ശാസ്ത്ര ഉദ്യാനം പദ്ധതി: റിപ്പോർട്ട് വൈകുന്നു

Mail This Article
മാവേലിക്കര ∙ നഗരസഭ പാർക്കിൽ 10 കോടി രൂപ ചെലവഴിച്ചു സംസ്ഥാന സർക്കാർ തുടങ്ങുന്ന പ്ലാനറ്റേറിയം ഉൾപ്പെടുന്ന ശാസ്ത്ര ഉദ്യാനം പദ്ധതി റിപ്പോർട്ട് വൈകുന്നു, 3 ഘട്ടമായി യാഥാർഥ്യമാക്കുന്നതിനായി വിഭാവനം ചെയ്ത പ്ലാനറ്റേറിയം പദ്ധതിയുടെ പ്ലാനും എസ്റ്റിമേറ്റും തയാറാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജനുവരിയിൽ സംസ്ഥാന സയൻസ് ആൻഡ് ടെക്‌നോളജി മ്യൂസിയം ഡയറക്ടർ എസ്.എസ്.സോജുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചിരുന്നു. എന്നാൽ വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്ന ജോലികൾ വൈകുന്നതിനാൽ പദ്ധതി യാഥാർഥ്യമാകുന്നതും അനിശ്ചിതമായി നീളുകയാണ്.
പദ്ധതിയുടെ ആദ്യഘട്ടത്തിനായി 5 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ രാത്രിയിലും വാനനിരീക്ഷണം സാധ്യമാകുന്ന സാങ്കേതിക വിദ്യയുള്ള ടെലിസ്കോപ് ഉൾപ്പെടെ ക്രമീകരിക്കാനാണ് ആലോചന. എം.എസ്.അരുൺകുമാർ എംഎൽഎ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണു പദ്ധതിക്ക് അനുമതി ലഭിച്ചത്.
നഗരസഭയുടെ അധീനതയിലുള്ള ടി.കെ.മാധവൻ സ്മാരക പാർക്ക് ഉൾപ്പെടെ ഒരേക്കർ എഴുപത്് സെന്റ് ഭൂമിയിലാണു പദ്ധതി നടപ്പിലാക്കുന്നത്. രാത്രിയും പകലും വാനനിരീക്ഷണം നടത്താനുള്ള സംവിധാനം, കുട്ടികൾക്കായി മിനി ഡിജിറ്റൽ തിയറ്റർ, കുട്ടികൾക്കായി ഇൻഫർമേഷൻ ടെക്‌നോളജിയുടെ സഹോയത്തോടെ സമഗ്രമായ ഡിജിറ്റൽ ലൈബ്രറി, മ്യൂസിക്കൽ ഫൗണ്ടൻ പാർക്ക്, മാവേലിക്കരയുടെ ചരിത്രത്തിലേക്ക് വാതിൽ തുറക്കുന്ന ഗാലറി, മിനി കോൺഫറൻസ് ഹാൾ എന്നിവയുമുണ്ടാവും.