ക്രഡിറ്റ്കാര്ഡിന് അഡിക്ടായവര്‍ അറിയാന്‍

Mail This Article
വനിതാദിനത്തോടനുബന്ധിച്ച് ഒരു സര്‍ക്കാര്‍ വകുപ്പിലെ ജീവനക്കാര്‍ക്ക് ഫിനാന്‍ഷ്യല്‍ ഫ്രീഡം ഫോര്‍ വുമന്‍ എന്ന വിഷയത്തില്‍ വര്‍ക്ക്‌ഷോപ്പ് നടത്തുകയായിരുന്നു. ഇടവേളയിലെ ടീ ബ്രേക്കിനിടയില്‍ ചായകുടിച്ചുകൊണ്ടിരിക്കേ ഒരു യുവതി അടുത്ത് വന്ന് രഹസ്യമായി ചോദിച്ചു. സര്‍ ഈ ക്രെഡിറ്റ് കാര്‍ഡ് നല്ലതാണോ. ഭര്‍ത്താവ് എന്നെ വല്ലാതെ നിര്‍ബന്ധിക്കുന്നു. എന്റെ പേരില്‍ ഒരു ക്രെഡിറ്റ്കാര്‍ഡ് എടുത്ത് മൂപ്പര്‍ക്ക് കൊടുക്കാന്‍.
മൂപ്പര്‍ക്ക് എത്ര ക്രെഡിറ്റ് കാര്‍ഡ് ഉണ്ട്. ഞാന്‍ ചോദിച്ചു.
രണ്ടെണ്ണം. യുവതി പറഞ്ഞു. എനിക്ക് ചിത്രം വളരെ വ്യക്തമായി. രണ്ട് ക്രെഡിറ്റ് കാര്‍ഡും കൊണ്ട് അമ്മാനമാടുകയായിരിക്കും പുള്ളിക്കാരന്‍. അതിന്റെ ചക്രവ്യൂഹത്തില്‍ പെട്ട് നട്ടംതിരിയുന്നതിനിടയില്‍ മൂന്നാമതൊരു കാര്‍ഡിന് അപേക്ഷിച്ചുകാണും. പക്ഷേ നിലവിലുള്ള രണ്ട് ക്രെഡിറ്റ്കാര്‍ഡുകളും പുള്ളിക്കാരന്റെ ക്രെഡിറ്റ് സ്‌കോര്‍ നാശകോശമാക്കിയിട്ടുണ്ടാകണം. അതിനാല്‍ ഇനി പുള്ളിക്ക് പുതിയ കാര്‍ഡ് കിട്ടില്ല. പുതുതായി ഒരു കാര്‍ഡ് കൂടി കിട്ടിയാല്‍ അതോടെ പ്രശ്‌നം തിരുമെന്ന് പാവം വിചാരിക്കുന്നുണ്ടാകും. അതിനാണ് ഭാര്യയെ പ്രലോഭിപ്പിച്ച് കാര്‍ഡ് എടുപ്പിക്കാന്‍ ശ്രമിക്കുന്നത്.

ഞാന്‍ ചോദിച്ചു. പുള്ളിക്കാരന്‍ ആളെങ്ങനെ. സാമ്പത്തിക അച്ചടക്കമുള്ളയാളാണോ?
എവിടുന്ന് സാറേ. എത്ര കിട്ടിയാലും പുള്ളിക്ക് തികയില്ല. പക്ഷേ വലിയ വലിയ നിക്ഷേപമുണ്ടെന്നൊക്കെയാ പറയുന്നത്. സ്റ്റോക്കിലും മ്യൂച്വല്‍ ഫണ്ടിലുമൊക്കെ ഇടുന്നുണ്ട്. ചിലപ്പോള്‍ ലാഭം. ചിലപ്പോള്‍ നഷ്ടം. സമ്പദ് വ്യവസ്ഥ ശരിയല്ല എന്നാണ് മൂപ്പര്‍ പറയുന്നത്. റിസഷന്‍ ആണത്രേ. ഞാന്‍ കാര്‍ഡ് എടുത്ത് കൊടുക്കണോ സാറേ. അവര്‍ ചോദിച്ചു.
വേണ്ട എന്ന് പറഞ്ഞാല്‍ ഈ സ്ത്രീ അത് അതുപോലെ ഭര്‍ത്താവിന്റെ അടുത്ത് പറയുമെന്ന് എനിക്കുറിപ്പായി. ഒരു കുടംബ കലഹം ഉറപ്പായിരിക്കും. പുതിയ ക്രെഡിറ്റ് കാര്‍ഡിലായിരിക്കും ഭര്‍ത്താവ് ഇനി ഒരു ആശ്രയം കാണുന്നത്.
എടുത്ത് കൊടുക്കാമെന്ന് സമ്മതിച്ചോ. ഞാന്‍ ചോദിച്ചു.
ഇല്ല, ഞാന്‍ വ്യക്തമായി ഒന്നും പറഞ്ഞില്ല. എന്തെങ്കിലും കുഴപ്പമുണ്ടോ സാറേ. യുവതിയുടെ ശബ്ദത്തില്‍ അല്‍പ്പം പരിഭ്രമം.
കുഴപ്പമൊന്നുമില്ല. പക്ഷേ രണ്ട് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടല്ലോ ഇപ്പോള്‍. ഇനിയും എടുക്കുന്നത് സൂക്ഷിച്ച് മതി. പക്ഷേ ഭര്‍ത്താവിനോട് രണ്ട് ക്രെഡിറ്റ് കാര്‍ഡിലും കൂടി കുടിശിക തുക എത്രയുണ്ട് എന്ന് ചോദിക്കണം. ആ തുക എത്രയും വേഗം അടച്ചുതീര്‍ക്കാന്‍ പറയണം. അപ്പോള്‍ പിന്നെ അദ്ദേഹത്തിന് പുതിയ കാര്‍ഡിന്റെ ആവശ്യം വരില്ല.
മൂപ്പരുടെ കയ്യില്‍ അതിനൊന്നും കാശ് കാണത്തില്ല സാറേ. അവര്‍ പറഞ്ഞു.
ശരി. നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഒരു പഴ്‌സണല്‍ ലോണ്‍ എടുത്ത് കൊടുത്ത് അദ്ദേഹത്തെ സഹായിക്കൂ. ക്രെഡിറ്റ് കാര്‍ഡില്‍ കൂടുതല്‍ കാലം തുക കുടിശിക കിടക്കുന്നത് നല്ലതല്ല.
.jpg)
അതെന്നാ സാറേ ക്രെഡിറ്റ് കാര്‍ഡ് കുഴപ്പം പിടിച്ചതാണോ. അവര്‍ ചോദിച്ചു.
ക്രെഡിറ്റ് കാര്‍ഡിന് ഒരു കുഴപ്പവുമില്ല. സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അത് നമ്മളെ സാവധാനം വലിയ കടക്കെണിയില്‍ കൊണ്ടെത്തിക്കും. എന്നാല്‍ സൂക്ഷിച്ചുപയോഗിച്ചാല്‍ ഇതിലും നല്ലൊരു സാമ്പത്തിക സഹായി വേറെയില്ല.
അവര്‍ മനസിലാകാതെ കണ്ണുമിഴിച്ചു. ടീ ബ്രേക്ക് അവസാനിച്ചു. എല്ലാവരും ക്ലാസില്‍ കയറി. അതിനാല്‍ കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പറഞ്ഞ് തരാം എന്നുപറഞ്ഞു. പക്ഷേ ഒരു കാര്യം പ്രത്യേകം ഓര്‍ക്കുക. എല്ലാവരും ക്രെഡിറ്റ് കാര്‍ഡ് സൂക്ഷിച്ചുപയോഗിക്കാന്‍ തുടങ്ങിയാല്‍ ക്രെഡിറ്റ് കാര്‍ഡ് കമ്പനികള്‍ പൂട്ടിപ്പോകും. നമ്മുടെ സൂക്ഷ്മതക്കുറിവിലാണ് അവരുടെ ലാഭമിരിക്കുന്നത്. ഭര്‍ത്താവ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായതുകൊണ്ടാണ് മൂന്നാമെതാരു കാര്‍ഡിനെക്കുറിച്ച് ചിന്തിക്കുന്നത്. ആ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വീണ്ടും ഒരു കാര്‍ഡ് എടുക്കുന്നത് പ്രശ്നം പരിഹരിക്കാനല്ല, വഷളാക്കാനാണ് കാരണമാകുക. അതിനാല്‍ എന്താണ് പ്രതിസന്ധി എന്ന് മനസിലാക്കി അത് ആദ്യം പരിഹരിക്കാന്‍ വേണ്ടത് ചെയ്യുക.
അവര്‍ അത് കേട്ട് തലകുലുക്കി ക്ലാസിലേക്ക് നടന്നു.
പഴ്‌സണല്‍ ഫിനാന്‍സ് അനലിസ്റ്റും എന്‍ട്രപ്രണര്‍ഷിപ്പ് മെന്ററുമാണ് ലേഖകന്‍. ഫോണ്‍ 9447667716. ഇ മെയ്ല്‍ jayakumarkk8@gmail.com)