിറ്റിലേക്ക് (FIU -IND) നൽകും.  കൂടുതൽ പരിശോധനയും അന്വേഷണവും, ആവശ്യമെങ്കിൽ, അത് FIU - IND നടത്തും.  ഇങ്ങനെ റിപ്പോർട്ട് നൽകുന്നത് ഇടപാടുകാരനെ അറിയിക്കുകയില്ല.  

aadhar-card-identification-tofan-singh-istock-photo-com

ഇടപാടുകാരനുമായി മുഖാമുഖം (Face to Face)

അക്കൗണ്ട് തുടങ്ങുന്ന സമയം ബാങ്ക് ഇടപാടുകാനെ നേരിട്ട് കണ്ട് ബോധ്യപ്പെടേണ്ടതുണ്ട്.  ഇത് ഇടപാടുകാരൻ ബാങ്കിന്റെ ശാഖയിൽ നേരിട്ട് വന്ന് ആവാം.  നൽകുന്ന രേഖകളുടെ അസ്സൽ ഈ സമയം ബാങ്ക് ഉദ്യോഗസ്ഥർ പരിശോധിച്ച് പകർപ്പിൽ സർട്ടിഫൈ (OSV - Original Seen and Verified) ചെയ്യും.  ഇപ്പോൾ അക്കൗണ്ട് തുടങ്ങുവാൻ ഇടപാടുകാരൻ നേരിട്ട് ബാങ്കിൽ വരണമെന്ന് നിർബന്ധമില്ല.  ഓൺലൈൻ വഴിയും ഡിജിറ്റൽ സംവിധാനങ്ങൾ വഴിയും അക്കൗണ്ട് തുടങ്ങാനുള്ള സൗകര്യം ബാങ്കുകൾ നൽകുന്നുണ്ട്.  ഇങ്ങനെ തുടങ്ങുന്ന അക്കൗണ്ടിൽ വീഡിയോ കെവൈസി (Video KYC ) ചെയ്‌താൽ മതി.  ഇതിനുള്ള നിർദ്ദേശങ്ങളും രീതികളും ബാങ്കുകൾ ഇടപാടുകാരെ അറിയിക്കും.   

തുടർ കെവൈസി (re-KYC or KYC updation) 

അക്കൗണ്ട് തുടങ്ങുന്ന സമയം കെവൈസി ചെയ്തു കഴിഞ്ഞാലും, കാലാകാലങ്ങളിൽ തുടർന്നും നിലവിലുള്ള കെവൈസി വിവരങ്ങൾ സ്ഥിരീകരിക്കുകയോ, മാറ്റമുണ്ടെങ്കിൽ പുതുക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതിനെ തുടർ കെവൈസി (കെവൈസി updation) എന്ന് പറയും.  എല്ലാ ഇടപാടുകാരും കെവൈസി updation ചെയ്യേണ്ടത് ഒരേ ഇടവേളകളിൽ അല്ല.  

അക്കൗണ്ടുകൾ തുടങ്ങുന്ന സമയത്ത് ഓരോ അക്കൗണ്ടുകളും വ്യത്യസ്ത റിസ്ക് കാറ്റഗറിയിലാണ് പരിഗണിക്കുന്നത്.  വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ട്രസ്റ്റുകളുടെയും കമ്പനികളുടെയും അക്കൗണ്ടുകൾ, ഇടപാടുകാർ താമസിക്കുന്ന സ്ഥലം, ബിസിനസ് ചെയ്യുന്ന സ്ഥലം, രാജ്യം, ചെയ്യുന്ന ജോലിയുടെയോ ബസിനസിന്റെയോ സ്വഭാവം, വരുമാനത്തിന്റെ സ്രോതസ്, അളവ്, വിദ്യാർഥിയാണോ, കുട്ടിയാണോ  എന്നിങ്ങനെ ഒട്ടനവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ് അക്കൗണ്ടുകൾ തരംതിരിക്കുക.  റിസർവ് ബാങ്കിന്റെ നിർദ്ദേശമനുസരിച്ചു കുറഞ്ഞ റിസ്കുള്ള (low rosk) അക്കൗണ്ടുകൾ, മീഡിയം റിസ്കുള്ള (medium risk) അക്കൗണ്ടുകൾ, കൂടിയ റിസ്കുള്ള (high risk) അക്കൗണ്ടുകൾ എന്നിങ്ങനെയാണ് അക്കൗണ്ടുകൾ പൊതുവെ തരം തിരിക്കുന്നത്.  കുറഞ്ഞ റിസ്കുള്ള അക്കൗണ്ടുകളിൽ പത്തു വർഷത്തിലൊരിക്കൽ കെവൈസി updation ചെയ്‌താൽ മതിയാകും.  മീഡിയം റിസ്ക് ആണെങ്കിൽ എട്ടു വർഷം കൂടുമ്പോഴും കൂടിയ റിസ്ക് അക്കൗണ്ട് ആണെങ്കിൽ രണ്ട് വർഷം കൂടുമ്പോഴും കെവൈസി updation ചെയ്യണം.  കെവൈസി updation ചെയ്യേണ്ട സമയമാകുമ്പോൾ ബാങ്കുകൾ ഇക്കാര്യം ഇടപാടുകാരെ അറിയിക്കണം.  ഇത് കൂടാതെ അക്കൗണ്ടിലെ ഇടപാടുകൾ നിരീക്ഷിക്കുന്ന അവസരത്തിലോ മറ്റെന്തെങ്കിലും തക്കതായ കാരണത്താലോ അവസരത്തിലോ കെവൈസി updation വേണമെന്ന് ബാങ്കിന് തോന്നുന്നുവെങ്കിൽ അത് ആവശ്യപ്പെടാൻ ബാങ്കിന് കഴിയും.  അക്കൗണ്ടിൽ ഇടപാടുകൾ സുഗമമായി തുടർന്നും ചെയ്യുവാൻ കാലാകാലങ്ങളിലെ കെവൈസി updation നിർബന്ധമാണ്.

കെവൈസിപുതുക്കാൻ ബാങ്കിൽ പോകേണ്ട

റിസർവ് ബാങ്കിന്റെ പുതിയ നിർദേശമനുസരിച്ച് കെവൈസി updation ചെയ്യുവാൻ ഇടപാടുകാർ ബാങ്കുകളിൽ നേരിട്ട് പോകേണ്ടതില്ല.  ബാങ്കിൽ നൽകിയിരിക്കുന്ന കെവൈസി വിവരങ്ങളിലോ രേഖകളിലോ മാറ്റമൊന്നുമില്ലെങ്കിൽ അക്കാര്യം ബാങ്കിൽ നൽകിയിരിക്കുന്ന ഇ മെയിൽ വഴി ബാങ്കിനെ അറിയിച്ചാൽ മതി.  അല്ലെങ്കിൽ ബാങ്കിന്റെ വെബ് സൈറ്റ്, ATM, മൊബൈൽ അപ്ലിക്കേഷൻ എന്നിങ്ങനെയുള്ള സംവിധാനങ്ങൾ വഴിയും ഇത് ചെയ്യാം.  ബാങ്കിൽ നിലവിലുള്ള വിലാസത്തിലോ രേഖകളിലോ മാറ്റവുമുണ്ടെങ്കിൽ അക്കാര്യം ബാങ്കിൽ അറിയിക്കുകയും പുതിയ വിവരങ്ങളും രേഖകളും നൽകുകയും വേണം.  ഇതിനായി ബാങ്കിന്റെ ഏതു ശാഖയിൽ പോയാലും മതി.  വീഡിയോ കെവൈസി സൗകര്യങ്ങൾ ഉപയോഗിക്കുവാൻ കഴിയുമെങ്കിൽ അങ്ങനെയും ആവാം.  വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കമ്പനികളുടെയും മറ്റും സ്വഭാവമനുസരിച്ചും വിവരങ്ങളുടെയും രേഖകളുടെയും രീതിയനുസരിച്ചും കെവൈസി ആവശ്യമായ നിർദ്ദേശങ്ങൾ, തങ്ങളുടെ ഡയറക്ടർ ബോർഡ് അംഗീകരിച്ച നയരേഖകളുടെ അടിസ്ഥാനത്തിൽ,  ബാങ്കുകൾ നല്കുന്നതാണ്.  

കുട്ടികളുടെ പേരിൽ (minor) തുടങ്ങിയിരിക്കുന്ന അക്കൗണ്ടുകളിൽ കുട്ടികൾ മുതിർന്നവരാകുമ്പോൾ (major) കെവൈസി പുതിയതായി ചെയ്യേണ്ടതാണ്.

സാമ്പത്തിക കുറ്റകൃത്യങ്ങൾ, സൈബർ ഫ്രോഡുകൾ എന്നിവ വർദ്ധിച്ചിരിക്കുന്ന ഈ കാലത്ത് ഇടപാടുകാരനെ അറിയുക എന്നത് ഏറെ പ്രസക്തമാണ്.  സ്വന്തം അക്കൗണ്ടുകൾ കെവൈസി update ആയി വയ്ക്കേണ്ടത് ഓരോ ഇടപാടുകാരുടെയും താല്പര്യ സംരക്ഷണമാണ്, ഉത്തരവാദിത്തമാണ്.

ലേഖകൻ ബാങ്കിങ് വിദഗ്ധനാണ്

English Summary:

Understand KYC (Know Your Customer) - its importance, required documents, process, updates, and how it protects you. Learn everything about KYC in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com