‘പാചകമാണു സാറേ മെയിൻ, ഇപ്പോ പറ്റാത്തോണ്ടാ' ;ജീവിതം ‘ചവിട്ടി’ കയറാൻ ജൗളിക്കച്ചവടക്കാരൻ...
Mail This Article
എം.ഇ സഫർ മുഹമ്മദ് (46) എന്ന ആലപ്പുഴക്കാരന് തുണിത്തരങ്ങൾ തിരഞ്ഞെടുക്കുന്നതിലും വൈഭവം ബിരിയാണിയുടെ രുചിക്കൂട്ടൊരുക്കുന്നതിലായിരുന്നു. മഹാമാരിക്കാലത്തെ ദുരിതപർവം താണ്ടാൻ എടുത്തണിഞ്ഞ വേഷമാണീ ജൗളിക്കച്ചവടക്കാരന്റേത്. അരയശേരി പറമ്പ് വലിയകുളം വാർഡിലെ വീട്ടിൽ ഇപ്പോൾ ബിരിയാണി മണമില്ല. ജാതിപത്രിയും മസാലക്കൂട്ടുകളും പൊടിച്ചുചേർത്തുണ്ടാക്കിയ ദംബിരിയാണിയുടെ സ്വാദോർമകൾ മാത്രമാണു ബാക്കി.
ഇരുമ്പുപാലത്തെ മൊത്തവ്യാപാരികളിൽ നിന്നെടുക്കുന്ന വസ്ത്രങ്ങൾ മുച്ചക്ര സൈക്കിളിലടുക്കിവച്ച് വീടുവീടാന്തരം ചെന്നാണിപ്പോൾ വിൽപന. കഴിഞ്ഞ മേയിൽ വീട്ടിലെല്ലാവർക്കും കോവിഡ് ബാധിച്ച് 22 ദിവസം പുറത്തിറങ്ങാതിരിക്കേണ്ടി വന്നിരുന്നു. അതിനുശേഷം ജീവിക്കാൻ വേണ്ടിയാണ് തുണിക്കച്ചവടത്തിലേക്ക് തിരിഞ്ഞത്. ‘പാചകമാണു സാറേ മെയിൻ, ഇപ്പോ പറ്റാത്തോണ്ടാ ’ എന്നു പറയുമ്പോൾ സഫറിന്റെ കണ്ണിൽ നഷ്ടബോധത്തിന്റെ നിഴലലകളുണ്ടായിരുന്നു.
ഭാര്യയും മൂന്നു മക്കളുമുള്ള കുടുംബവുമായി ജീവിതം മുന്നോട്ടു തുഴഞ്ഞു നീക്കാൻ തുണികൾ വിറ്റു കിട്ടുന്ന കാശാണിപ്പോൾ ഏക ആശ്രയം. വീട്ടിലുപയോഗിക്കാനുള്ള വസ്ത്രങ്ങളാണ് പ്രധാനമായും വിൽക്കുന്നത്. ചില ദിവസങ്ങളിൽ വിറ്റുവരവ് ഒന്നുംതന്നെയുണ്ടാകാറില്ലെങ്കിലും കഞ്ഞി കുടിച്ചു കഴിയാനെങ്കിലുമാകുന്നത് ഇതിലൂടെയാണാണ് സഫർ പറയുന്നത്. പാചകത്തൊഴിലാളികൾക്കായി ഒരാനുകൂല്യവും കിട്ടിയിട്ടില്ലെന്ന സങ്കടവും വാക്കുകൾക്കിടയിൽ നിറഞ്ഞു.
മുൻപ് 5500 ആളുകൾക്ക് 25 ചെമ്പിൽ ബിരിയാണിച്ചോറൊരുക്കിയ സഫറിന് കോവിഡ് കാലത്ത് വിവാഹങ്ങളിൽ അതിഥികൾ കുറഞ്ഞതോടെ ജോലി കുറഞ്ഞിരുന്നു. സമ്മേളനങ്ങൾക്കായി ബിരിയാണി പാക്കറ്റിലാക്കി നൽകാനും കഴിയാതെയായിരുന്നു. തുണി നിറച്ച സൈക്കിൾ റിക്ഷയിലേറി വെയിൽപ്പാതകൾ താണ്ടുമ്പോൾ തണലൊന്നു മാത്രമാണ് അവശേഷിക്കുന്നത് – എല്ലാം തിരിച്ചു പിടിക്കാനാകുമെന്ന ‘പ്രതീക്ഷ’.