നാല് കപ്പലിൽ കടത്തിയത് 510 ടൺ സ്വർണം: വിവാദമായ മോസ്‌കോ ഗോൾഡ്

Mail This Article
1936 ആണ് കാലം. യൂറോപ്യൻ രാജ്യം സ്‌പെയിനിൽ രാഷ്ട്രീയമാറ്റങ്ങളുടെ കാറ്റ് ശക്തമായി അടിച്ചുകൊണ്ടിരിക്കുന്നു. അന്നത്തെ റിപ്പബ്ലിക്കൻ ഭരണകൂടം ആഭ്യന്തരയുദ്ധത്തിൽ വീഴുമെന്ന ഭീതിയിലായിരുന്നു.അക്കാലത്ത് സ്‌പെയിനിന്റെ ദേശീയ സ്വർണശേഖരം ലോകത്തെ തന്നെ നാലാമത്തെ വലിയ ശേഖരമാണ്. ഈ സ്വർണശേഖരം വിമതരുടെ കയ്യിൽപെടാതെ സംരക്ഷിക്കാൻ സ്‌പെയിനിലെ സർക്കാർ തീരുമാനിച്ചു.
ആദ്യഘട്ടമായി സ്‌പെയിനിലെ കാർട്ടജിന എന്ന സ്ഥലത്താണു സ്വർണമെത്തിച്ചത്. എന്നാൽ സോവിയറ്റ് യൂണിയന്റെ സ്‌പെയിനിലെ പ്രതിനിധിയായ സ്റ്റാഷേവ്‌സ്‌കി സ്വർണം സ്‌പെയിനിനു വെളിയിൽ കൊണ്ടുപോകാൻ സ്‌പെയിനിലെ ധനമന്ത്രിയെ ഉപദേശിച്ചു. അതീവ രഹസ്യമായി കൈൻ, നേവ, വോൾഗോലെസ്,കുസ്‌ക് എന്നീ കപ്പലുകളിൽ സ്വർണം കയറ്റി അന്നത്തെ സോവിയറ്റ് യൂണിയനിലെ ഒഡേസയിലേക്കു കൊണ്ടുപോയി. ഇന്ന് ഈ നഗരം യുക്രെയ്‌നിലാണ്. നാത്സി ജർമനിയുടെ വ്യോമാക്രമണം പേടിച്ചായിരുന്നു ഈ കപ്പൽയാത്ര. 3 ദിവസമെടുത്താണ് ഈ കപ്പലുകളിലേക്കു സ്വർണം കയറ്റിയതെന്നതു തന്നെ സ്വർണത്തിന്റെ അളവ് സൂചിപ്പിക്കുന്ന കാര്യമാണ്. 510 ടൺ ഭാരമുള്ളതായിരുന്നു ആ സ്വർണം.
സ്‌പെയിനിന്റെ മൊത്തം ദേശീയ കരുതൽ സ്വർണത്തിന്റെ നല്ലൊരുഭാഗവും ഇങ്ങനെ സോവിയറ്റ് യൂണിയനിലേക്കു പോയി. ബാക്കി ഫ്രാൻസിലേക്കും. സോവിയറ്റ് യൂണിയനിലെത്തിയ സ്വർണം മോസ്‌കോ ഗോൾഡ് എന്നറിയപ്പെട്ടു. സോവിയറ്റ് യൂണിയനിലെത്തിയശേഷവും ഈ സ്വർണത്തിന്റെ ഉടമസ്ഥാവകാശം സ്‌പെയിനിലെ റിപ്പബ്ലിക്കൻ സർക്കാരിനു തന്നെയായിരുന്നു. ഇതുപയോഗിച്ച് അവർ യുദ്ധത്തിനായുള്ള ആയുധങ്ങളും മറ്റു സംവിധാനങ്ങളുമൊക്കെ വാങ്ങി. ആഭ്യന്തരയുദ്ധം കനത്തതോടെ ഇത്തരം വാങ്ങലുകളും വർധിച്ചു. ഒടുവിൽ സ്വർണത്തിന്റെ മൊത്തം മൂല്യവും കടന്നു. പിൽക്കാലത്ത് സ്‌പെയിനിൽ റിപ്പബ്ലിക്കൻ സർക്കാർ വീഴുകയും ജനറൽ ഫ്രാങ്കോയുടെ ഏകാധിപത്യ സർക്കാർ വരികയും ചെയ്തു. സ്‌പെയിനിന്റെ സ്വർണമെല്ലാം റഷ്യ കൊണ്ടുപോയെന്നായിരുന്നു ഫ്രാങ്കോയുടെ ആരോപണം. എന്നാൽ ഇതിൽ സത്യസ്ഥിതിയില്ല.
സ്വർണം കണ്ടെത്തിയതെന്ന്?
അനുദിനം വിലകൂടിക്കൊണ്ടിരിക്കുന്ന സ്വർണം ലോകത്തെ ഏറ്റവും ആകർഷകമായ വസ്തുക്കളിൽ ഒന്നാണു സ്വർണം. സ്വർണത്തിന്റെ കണ്ടത്തൽ എന്നാണെന്നതു സംബന്ധിച്ച് കൃത്യമായ ഉത്തരമില്ല. ലോകത്ത് പലയിടങ്ങളിലുമായാണ് സ്വർണ ഖനികൾ വ്യാപിച്ചു കിടന്നത്. അതിനാൽ തന്നെ പല സമൂഹങ്ങളിലും പലരാകും കണ്ടെത്തിയത്. ഏതായാലും 2450 ബിസി കാലഘട്ടത്തിൽ സ്വർണം കണ്ടെത്തിയിരുന്നു. പുരാതന ഈജിപ്തിൽ ജീവിച്ചിരുന്ന സോസിമോസ് എന്ന വ്യക്തി ശുദ്ധമായ സ്വർണം കണ്ടെത്തിയിരുന്നതായും തെളിവുകളുണ്ട്. ഈജിപ്തുകാർ സ്വർണം ഉപയോഗിച്ച് ആഭരണങ്ങളുണ്ടാക്കി.
ഇന്ത്യയിൽ ആദിമ ജനസമൂഹമായ സിന്ധുനദീതട സംസ്‌കാരക്കാർ മുതലുള്ളവർ സ്വർണം ഉപയോഗിച്ചിരുന്നെന്നു കരുതപ്പെടുന്നു. സ്വർണനാണയങ്ങൾ ആദ്യമായി ഉപയോഗിച്ചതും ഇന്ത്യയിലാണെന്ന് ചില വിദഗ്ധർ പറയുന്നു. യുഎസിലെ കലിഫോർണിയയിലും മറ്റും ഇടയ്ക്ക് സ്വർണം കണ്ടെത്തിയത് ആ രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഭവങ്ങളിലൊന്നാണ്. യുഎസിനെ ഇന്നു കാണുന്ന നിലയിലേക്ക് വളർത്തുന്നതിൽ ആ ഖനനം ഒരു പങ്കുവഹിച്ചു.