കടൽ ഖനനം തീരത്ത് പ്രതിഷേധത്തിര

Mail This Article
ആലപ്പുഴ ∙ കടൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ നടത്തിയ തീരദേശ ഹർത്താൽ ജില്ലയിൽ പൂർണമായിരുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികളും യന്ത്രവൽകൃത ബോട്ടുകളും അനുബന്ധ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു. മത്സ്യക്കച്ചവട തൊഴിലാളികൾ കച്ചവടം നടത്തിയില്ല.
ഹർത്താലിന്റെ ഭാഗമായി ജില്ലയിലെ 13 കേന്ദ്രങ്ങളിൽ പ്രതിഷേധ യോഗങ്ങളും പ്രകടനവും നടത്തി. അന്ധകാരനഴി, ചെത്തി, പൊള്ളേത്തൈ, തുമ്പോളി, ഇഎസ്ഐ ജംക്‌ഷൻ, പറവൂർ, പുന്നപ്ര, വളഞ്ഞവഴി, പുറക്കാട്, തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ, വലിയഴീക്കൽ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധ സമ്മേളനം.
മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റ് പി.പി.ചിത്തരഞ്ജൻ എംഎൽഎ ചെത്തി ഹാർബറിലും വളഞ്ഞവഴിയിൽ സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച്.സലാം എംഎൽഎയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എഐടിയുസി) സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് തോട്ടപ്പള്ളിയിലും ധീവരസഭ ജനറൽ സെക്രട്ടറി വി.ദിനകരൻ പുന്നപ്ര ഫിഷ്‌ലാൻഡിങ് സെന്ററിലും മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിനു പൊന്നൻ വലിയഴീക്കലിലും പ്രതിഷേധം ഉദ്ഘാടനം ചെയ്തു.
കടൽ ഖനനത്തിനെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ യോജിച്ചു നടത്തുന്ന അടുത്ത പ്രക്ഷോഭം മാർച്ച് 12നുള്ള പാർലമെന്റ് മാർച്ചാണ് . അതിനു ശേഷം സംയുക്ത സമിതി യോഗം ചേർന്ന് അടുത്ത ഘട്ടം തീരുമാനിക്കും. പാർലമെന്റ് മാർച്ചിന് മുൻപ് സംഘടനകൾ വെവ്വേറെ സമരങ്ങൾ നടത്തുമെന്നും നേതാക്കൾ പറഞ്ഞു. സിഐടിയു യൂണിയൻ ഇന്ന് രാജ്ഭവനു മുന്നിൽ രാപകൽ സമരം നടത്തും.ഖനനത്തിനായി കേന്ദ്ര സർക്കാർ തുടങ്ങിയ ടെൻഡർ നടപടികൾ റദ്ദാക്കണമെന്ന ഒറ്റ ആവശ്യവുമായാണു സമരം ചെയ്യുന്നതെന്നും നേതാക്കൾ അറിയിച്ചു.