കുട്ടികള്‍ നന്നായി പഠിക്കുന്നില്ലേ? എങ്കില്‍ അവരെ പഠിപ്പിക്കാന്‍ പഠിക്കാം
Mail This Article
മക്കള്‍ എല്ലാ കാര്യങ്ങളിലും മിടുക്കുള്ളവരും പഠനത്തില്‍ സമര്‍ത്ഥരും മറ്റുള്ളവരോട് നന്നായി ഇടപെടുന്നവരുമായിരിക്കണമെന്നാണ് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹം. എന്നാല്‍ ഈ ആഗ്രഹം എല്ലാ കുട്ടികളുടേയും കാര്യത്തില്‍ യാഥാര്‍ത്ഥ്യമാകുമോ? ഒരിക്കലുമില്ല. കുട്ടികള്‍ തീര്‍ത്തും വ്യത്യസ്ഥരാണ്. ഒരാള്‍ക്കുള്ള കഴിവുകളായിരിക്കില്ല മറ്റൊരാള്‍ക്കുള്ളത്. ഓരോരുത്തരുടേയും സാമര്‍ത്ഥ്യം ഓരോ കാര്യങ്ങളിലായിരിക്കും. ചിലര്‍ പഠിക്കാന്‍ മിടുക്കരായിരിക്കും എന്നാല്‍ മറ്റു കാര്യങ്ങളില്‍ അത്ര സമര്‍ത്ഥരായെന്നു വരില്ല. അതേസമയം നല്ല സ്വഭാവവും നന്നായി ഇടപെടാന്‍ കഴിവുള്ളവരുമായ കുട്ടികള്‍ നന്നായി പഠിക്കുന്നവരാകണമെന്നില്ല.
കുട്ടികളെക്കുറിച്ച് അമിതമായ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തുന്ന മാതാപിതാക്കള്‍ തങ്ങളുടെ പ്രതീക്ഷകള്‍ നടന്നു കാണുന്നതിനായി ആവശ്യമില്ലാത്ത നിയന്ത്രണങ്ങളും കുട്ടികളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നു. അതിന്റെ ഫലമോ അവരില്‍ മാതാപിതാക്കളോട് വൈരാഗ്യവും അമര്‍ഷവും ഉണ്ടാകുന്നു. ഗുണമുദ്ദേശിച്ച് ചെയ്യുന്ന കാര്യങ്ങള്‍ ദോഷകരമായി മാത്രമാണ് ബാധിക്കുക. അമിത നിയന്ത്രണവും ഭീഷണികളും ഭയത്തിന്റെ പേരില്‍ കുട്ടികള്‍ അംഗീകരിക്കുമെങ്കിലും അവസരം വരുമ്പോള്‍ ഉള്ളിലടക്കിവെച്ച അമര്‍ഷം അവര്‍ പ്രകടിപ്പിക്കുക തന്നെ ചെയ്യും.
പഠിക്കാനും സ്മാര്‍ട്ടാകാനും കുട്ടികളെ നിര്‍ബന്ധിക്കേണ്ടത് അവരുടെ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടാവരുത്. പകരം അവര്‍ക്കൊപ്പം നിന്നുകൊണ്ടാവണം. പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതിനു പകരം അവരുടെ കൂടെ നിന്ന് അതിനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കണം. സ്വസ്ഥമായിരുന്ന് പഠിക്കാനുള്ള അന്തരീക്ഷം വീട്ടിലുണ്ടാകണം. പഠിക്കാന്‍ അവരോട് പറയുകയും വീട്ടിലുള്ള മറ്റുള്ളവര്‍ ഉച്ചത്തില്‍ സംസാരിക്കുകയും ടിവി കാണുകയും സന്ദര്‍ശകരോട് വിശേഷങ്ങള്‍ പങ്കുവെക്കുകയുമൊക്കെയാണെങ്കില്‍ കുട്ടികളുടെ ശ്രദ്ധ മാറുമെന്നതില്‍ സംശയമില്ല. അതിനാല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സഹായകമാകുന്ന വിധത്തില്‍ ശാന്തമായ അന്തരീക്ഷമൊരുക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം.
കുട്ടികള്‍ക്കൊപ്പമിരുന്ന് പഠിക്കാന്‍ സഹായിക്കുകയും അറിയാത്ത കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുകയും ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ക്ക് തങ്ങളുടെ കാര്യത്തില്‍ ശ്രദ്ധയുണ്ടെന്ന് കുട്ടികള്‍ക്ക് തോന്നും. ആ തോന്നല്‍ അവരെ പഠിക്കാന്‍ പരിശ്രമിക്കുന്നതിന് സഹായിക്കും. കുട്ടികളുടെ ചെറിയ ചെറിയ നേട്ടങ്ങള്‍ പോലും മാതാപിതാക്കള്‍ ശ്രദ്ധിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് അവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തോല്‍വി സാധാരണമാണെന്നും വീണ്ടും പരിശ്രമിക്കുകയാണ് വേണ്ടതെന്നും അവരോട് പറയണം. തോറ്റാല്‍ അക്കാര്യം പറയാന്‍ മടിയോ, ഭയമോ വേണ്ടെന്നും പറയണം. തോല്‍വിയില്‍ നിന്നാണ് വിജയങ്ങളുണ്ടാകുന്നതെന്ന പാഠം ആദ്യം അവരെ പഠിപ്പിക്കാം.
Content Highlight - Teaching children | Parenting tips for studying | Creating a calm learning environment | Boosting children's confidence in studies | Importance of failure in learning success