ആലപ്പുഴ ജില്ലയിൽ ഒരു എലിപ്പനി മരണം കൂടി; ഇന്ന് ഉന്നതതല യോഗം

Mail This Article
ആലപ്പുഴ∙ ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി കൂടി മരിച്ചു. വയലാർ സ്വദേശിയായ ഇരുപത്തിയേഴുകാരിയാണു കഴിഞ്ഞ ദിവസം മരിച്ചത്. കഴിഞ്ഞയാഴ്ച 5 ദിവസത്തിനിടെ 3 പേർ എലിപ്പനി ബാധിച്ചു മരിച്ചിരുന്നു. എലിപ്പനി പടരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ കലക്ടർ വിളിച്ച യോഗം ഇന്ന്. വിവിധ വകുപ്പു മേധാവികൾക്കൊപ്പം മെഡിക്കൽ കോളജ് പ്രിൻസിപ്പലും കമ്യൂണിറ്റി മെഡിസിൻ മേധാവിയും പങ്കെടുക്കും. കഴിഞ്ഞയാഴ്ച 5 ദിവസത്തിനിടെ ജില്ലയിൽ 5 പേർ എലിപ്പനി ബാധിച്ചു മരിച്ച സാഹചര്യത്തിലാണ് കലക്ടർ യോഗം വിളിച്ചത്. 63 വയസ്സുള്ള കുറത്തിക്കാട് സ്വദേശിയും ആറാട്ടുപുഴ സ്വദേശിയായ 73 വയസ്സുകാരനും പാണാവള്ളി സ്വദേശിയായ 25 വയസ്സുകാരനുമാണ് എലിപ്പനി ബാധിച്ചു മരിച്ചത്. ഒരാഴ്ചയ്ക്കിടെ 11 പേർക്കാണു ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്. എലിപ്പനി ബാധ സംശയിക്കുന്ന 11 പേർ നിരീക്ഷണത്തിലാണ്.
ഇടവിട്ടു പെയ്യുന്ന മഴ കാരണം പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ എലിപ്പനിക്കുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നു. രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം ജാഗ്രതാ നിർദേശം പുറത്തിറക്കിയിരുന്നു. എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് അലർട്ട് (അവയർനെസ് ഫോർ ലെപ്റ്റസ്പൈറോസിസ് റിഡക്‌ഷൻ ആൻഡ് ട്രീറ്റ്മെന്റ് ) ക്യാംപെയ്ൻ ആരംഭിച്ചു. രോഗം പകരാതിരിക്കാനുള്ള ബോധവൽക്കരണവും ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയുമാണു ലക്ഷ്യം. സ്വകാര്യ ആശുപത്രികളെയും ക്യാംപെയ്നിന്റെ ഭാഗമാക്കും.
നിപ്പ: ജില്ലയിലെ വവ്വാൽ സാംപിളുകൾ നെഗറ്റീവ്
ആലപ്പുഴ ∙ ജില്ലയിൽ നിന്നു പരിശോധനയ്ക്ക് അയച്ച വവ്വാലുകളിൽ നിപ്പ വൈറസ് സാന്നിധ്യം ഇല്ലെന്നു ഭോപ്പാലിലെ അതീവ സുരക്ഷാ ലാബിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മാവേലിക്കര, ചെട്ടിക്കുളങ്ങര എന്നിവിടങ്ങളിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളുടെ സാംപിളാണു മൃഗസംരക്ഷണവകുപ്പ് പരിശോധനയ്ക്ക് അയച്ചത്. തിരുവല്ല മഞ്ഞാടിയിലെ പക്ഷിരോഗ നിർണയ കേന്ദ്രത്തിലേക്ക് അയച്ച സാംപിളുകൾ പ്രാഥമിക പരിശോധനയ്ക്കു ശേഷം ഭോപ്പാലിലേക്ക് അയയ്ക്കുകയായിരുന്നു. സംസ്ഥാനത്തു കഴിഞ്ഞ മാസം നിപ്പ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നിരീക്ഷണം ശക്തമാക്കാൻ മൃഗസംരക്ഷണവകുപ്പിനു നിർദേശം നൽകിയിട്ടുണ്ട്. സംശയാസ്പദമായ സാഹചര്യത്തിൽ വവ്വാലുകൾ ചത്തുവീഴുന്നതു കണ്ടാൽ സാംപിളുകൾ പരിശോധനയ്ക്ക് അയക്കണമെന്നും നിർദേശമുണ്ട്. ഗുരുതര ശ്വാസകോശ രോഗങ്ങളുമായി വരുന്നവരിൽ നിപ്പ മുൻ മുൻകരുതൽ എടുക്കണമെന്നു ആരോഗ്യവകുപ്പിനും നിർദേശം നൽകി.