കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ തോറ്റംപാട്ടിന് ഭക്തജനത്തിരക്കേറി

Mail This Article
ചേർത്തല∙ ദേവിക്ക് ഏറെ പ്രിയമുള്ള തോറ്റംപാട്ട് (ഭഗവതിപ്പാട്ട്) കേൾക്കാൻ കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിൽ വിശ്വാസികളുടെ തിരക്കേറി. താന്ത്രിക അനുഷ്ഠാനത്തോടൊപ്പം പൂർവ ആചാരങ്ങൾക്കും പ്രാധാന്യം നൽകുന്ന ക്ഷേത്രമാണ് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം. ക്ഷേത്രോൽപത്തിയുമായി ബന്ധപ്പെട്ടുള്ളതാണ് തോറ്റംപാട്ട്.
ഉത്സവം കൊടിയേറുന്ന ദിവസം മുതൽ ക്ഷേത്രത്തിലെ ഏഴ് അവകാശികളിൽ ഒന്നായ വേലൻ സമുദായക്കാരാണ് തോറ്റംപാട്ട് നടത്തുന്നത്. ഇവർ മാവേലനെന്നും ചാക്കയെന്നും അറിയപ്പെടും. ക്ഷേത്രത്തിന് മുന്നിൽ കൊടിമരത്തിനു തെക്ക് ഭാഗത്ത് ഇരുന്നാണ് തോറ്റംപാട്ട് നടത്തുന്നത്. കുഴിത്താളം എന്ന കൈമണി പോലുള്ള വാദ്യോപകരണം തോറ്റം പാട്ടിന് താളം പകരും.
ഭഗവതി സ്തുതികളാണ് പാട്ടായി ചൊല്ലുന്നത്. ദേവിയുടെ കാൽനഖം മുതൽ ഉച്ചിയിലെ മുടിയിഴവരെയും അവിടെ നിന്ന് തിരിച്ചും തോറ്റം ചൊല്ലി വാഴ്ത്തും. ഇതു കേട്ട് ആസ്വദിക്കാൻ ദേവി പാട്ടുകാരുടെ വലതുവശത്തു വന്നിരിക്കുമെന്നാണു വിശ്വാസം. ദീപാരാധനയ്ക്കു ശേഷം തുടങ്ങുന്ന ചടങ്ങ് വെളിച്ചപ്പാട് വരയ്ക്കുന്ന കളം കൊള്ളുന്നതു വരെ തുടരും. ആദ്യ ദിവസങ്ങളിൽ ഭസ്മക്കളം പിന്നീട് ആൽ, അമ്പലം, ചൂണ്ടക്കാരനും മീനും, പൊയ്കയും താമരയും, അവസാന ദിവസം ഭദ്രകാളിയുടെ രൂപവുമാണ് വരയ്ക്കുന്നത്.
21 ദിവസങ്ങളിലായി 41 കളങ്ങൾ വരക്കും. 41– ാമത്തെ കളം ഭദ്രകാളിയുടെ വലിയ കളമാണ്. ദേവിയുടെ ജനനം മുതൽ കൊടുങ്ങല്ലൂരിൽ ചെന്നിരിക്കുന്നതു വരെയുള്ള കഥകളും ഉപകഥകളും പാടി പുകഴ്ത്തുകയാണു ചെയ്യുന്നത്. പുരുഷൻ മാപ്പിളശേരി, ജോബ് രവീന്ദ്രൻ പന്തലിപ്പറമ്പ്, ശശീന്ദ്രൻ കണിച്ചുകുളങ്ങര, രവീന്ദ്രൻ ദൈവത്തിങ്കൽ എന്നിവരാണ് തോറ്റം പാട്ടിനു നേതൃത്വം നൽകുന്നത്.
കണിച്ചുകുളങ്ങരയിൽ ഇന്ന്
ഉത്സവം അഞ്ചാം ദിവസം, വൈകിട്ട് 6.30ന് ദീപാരാധന, വിളക്ക്,7.30ന് കൊച്ചിൻ സെവൻ കളേഴ്സ് അവതരിപ്പിക്കുന്ന ഗാനമേള.