കുപ്പിയിൽ കല്ലുകളിട്ട് വെള്ളം കുടിക്കുന്ന കാക്ക; ആ ബുദ്ധിമാനായ കാക്കയുടെ വിഡിയോ ഇതാ...
Mail This Article
ദാഹിച്ചുവലഞ്ഞ കാക്കയുടെ കഥ കേൾക്കാത്ത കൂട്ടുകാർ ഉണ്ടാകില്ല അല്ലേ?... പണ്ടത്തെ ഗുണപാഠ കഥയിലെ കാക്ക അതിബുദ്ധിമാനായിരുന്നു. ഒരിക്കൽ ദാഹജലം തേടി അലഞ്ഞ കാക്ക ഒരു വീട്ടുമുറ്റത്ത് ഒരു മൺകുടമിരിക്കുന്നത് കണ്ടു. വെള്ളം കുടിക്കാനായി കുടത്തിനുള്ളിലേക്ക് നോക്കിയപ്പോൾ അതിന്റെ അടിത്തട്ടിൽ ഒരൽപ്പം വെള്ളമുണ്ടെന്നു കാക്ക കണ്ടു. എന്നാൽ കുടത്തിന്റെ വാവട്ടം ചെറുതായതിനാൽ കാക്കയ്ക്ക് അതിനുള്ളിലേയ്ക്ക് തലയിട്ട് വെള്ളം കുടിക്കാനും സാധിച്ചില്ല. അങ്ങനെ. വെള്ളം കുടിക്കാൻ മാർഗ്ഗമാലോചിച്ച് കാക്ക ചുറ്റിനും നോക്കിയപ്പോൾ കുറെ കല്ലുകൾ കിടക്കുന്നത് കണ്ടു. കാക്കയ്ക്ക് ഒരു ബുദ്ധി തോന്നി. കാക്ക പറന്നുചെന്ന് ഒരോ കല്ലെകളെടുത്തു കുടത്തിലിടാൻ തുടങ്ങി . കുറച്ചു കഴിഞ്ഞപ്പോൾ അടിത്തട്ടിലെ വെള്ളം ക്രമേണ കല്ലുകൾക്കു മുകളിലായി ഉയർന്നു വന്നു. കാക്ക വെള്ളം കുടിച്ച് ദാഹമകറ്റി പറന്നു പോയി. ആവശ്യമാണ് കണ്ടുപിടിത്തത്തിന്റെ മാതാവ് എന്ന ഗുണപാഠവും കൂട്ടുകാർ ഈ കഥയിലൂടെ പഠിച്ചുകാണുമല്ലോ?...
Read more : നാട്ടു നാട്ടിലെ കൊട്ടാരം ഇന്ത്യയിലെങ്ങുമല്ല; യുക്രെയ്ൻ പ്രസിഡന്റിന്റെ വസതി!
എന്നാൽ ഈ കഥ വെറുമൊരു കഥമാത്രമല്ലെന്നു തെളിയിക്കുന്ന ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. പുതിയ കഥയിൽ കുടത്തിന് പകരം ഒരു കുപ്പിയാണ്. കഥയിലെ പോലെ ദാഹമകറ്റാനായി കുപ്പിയിൽ കല്ലുകൾ കൊത്തിയിടുകയാണ് ഈ കാക്കയും. ചില കല്ലുകളാകട്ട കുപ്പിയുടെ വാവട്ടത്തിലൂടെ കയറ്റാനാകാത്തയത്ര വലുതായിരുന്നു. എന്നാൽ അത്തരം കല്ലുകൾ മാറ്റി അടുത്ത കല്ലുകൾ ഇടുകയാണ് ഈ മിടുക്കൻ കാക്ക. കഥയുടെ ബാക്കി നമ്മളിൽ പലരും വായിച്ചതുപോലെ തന്നെയാണ്. തൻസു യെഗൻ എന്ന അക്കൗണ്ട് ട്വിറ്ററിൽ പങ്കുവെച്ച വിഡിയോയിലാണ് കാക്കയുടെ ബുദ്ധി വൈറലായത്.
കാക്കകൾ ബുദ്ധിയും കൗശലവുമുള്ള പക്ഷികൾ എന്നാണ് അറിയപ്പെടുന്നത്. കാക്കകളുടെ ബുദ്ധിയെ ഏഴ് വയസ്സുള്ള ഒരു മനുഷ്യ കുട്ടിയുടെ ബുദ്ധിയുമായാണ് ശാസ്ത്രജ്ഞർ താരതമ്യം ചെയ്യുന്നത്. 4 ദശലക്ഷത്തിലധികം കാഴ്ചക്കാരുമായി ഈ വിഡിയോ വൈറൽ ആകുകയാണ്.
Content Summary : Viral video of a thirsty crow