പൊതുസമൂഹം നേരിടുന്ന 2 പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും

Mail This Article
എസ്എസ്എൽസി പരീക്ഷയ്ക്ക് 8 സ്കോറിന്റെ ചോദ്യങ്ങൾ പ്രതീക്ഷിക്കാവുന്ന യൂണിറ്റാണ് പൗരബോധം. ഇതൊരു ഓപ്ഷനൽ യൂണിറ്റ് ആണ്. ഇതു വിശദമായി പഠിക്കാത്തവർക്ക് രാഷ്ട്രവും രാഷ്ട്രതന്ത്ര ശാസ്ത്രവും എന്ന യൂണിറ്റ് തിരഞ്ഞെടുക്കാം. പൗരബോധം എന്ന പാഠഭാഗത്തിന്റെ വിശകലനം നോക്കാം.
പൗരബോധം എന്നതുകൊണ്ട് അർഥമാക്കുന്നത് എന്ത്? ഇതിന്റെ പ്രാധാന്യമെന്ത്? (4 സ്കോർ)
ഓരോ പൗരനും സമൂഹത്തിനു വേണ്ടി ഉള്ളതാണെന്നും സമൂഹത്തിന്റെ ഉത്തമ താൽപര്യങ്ങളാകണം തന്റേതും എന്ന തിരിച്ചറിവാണ് പൗരബോധം കൊണ്ട് ഉദ്ദേശിക്കുന്നത്. പൗരബോധമുള്ള ഒരാൾ, അവനവനോടും സമൂഹത്തോടും മാനവികതയോടും കൂറും ഉത്തരവാദിത്തവും പുലർത്തും. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയെ പൗരബോധം സ്വാധീനിക്കുന്നു. പൗരബോധമില്ലെങ്കിൽ മനുഷ്യൻ സ്വാർഥനാകും.
പൗരബോധത്തെ നിർണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാമാണ്? വിശദമാക്കുക.
പൊതുസമൂഹം നേരിടുന്ന 2 പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും എഴുതുക
പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ താഴെപ്പറയുന്നവയാണ്.
കുടുംബം:
മുതിർന്നവരെ ബഹുമാനിക്കുക, സമൂഹ സേവനത്തിലേർപ്പെടുക തുടങ്ങിയവ പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്. വ്യക്തി കുടുംബത്തിനും കുടുംബം സമൂഹത്തിനും വേണ്ടിയാണെന്ന ബോധ്യം വളർത്താൻ കുടുംബാന്തരീക്ഷത്തിനു സാധിക്കണം.
വിദ്യാഭ്യാസം:
മൂല്യബോധം, സഹിഷ്ണുത, നേതൃഗുണം, പരിസ്ഥിതിബോധം, ശാസ്ത്രബോധം തുടങ്ങിയവ വിദ്യാഭ്യാസത്തിലൂടെയാണ് നേടാൻ സാധിക്കുന്നത്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിലൂടെയാണ് പൗരബോധം വളർത്തിയെടുക്കാനാവുക.
സംഘടനകൾ:
സേവന സന്നദ്ധതയോടെ പ്രവർത്തിക്കാൻ വ്യക്തികളെ പ്രാപ്തരാക്കുന്നത് സമൂഹത്തിലെ സംഘടനകളാണ്. പാരിസ്ഥിതിക അവബോധവും മനുഷ്യാവകാശ ബോധവും സൃഷ്ടിക്കാൻ അത്തരത്തിൽ പ്രവർത്തിക്കുന്ന സംഘടനകൾ സഹായകമാകുന്നു.
മാധ്യമങ്ങൾ:
ശരിയായതും വസ്തുനിഷ്ഠവുമായ വിവരങ്ങളാണ് മാധ്യമങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതെങ്കിൽ അവ ക്രിയാത്മകമായ ആശയരൂപീകരണത്തിലേക്കു നയിക്കും. നിഷ്പക്ഷവും സ്വതന്ത്രവുമായ മാധ്യമങ്ങൾക്ക് പൗരബോധ രൂപീകരണത്തിൽ വലിയ സ്ഥാനമുണ്ട്.
ജനാധിപത്യ വ്യവസ്ഥ:
ഒരു ഭരണക്രമം എന്നതിലുപരി ജനാധിപത്യം ഒരു ജീവിതശൈലി കൂടിയാണ്. പൗരബോധം വളർത്തിയെടുക്കാൻ ജനാധിപത്യ വ്യവസ്ഥ അനിവാര്യമാണ്. നമ്മുടെ പ്രവർത്തനങ്ങളിലെല്ലാം ജനാധിപത്യ സമീപനം പുലർത്താൻ ഇത് സഹായകമാകുന്നു. എല്ലാവരും നിയമവിധേയരാണ് എന്ന അടിസ്ഥാനതത്വം രൂപപ്പെടുന്നത് ജനാധിപത്യ വ്യവസ്ഥയിലൂടെയാണ്.
ധാർമികതയും പൗരബോധവും എപ്രകാരമാണ്
ബന്ധപ്പെട്ടിരിക്കുന്നത്?
നന്മതിന്മകൾ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുകയും കടമകൾ ഉത്തരവാദിത്തത്തോടെ നിർവഹിക്കുകയുമാണ് ധാർമികത എന്നതുകൊണ്ട് അർഥമാക്കുന്നത്. ധാർമികത പൗരബോധത്തെ സഹായിക്കുന്നു. എന്നാൽ അധാർമികത പൗരബോധത്തെ ഇല്ലാതാക്കുന്നു. പൗരബോധം വളർത്തിയെടുക്കുവാനുള്ള ഏറ്റവും നല്ല മാർഗമാണ് ജീവിതത്തിന്റെ എല്ലാ മേഖലകളിലും ധാർമിക ബോധം സൃഷ്ടിക്കുക എന്നത് .
പൗരബോധം നേരിടുന്ന പ്രധാന വെല്ലുവിളിയേത്? ഇതു മറികടക്കാൻ സഹായിക്കുന്ന പ്രവർത്തനങ്ങളേതെല്ലാം ?
സ്വന്തം താൽപര്യങ്ങൾക്കുവേണ്ടി എന്തും ചെയ്യാൻ തയാറാവുന്നതാണ് പൗരബോധം നേരിടുന്ന സുപ്രധാന വെല്ലുവിളി. ഇങ്ങനെ ചെയ്യുമ്പോൾ പൊതു താൽപര്യങ്ങളെ അവഗണിക്കേണ്ടി വരുന്നു.
വെല്ലുവിളികളെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ
· അവരവരുടെ പ്രവർത്തനങ്ങളെ വിമർശനാത്മകമായി വിലയിരുത്തുക
· സ്വന്തം താൽപര്യങ്ങൾക്കു വേണ്ടി ശ്രമിക്കുമ്പോൾ പൊതുതാൽപര്യങ്ങൾ ഹനിക്കാതെ ശ്രദ്ധിക്കുക
മറ്റുള്ളവരിൽ നിന്നു പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ നാം തന്നെ തുടങ്ങുക
പ്രവർത്തനങ്ങളെല്ലാം ജനാധിപത്യത്തിലും സഹിഷ്ണുതയിലും അധിഷ്ഠിതമാക്കുക
അവകാശങ്ങൾക്കും ചുമതലകൾക്കും തുല്യ പരിഗണന നൽകുക
പൗരബോധ രൂപീകരണത്തിൽ സാമൂഹ്യശാസ്ത്ര പഠനത്തിന്റെ പ്രാധാന്യമെന്ത് ?
സമൂഹവുമായി ചേർന്നുനിൽക്കുന്ന പഠന മേഖല എന്ന നിലയിൽ സാമൂഹ്യശാസ്ത്ര പഠനത്തിന് പൗരബോധ രൂപീകരണത്തിൽ പ്രധാന പങ്കുണ്ട്.
. വൈവിധ്യങ്ങളെ ബഹുമാനിക്കാനും സഹിഷ്ണുതയോടെ പെരുമാറാനുംവ്യക്തികൾക്കാകുന്നു
. രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക പ്രശ്നങ്ങളുടെ വിവിധ പശ്ചാത്തലങ്ങൾ മനസ്സിലാക്കാൻ സാധിക്കുന്നു
. വിവിധ പ്രശ്നങ്ങൾക്ക് സമഗ്രമായ പരിഹാരം നിർദേശിക്കാൻ ജനങ്ങളെ പ്രാപ്തരാക്കുന്നു
. ജനങ്ങളിൽ സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം എത്തിക്കാൻ സാധിക്കുന്നു
. പൗരബോധത്തിന്റെ ഉത്തമ മാതൃകകൾ പരിചയപ്പെടുന്നതിനാൽ പൗരബോധമുള്ള വ്യക്തികളായി മാറുവാൻ ജനങ്ങൾക്ക് സാധ്യമാകുന്നു
ഈ യൂണിറ്റിൽ നിന്ന് മുൻ വർഷങ്ങളിൽ ചോദിച്ച ചില ചോദ്യങ്ങൾ (4 സ്കോർ )
പൗരബോധത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ ഏതെല്ലാം?
. സംഘടന, മാധ്യമം, എന്നിവയിലൂടെ നമുക്ക് പൗരബോധം എങ്ങനെ വളർത്താൻ കഴിയും എന്ന് വിശദമാക്കുക
. സമൂഹം നേരിടുന്ന ഏതെങ്കിലും രണ്ട് പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരമാർഗങ്ങളും എഴുതുക
. പൗരബോധം വളർത്തുന്നതിൽ സംഘടനകളുടെ പങ്ക് വ്യക്തമാക്കുക
. പൗരബോധം രൂപീകരിക്കുന്നതിൽ സാമൂഹ്യശാസ്ത്ര പഠനം വഹിക്കുന്ന പങ്ക് വിശദമാക്കുക
. പൗരബോധം രൂപീകരിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്ക് വിശദമാക്കുക
. പൗരബോധം രൂപീകരിക്കുന്നതിൽ കുടുംബത്തിനുള്ള പങ്ക് വ്യക്തമാക്കുക
. പൗരബോധം നേരിടുന്ന വെല്ലുവിളികളെ ഏതൊക്കെ വിധത്തിൽ മറികടക്കാനാകും?
. പൗരബോധത്തിന്റെ അഭാവം മൂലം സമൂഹത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ വിവരിക്കുക
. പൗരബോധം രൂപപ്പെടുത്തുന്ന പ്രധാന ഘടകങ്ങൾ ഏതെല്ലാം ?