തീപിടിത്തം: കൊയ്ത്തുയന്ത്രവും 8 ക്വിന്റൽ നെല്ലും കത്തിനശിച്ചു

Mail This Article
കുട്ടനാട് ∙ വിളവെടുപ്പിനിടെ കൊയ്ത്ത് യന്ത്രത്തിനു തീ പിടിച്ചു. തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള കൊയ്ത്ത് യന്ത്രം പൂർണമായി കത്തി നശിച്ചു. യന്ത്രത്തിൽ ഉണ്ടായിരുന്ന 8 ക്വിന്റലോളം നെല്ലും നശിച്ചു. കൊയ്ത്ത് യന്ത്രം ജീവനക്കാരന്റെയും കർഷകരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്നു കൃഷിയിടത്തിലേക്കു തീ വ്യാപിക്കുന്നത് ഒഴിവാക്കാനായി.
വേഴപ്ര ഇല്ലിമുറി തെക്കേ തൊള്ളായിരം പാടശേഖരത്തിൽ ഇന്നലെ ഉച്ചയ്ക്കു 2.45ന് ആണു സംഭവം. വിളവെടുത്ത നെല്ല് 600 മീറ്റർ അകലെയുള്ള കളത്തിലേക്കു കൊണ്ടുപോകുന്നതിനിടെ യന്ത്രം നിന്നു പോയി. തുടർന്നു ജീവനക്കാരൻ അറ്റകുറ്റപ്പണികൾ നടത്തി വീണ്ടും സ്റ്റാർട്ട് ചെയ്തപ്പോൾ തീ പിടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കച്ചി ഉടൻ നീക്കം ചെയ്തതിനാൽ കൃഷിയിടത്തിലേക്കു തീ പടരുന്നത് ഒഴിവായി.
തകഴി, ചങ്ങനാശേരി നിലയങ്ങളിലെ ഫയർഫോഴ്സ് സംഘം എത്തിയെങ്കിലും വാഹനം തീപിടിച്ച യന്ത്രത്തിന് അടുത്തേക്ക് എത്തിക്കാനാകാതെ വന്നതോടെ ഇവർക്കു തീയണയ്ക്കാൻ സാധിച്ചില്ല. തുടർന്നു ട്രാക്ടറിൽ വെള്ളം എത്തിച്ചാണു 4 മണിയോടെ തീ അണച്ചത്. കത്തി നശിച്ച കൊയ്ത്തുയന്ത്രത്തിന് 25 ലക്ഷത്തോളം വിലയുണ്ട്. പാട്ട കർഷകനായ പ്രദീപിന്റെ നെല്ലാണു യന്ത്രത്തിൽ കിടന്നു നശിച്ചത്.