ഗുണ്ടയുടെ വീട്ടിൽ യുഎസ് നിർമിത തോക്ക്: കേന്ദ്ര ഏജൻസി അന്വേഷണം തുടങ്ങി
Mail This Article
ഹരിപ്പാട് ∙ പത്തു വർഷം മുൻപ് കാണാതായ യുവാവ് കൊല്ലപ്പെട്ടെന്ന സംശയത്തിൽ നടത്തിയ പരിശോധനയിൽ മാരക പ്രഹരശേഷിയുള്ള വിദേശ നിർമിത തോക്ക് കണ്ടെത്തിയതിനെപ്പറ്റി കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. കേന്ദ്ര ഇന്റലിജൻസ് വിഭാഗവും രഹസ്യാന്വേഷണ വിഭാഗവും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ക്രിമിനൽ സംഘാംഗത്തിന്റെ വീട്ടിൽനിന്നാണു തോക്കും മറ്റ് ആയുധങ്ങളും കണ്ടെത്തിയത്. ഇത്തരം തോക്കുകൾ എത്തിക്കുന്നത് ആരെന്നതിനെപ്പറ്റി എൻഐഎയും അന്വേഷിക്കുന്നതായി വിവരമുണ്ട്.
ലൈസൻസ് ഇല്ലാതെ യുഎസ് നിർമിത തോക്കും തിരകളും ഗുണ്ടയുടെ വീട്ടിൽനിന്നു പിടികൂടുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നു പൊലീസ് പറഞ്ഞു. ഈ തോക്കിന് സാധാരണ തോക്കിനെക്കാൾ കൃത്യതയും റേഞ്ചും കൂടുതലാണ്. ഒരേ സമയം 6 തിരകൾ നിറച്ച് ഉപയോഗിക്കാൻ കഴിയും. ഗുണ്ടാ സംഘങ്ങൾക്ക് ഇത്തരം തോക്കുകൾ ലഭിക്കുന്നതു ഗൗരവത്തോടെയാണ് ഇന്റലിജൻസ് വിഭാഗം കാണുന്നത്. കൂടുതൽ തോക്കുകൾ ഇത്തരം സംഘങ്ങൾക്കു ലഭിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
10 വർഷം മുൻപ് കാണാതായ താമല്ലാക്കൽ പുത്തൻവീട്ടിൽ രാകേഷിനെ (25) കൊലപ്പെടുത്തിയെന്നു ബന്ധുക്കൾ ആരോപിക്കുന്ന കുമാരപുരം പൊത്തപ്പള്ളി വടക്ക് കായൽവാരത്ത് കിഷോറിന്റെ വീട്ടിൽ നിന്നാണു തോക്കും 53 വെടിയുണ്ടകളും ഉൾപ്പെടെ കഴിഞ്ഞ ദിവസം പൊലീസ് പിടിച്ചെടുത്തത്. 6 തിരകൾ തോക്കിൽ നിറച്ച നിലയിലായിരുന്നു. 60 തിരകൾ ഉണ്ടായിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്. ബാക്കി തിരകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന് ആലപ്പുഴ എആർ ക്യാംപിലെ ആയുധ പരിശോധനാ വിഭാഗം ശാസ്ത്രീയ പരിശോധന നടത്തുന്നുണ്ട്.
തോക്ക് മാരക പ്രഹരശേഷിയുള്ളതാണെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കാപ്പ കേസ് പ്രതിയായ കിഷോറിനെതിരെ, ലൈസൻസ് ഇല്ലാതെ തോക്ക് കൈവശം വച്ചതിനു പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയുന്ന കിഷോറിനെ പിടികൂടാനുള്ള ശ്രമം ഉൗർജിതമാക്കിയതായി പൊലീസ് പറഞ്ഞു. കിഷോറിനെ പിടികൂടിയാലേ തോക്കിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയൂ. കിഷോറിന്റെ സംഘത്തിൽപ്പെട്ടവർ പൊലീസ് നിരീക്ഷണത്തിലാണ്. ഇവർ ആരെങ്കിലും തോക്ക് ഉപയോഗിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.
മൃതദേഹം കണ്ടെത്താതെ കൊലപാതകം തെളിഞ്ഞ കേസുകൾ വേറെയും
ആലപ്പുഴ ∙ രാകേഷ് കൊല്ലപ്പെട്ടെങ്കിൽ മൃതദേഹം എവിടെയെന്ന ചോദ്യം പൊലീസിനു മുന്നിലുണ്ടെങ്കിലും മൃതദേഹമില്ലാതെ കൊലപാതകം തെളിഞ്ഞ മറ്റു ചില കേസുകൾ പ്രതീക്ഷയായി മുന്നിലുണ്ട്. ഇന്നലെ ശിക്ഷ വിധിച്ച നിലമ്പൂരിലെ ഷാബാ ഷരീഫ് വധക്കേസിലും മൃതദേഹം കണ്ടെത്തിയിരുന്നില്ല. തലമുടിയുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് അതു ഷാബാ ഷരീഫിന്റേതാണെന്നു സ്ഥിരീകരിച്ചതും കൊലപാതകം തെളിഞ്ഞതും. 15 വർഷം മുൻപ് കാണാതായ മാന്നാറിലെ കലയും കൊല്ലപ്പെട്ടതാണെന്നു മൃതദേഹം ലഭിക്കാതെയാണു പൊലീസ് കണ്ടെത്തിയത്.
പ്രതികളുടെ കുറ്റസമ്മതമാണ് അന്വേഷണത്തിൽ സഹായകമായത്.ഹരിപ്പാട്ടെ കേസിൽ പൊലീസ് തിരയുന്ന കിഷോറിന്റെ വീടിനു സമീപത്തുനിന്നു രക്തവും തലമുടിയും കണ്ടെത്തിയിരുന്നു. ഡിഎൻഎ പരിശോധനയിൽ രാകേഷിന്റെ മാതാവിന്റേതിനോടു സാമ്യം കണ്ടെത്തുകയും ചെയ്തു. ഇതു വളരെ സഹായകമാണെന്നു പൊലീസ് പറയുന്നു.ദീർഘകാലമായി തെളിയാത്ത കേസുകളുടെ പുനരന്വേഷണത്തിന്റെ ഭാഗമായാണു കിഷോറിന്റെ വീട്ടിൽ പരിശോധന നടത്തിയതും തോക്കും മറ്റും കണ്ടെടുത്തതുമെന്ന് പൊലീസ് പറഞ്ഞു.