ഇലുമിനാറ്റി സത്യത്തിൽ ഉണ്ടായിരുന്നോ? ഇപ്പോഴുമുണ്ടോ? ലോകം നിയന്ത്രിക്കുന്ന രഹസ്യസംഘം

Mail This Article
ലോകത്തെ നിയന്ത്രിക്കുന്ന ഒരു രഹസ്യ സംഘടന...പുതിയൊരു ലോകക്രമം സൃഷ്ടിക്കാനാണ് ഇവരുടെ പ്രവർത്തനങ്ങൾ. സർക്കാരുകളെയും ആഗോള ബാങ്കുകളെയും മറ്റു കരുത്തുറ്റ സംഘടനകളിലുമൊക്കെ ഇവർ ചിറകുവിരിച്ചിരിക്കുന്നു. ഇലുമിനാറ്റി എന്ന സംഘടനയെക്കുറിച്ചുള്ള വിവരണമാണ് ഇത്. ഈ വിവരണം സിനിമകളിലൂടെയും സാഹിത്യത്തിലൂടെയും ഗൂഢവാദപ്രചാരണങ്ങളിലൂടെയും ലോകത്തു കളം നിറഞ്ഞതാണ്. എന്താണ് ഇലുമിനാറ്റി? ഇങ്ങനെയൊരു സംഘടന യഥാർഥത്തിൽ ഉണ്ടായിരുന്നോ?
ഇലുമിനാറ്റി എന്ന പദം ലാറ്റിൻ വാക്കായ "ഇലുമിനാറ്റസ്" (illuminatus) എന്നതിൽനിന്ന് ഉത്ഭവിച്ചതാണ്. "പ്രകാശിതരായവർ" എന്നാണ് അർഥം. ഇന്ന് അനേകം ഗൂഢവാദ സിദ്ധാന്തങ്ങളിലാണ് ഇലുമിനാറ്റിയെക്കുറിച്ചുള്ള ആശയങ്ങളുള്ളതെങ്കിലും ചരിത്രത്തിൽ ഇങ്ങനെ ഒരു സംഘടന യഥാർഥത്തിൽ ഉണ്ടായിരുന്നു. 1776 മെയ് 1ന് ജർമനിയിലെ ഇംഗോൾസ്റ്റാഡ് സർവകലാശാലയിലെ പ്രഫസർ ആഡം വൈഷോപ്റ്റ് എന്ന ജർമൻ തത്വചിന്തകൻ ബവേറിയൻ ഇലുമിനാറ്റി എന്ന രഹസ്യ സംഘടന സ്ഥാപിച്ചു. പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ജർമനിയിലെ ബവേറിയയിലായിരുന്നു ഈ സംഘടനയുടെ രൂപീകരണം. "പെർഫെക്റ്റിബിലിസ്റ്റുകൾ"എന്നാണ് ആദ്യം ഈ സംഘടന അറിയപ്പെട്ടത്, പിന്നീട് "ഓർഡർ ഓഫ് ഇലുമിനാറ്റി" എന്ന പേര് സ്വീകരിച്ചു. പ്രബുദ്ധതയുടെ ആശയങ്ങൾ, യുക്തി, ജനാധിപത്യം തുടങ്ങിയവ പ്രചരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു ബവേറിയൻ ഇലുമിനാറ്റി. ഇൻഗോൾസ്റ്റാഡിനു സമീപം ഒരു കാട്ടിൽവച്ചായിരുന്നു ഈ സംഘടനയുടെ ആദ്യ മീറ്റിങ്. മിനർവയുടെ മൂങ്ങ എന്ന ഐതിഹ്യപരമായ പക്ഷിയെ തങ്ങളുടെ ചിഹ്നമായി അവർ സ്വീകരിച്ചു. ഇല്യൂമിനാറ്റി സംഘടനയുടെ നിയമങ്ങളും പ്രവർത്തനസ്വഭാവവും ഈ ആദ്യ മീറ്റിങ്ങിൽ വിശദീകരിക്കപ്പെട്ടു.
ഇലുമിനാറ്റിക്ക് വ്യക്തമായ ഒരു അംഗത്വഘടന ഉണ്ടായിരുന്നു. നോവിസ്, മിനർവൽ, ഇലുമിനേറ്റഡ് മിനർവൽ എന്നിങ്ങനെയായിരുന്നു അത്. പിന്നീട് 13 ഡിഗ്രി ഇനിഷ്യേഷൻ എന്ന അംഗത്വരീതി കൊണ്ടുവന്നു. 11 ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പിനു ശേഷം അംഗത്വം നൽകുന്നതായിരുന്നു ഈ രീതി. നോവിസ് എന്ന തലത്തിലാണ് ആദ്യം അംഗത്വം ലഭിക്കുന്നവർ സംഘടനയിൽ ചേരുക. വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള സംഗ്രഹം തയാറാക്കി നൽകണമായിരുന്നു നോവിസുകൾ. തങ്ങൾക്കു ശത്രുക്കളാരെങ്കിലും ഉണ്ടെങ്കിൽ അവരുടെ പേര് വെളിപ്പെടുത്തണം, സാമൂഹിക പ്രവർത്തനത്തിനായി തങ്ങളുടെ വ്യക്തിജീവിത സുഖങ്ങൾ ഉപേക്ഷിക്കണം തുടങ്ങിയ ചട്ടങ്ങളുമുണ്ടായിരുന്നു. അംഗങ്ങൾക്ക് രഹസ്യനാമങ്ങൾ ഉപയോഗിക്കാനും അവരുടെ യഥാർഥ വ്യക്തിത്വം മറച്ചുവയ്ക്കാനും അവസരമുണ്ടായിരുന്നു.
1776ൽ കുറച്ചാളുകളുമായി തുടങ്ങിയ സംഘടന 1784 ആയതോടെ 2,000-3,000 അംഗങ്ങളുള്ളതായി വളർന്നു. മറ്റൊരു സീക്രട്ട് സൊസൈറ്റിയയ ഫ്രീമേസൺ സംഘടനയിൽ നിന്ന് അംഗങ്ങളെ റിക്രൂട്ട് ചെയ്തതിലൂടെ വൈഷോപ്റ്റ് സ്വാധീനം വർധിപ്പിച്ചു. ജർമൻ എഴുത്തുകാരനായ ജോഹാൻ വോൾഫ്ഗാങ് വോൺ ഗോയ്ഥേ ഈ സംഘടനയിൽ അംഗമായിരുന്നെന്ന് ഒരു വാദമുണ്ടെങ്കിലും ഇതിനു സ്ഥിരീകരണമില്ല. എന്നാൽ ഈ സംഘടനയ്ക്ക് അധികകാലം തുടരാനായില്ല. 1785ൽ ബവേറിയൻ ഭരണാധികാരി കാൾ തിയോഡോർ എല്ലാ രഹസ്യ സംഘടനകളെയും നിരോധിച്ചു, ഇലുമിനാറ്റിക്കും ഇതോടെ പൂട്ടുവീണു.1790ൽ ഇലുമിനാറ്റി ഔദ്യോഗികമായി അവസാനിച്ചു. പിന്നീടാണു ഗൂഢവാദങ്ങളുടെ തുടക്കം. സംഘടന അന്ന് പൊതുവേദിയിൽ നിന്നു മറഞ്ഞെങ്കിലും നശിച്ചിരുന്നില്ലെന്നും രഹസ്യമായി അത് ഇന്നും പ്രവർത്തിക്കുന്നെന്നും ചില ഗൂഢവാദക്കാർ പ്രചരിപ്പിച്ചു. ഈ പ്രചാരണത്തിനു വലിയ സ്വീകാര്യതയും ലഭിച്ചു.
ഇലുമിനാറ്റിയുമായി ബന്ധപ്പെടുത്തി പല പ്രമുഖരുടെയും പേര് ഗൂഢവാദക്കാർ പറയാറുണ്ട്. യുഎസ് പ്രസിഡന്റുമാരായ ജോർജ് വാഷിങ്ടണും തോമസ് ജെഫേഴ്സണുമൊക്കെ ഈ സംഘടനയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ചില വാദങ്ങളുണ്ടെങ്കിലും ഇതിനൊന്നും യാതൊരു അടിസ്ഥാനവുമില്ല. ആധുനിക കാലത്ത് ബിയോൺസെ, ജെയ്സീഡ്, കാത്തി പെറി തുടങ്ങിയ സെലിബ്രിറ്റികൾ ഇതിൽ അംഗങ്ങളാണെന്നും പ്രചാരണമുണ്ടായിട്ടുണ്ടെങ്കിലും അവരെല്ലാം അതു നിഷേധിച്ചിട്ടുണ്ട്. 1960-കളിൽ റോബർട്ട് വിൽസന്റെയും കെറി തോൺലിയുടെയും കൃതികളിലൂടെ ഇലുമിനാറ്റി വീണ്ടും ജനമനസ്സുകളിൽ ദുരൂഹമായി കടന്നു കയറി. യുഎസിലെ പ്രശസ്ത സാഹിത്യകാരൻ ഡാൻ ബ്രൗണിന്റെ "ഏഞ്ചൽസ് ആൻഡ് ഡീമൺസ്" പോലുള്ള പുസ്തകങ്ങളും സിനിമകളും ഇലുമിനാറ്റിയെ ജനപ്രിയമാക്കി.യഥാർത്ഥ ഇലുമിനാറ്റി 18-ാം നൂറ്റാണ്ടിൽ അവസാനിച്ചുവെന്നും ഇന്നത്തെ കഥകൾ തെളിവില്ലാത്തവയാണെന്നുമാണു ചരിത്രകാരൻമാരുടെ അഭിപ്രായം.