ഉപഗ്രഹങ്ങൾ പണി മുടക്കിയാൽ എന്തു സംഭവിക്കും ?
Mail This Article
ബഹിരാകാശത്ത് നൂറുകണക്കിന് കൃത്രിമ ഉപഗ്രഹങ്ങളുണ്ടല്ലോ ഒരു ദിവസം ഇവയെല്ലാം പ്രവർത്തിക്കാതായാൽ എന്തു സംഭവിക്കും. ഉപഗ്രഹങ്ങൾ എല്ലാം പണിമുടക്കിയാൽ ഉപഗ്രഹചാനലുകൾ ടിവിയിൽ കിട്ടാതാകും. ഇഷ്ടപ്പെട്ട കാർട്ടൂൺ പരിപാടിയും സിനിമയുമൊന്നും കാണാനാവില്ല.
ഇതിനെക്കാൾ വലിയ കുഴപ്പങ്ങൾ വേറെയുമുണ്ട്. സാറ്റലൈറ്റ് സഹായത്തോടെ വിവരങ്ങൾ കൈമാറുന്ന മേഖലകളെല്ലാം പ്രതിസന്ധിയിലാകും. പറന്നുകൊണ്ടിരിക്കുന്ന വിമാനങ്ങളിലെ പൈലറ്റുമാർക്ക് വിമാനത്താവളവുമായി ബന്ധപ്പെടാൻ കഴിയാതാകും. കപ്പലുകളിലെ നാവികർക്ക് തുറമുഖങ്ങളുമായും മറ്റും വിവരങ്ങൾ കൈമാറാൻ പറ്റാതാകും. ഇവയെല്ലാം സഞ്ചരിക്കുന്നത് ജിപിഎസ് സഹായത്തോടെയാണെന്നറിയാമല്ലോ ഉപഗ്രഹങ്ങൾ പണിമുടക്കിയാൽപ്പിന്നെ എന്ത് എന്ത് ജിപി എസ് ? എല്ലാ വിമാനങ്ങളും നിലത്തിറക്കേണ്ടി വരും. പറക്കുന്നവ അപകടം കൂടാതെ ഒരു വിധത്തിൽ താഴെ ഇറങ്ങിയാൽ ഭാഗ്യം. കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി കപ്പലുകൾക്കും വിമാനങ്ങൾക്കും കൈമാറാനാവില്ല. ചുഴലിക്കാറ്റിലും മറ്റും പെട്ട് അപകടമുണ്ടാകും.
സൈനികരംഗത്തും കാര്യങ്ങൾ ആകെ താറുമാറാകും. യുദ്ധക്കപ്പലുകൾക്ക് ശത്രുക്കളുടെ വരവിനെക്കുറിച്ച് മുന്നറിയിപ്പ് നൽകാൻ കഴിഞ്ഞില്ലെങ്കിലുള്ള അവസ്ഥ ഓർത്തു നോക്കൂ. ശത്രുക്കൾ തകർത്തു കളയും. ഇതേ ശത്രുക്കളും സാറ്റലൈറ്റ് സഹായമില്ലാതെ വലയുമെന്നത് വേറെ കാര്യം.
ഇന്റർനെറ്റ് ഏതാണ്ട് നിലച്ച മട്ടാകും. അതോടെ എല്ലാ മേഖലകളും സ്‌തംഭിക്കും. ദുരന്തങ്ങൾ സംഭവിച്ച പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുക സാറ്റലൈറ്റ് സഹായത്തോടെയാണ്. അതും സാധ്യമല്ലാതാകും. അധികം വൈകാതെ ലോക സമ്പദ്‌വ്യവസ്ഥ തന്നെ തകരാറിലാകും. ചരക്കുനീക്കം നിലയ്ക്കും. സാധനങ്ങൾക്കായി ആളുകൾ തമ്മിൽ പിടിവലിയാകും. ചുരുക്കിപ്പറഞ്ഞാൽ ആധുനിക ലോകത്ത് നാം അനുഭവിക്കുന്ന കുറേ സൗകര്യങ്ങൾ ഒറ്റയടിക്ക് ഇല്ലാതാകും.
English summary : What happens when a satellite stops working