ബുദ്ധിജീവികളിലെ മിന്നും താരം, ബഹുമുഖവ്യക്തിത്വം: ലോകത്തെ വിസ്മയിപ്പിച്ച പ്രതിഭാധനൻ
Mail This Article
വിശ്വപ്രസിദ്ധ ബഹുമുഖപ്രതിഭകളിൽ പ്രധാനിയാണ് ലിയണാഡോ ഡാവിഞ്ചി. മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ ലോകപ്രശസ്ത പെയിന്റിങ്ങുകളുടെ സ്രാഷ്ടാവ്. ഒരേസമയം കലാകാരനും ശാസ്ത്രജ്ഞനും എൻജിനീയറും ചിന്തകനുമായിരുന്നു ഡാവിഞ്ചി. ലോകത്ത് ജീവിച്ച ബുദ്ധിജീവികൾ വേറിട്ട സ്ഥാനമാണ് ഡാവിഞ്ചി വഹിക്കുന്നത്. മൊണാലിസ, ലാസ്റ്റ് സപ്പർ തുടങ്ങിയ വിശ്വപ്രസിദ്ധ പെയ്ന്റിങ്ങുകളിലൂടെയാണു ഡാവിഞ്ചി ഏറെ പ്രശസ്തനെങ്കിലും അദ്ദേഹത്തിന്റെ പ്രതിഭ ചിത്രകാരനെന്നതിനപ്പുറമായിരുന്നു. മനുഷ്യ ശരീര ഘടനയെക്കുറിച്ചും പിൽക്കാലത്ത് മനുഷ്യരാശി യാഥാർഥ്യമാക്കിയ ബൈസിക്കിൾ, ഹെലിക്കോപ്റ്ററുകൾ, ടാങ്കുകൾ, വിമാനങ്ങൾ തുടങ്ങിയവയക്കുറിച്ചുമെല്ലാമുള്ള ആദിമകാല സ്കെച്ചുകൾ അദ്ദേഹത്തിന്റെ വിരലുകളിൽ പിറന്നു. അപാരമായ ബുദ്ധിശക്തിയും മാനസികശേഷിയും ഒത്തിണങ്ങളിയ ഡാവിഞ്ചി നവോത്ഥാനശിൽപികളിലും പ്രമുഖനായിരുന്നു.
ഭൂഗുരുത്വബലം കണ്ടെത്തിയ ആളായി പറയപ്പെടുന്നത് വിഖ്യാത ശാസ്ത്രജ്ഞനായ ഐസക് ന്യൂട്ടനെയാണ്. എന്നാൽ ന്യൂട്ടനും മുൻപ് തന്നെ ഡാവിഞ്ചി ഭൂഗുരുത്വബലം മനസ്സിലാക്കിയെന്ന് ഇടയ്ക്ക് ഗവേഷണമുണ്ടായിരുന്നു. ഒരു കുടത്തിൽ നിന്നു മണൽത്തരികൾ താഴേക്കിട്ടുള്ള ഗവേഷണത്തെക്കുറിച്ച് ഡാവിഞ്ചി വരച്ച സ്കെച്ചുകളാണ് ഗവേഷണത്തിന് ആധാരം. കോഡക്സ് അരുൻ്ഡ്രേൽ എന്ന ഡാവിഞ്ചിയുടെ കയ്യെഴുത്തു പുസ്തകത്തിലാണ് സ്കെച്ചുകൾ. ഗവേഷണത്തിന്റെ ആദ്യഘട്ടത്തിൽ മണൽത്തരികൾ താഴേക്കു വീഴുന്നതിന്റെ ചലനങ്ങൾ ഡാവിഞ്ചി അടയാളപ്പെടുത്തി വയ്ക്കുകയും ഇതിനു പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് അദ്ഭുതപ്പെടുകയും ചെയ്തെന്ന് ഗവേഷണം നടത്തിയ വിദഗ്ധർ പറയുന്നു. എന്നാൽ ഇതെക്കുറിച്ച് ഒരു ഫോർമുല രൂപീകരിക്കാനുള്ള ശ്രമങ്ങൾ ഫലവത്തായില്ല. ഒടുവിൽ ഡാവിഞ്ചി ആ ശ്രമം ഉപേക്ഷിച്ചെന്ന് വിദഗ്ധർ പറയുന്നു.
പതിനഞ്ചാം നൂറ്റാണ്ടിൽ ഇറ്റലിയിലെ ടസ്കൻ പട്ടണിത്തിൽ സെർപിയറോ ഡാവിഞ്ചിയുടെയും കാറ്ററീന എന്ന പതിനഞ്ചുകാരിയായ അനാഥയുടെയും മകനായി ജനിച്ച ലിയണാഡോ അഞ്ചാം വയസ്സിൽ ഇറ്റലിയിൽ തന്നെയുള്ള വിൻസി പട്ടണത്തിലേക്കു താമസം മാറ്റി. 1519 മേയ് രണ്ടിന്, തന്റെ 67ാം വയസ്സിൽ അന്തരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മൃതശരീരം, ഡാവിഞ്ചി അവസാനകാലത്തു ജീവിച്ചിരുന്ന ഫ്രാൻസിലെ ലൂർ താഴ്‌വരയിലുള്ള െസയിന്റ് ഫ്ലോറന്റീൻ ചാപ്പലിലെ സെമിത്തിേരിയിൽ അടക്കിയെന്നാണു കരുതപ്പെടുന്നത്.
∙ മൂല്യമേറിയ ഗ്രന്ഥം
ശതകോടീശ്വരൻ ബിൽഗേറ്റ്സിന്റെ ലൈബ്രറിയിലെ ഏറ്റവും മൂല്യമുള്ള ഗ്രന്ഥമാണ് കോഡക്സ് ലീസസ്റ്റർ. മൂന്നുകോടി യുഎസ് ഡോളറിലധികം വില നൽകിയാണ് ഈ പുസ്തകം അദ്ദേഹം സ്വന്തമാക്കിയത്.1506– 1510 കാലഘട്ടത്തിലാണ് ഇറ്റാലിയൻ ഭാഷയിലുള്ള ഈ ഗ്രന്ഥം ഡാവിഞ്ചി രചിച്ചത്. ഇറ്റലിയിലെ ഫ്ലോറൻസിലും മിലാനിലുമായി തന്റെ ജീവിതം അദ്ദേഹം ചെലവിട്ട നാളുകളിൽ. 4 ഭാഗങ്ങളായി 18 പേജു വീതം മൊത്തം 72 താളുകളുള്ള ഈ പുസ്തകത്തിൽ ഡാവിഞ്ചി തന്റെ ആശയങ്ങൾ കോറിയിട്ടു. അതിനൊപ്പം അതിന്റെ ചിത്രങ്ങളും സ്കെച്ചുകളും. ഡാവിഞ്ചി എഴുതിയ 30 കയ്യെഴുത്ത് പ്രതികൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്നതത്രേ കോഡക്സ് ലീസസ്റ്റർ.
മിറർ റൈറ്റിങ് എന്ന തനതു ഡാവിഞ്ചിയൻ ശൈലിയിലാണു പുസ്തകത്തിന്റെ രചന. മധ്യകാലഘട്ട ഇറ്റാലിയൻ ഭാഷയാണു പുസ്തകത്തിൽ ഉപയോഗിച്ചിട്ടുള്ളത്. കോഡക്സ് ലീസെസ്റ്ററിൽ ശാസ്ത്രപരവും സാങ്കേതികപരവുമായ ആശയങ്ങളാണ് അദ്ദേഹം പങ്കിടുന്നത്. ശാസ്ത്രവും കലയും സമന്വയിക്കുന്ന നിമിഷങ്ങളും ഈ നോട്ടുപുസ്തകത്തെ ശ്രദ്ധേയമാക്കുന്നു.ജലം, അതിന്റെ ചലനങ്ങൾ, അതിന്റെ ഭാവങ്ങൾ, അതിനെ വരുതിയിലാക്കാൻ നടപ്പിൽ വരുത്താവുന്ന സാങ്കേതിക സംവിധാനങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള ചർച്ചകളാണ് പുസ്തകത്തിന്റെ നല്ലൊരു പങ്കും. പർവതങ്ങൾക്കു മുകളിൽ കടൽജീവികളുടെ ഫോസിലുകൾ എങ്ങനെയെത്തി തുടങ്ങിയ അക്കാലത്തെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്ക് തന്റേതായ വ്യാഖ്യാനം നൽകാൻ ഡാവിഞ്ചി കോഡക്സ് ലീസസ്റ്ററിലൂടെ ശ്രമിച്ചിട്ടുണ്ട്.
ചന്ദ്രന്റെ പ്രകാശത്തിന്റെ ശാസ്ത്രീയകാരണങ്ങൾ കണ്ടെത്താനും എന്തുകൊണ്ട് ചന്ദ്രപ്രകാശം സൂര്യപ്രകാശത്തേക്കാൾ തിളക്കം കുറഞ്ഞതാണെന്ന് അറിയാനും ഡാവിഞ്ചി ശ്രമിക്കുന്നത് പുസ്തകത്തിൽ കാണാം. സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്നതിനോട് ഒപ്പം തന്നെ ഭൂമിയിൽ നിന്നു പ്രതിഫലനം ചെയ്യപ്പെടുന്ന പ്രകാശവും ചന്ദ്രനിൽ പതിച്ച് ഒരു പ്രകാശമണ്ഡലം ഉണ്ടാക്കുന്നുണ്ടെന്നും ഡാവിഞ്ചി പറഞ്ഞു വയ്ക്കുന്നു. ഒരു നൂറ്റാണ്ടിനിപ്പുറം ഈ നിഗമനം ശരിയാണെന്നു വിഖ്യാത ജ്യോതിശാസ്ത്രജ്ഞനായ യോഹാൻ കെപ്ലർ കണ്ടെത്തി. 500 വർഷങ്ങൾക്കപ്പുറം പഴക്കമുള്ള ഈ നോട്ടുപുസ്തകം പലരുടെ കൈമറിഞ്ഞാണ് ഒടുക്കം ബിൽ ഗേറ്റ്സിന്റെ സ്വന്തമായത്.
Content Summary : Life story of Leonardo Da Vinci