ദേശീയപാത 66നെയും 183നെയും ബന്ധിപ്പിച്ച് ഇടനാഴി: ആലപ്പുഴയ്ക്ക് പ്രതീക്ഷ; ഗുണങ്ങൾ ഏറെ

Mail This Article
ആലപ്പുഴ ∙ ദേശീയപാത 66നെയും 183നെയും ബന്ധിപ്പിച്ച് പരിഗണനയിലുള്ള കോട്ടയം– കുമരകം– ചേർത്തല ഇടനാഴി ജില്ലയ്ക്കും പ്രതീക്ഷയേകുന്നു . ദേശീയപാതകളെ ബന്ധിപ്പിച്ചുള്ള ഇടനാഴിയുടെ സാധ്യതാപഠനത്തിനു കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിരുന്നു. പഠനം നടത്തി രണ്ടു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം. ദേശീയപാത 183ൽ കോട്ടയം മുളങ്കുഴ ജംക്‌ഷനിൽ നിന്നോ സിമന്റ് കവലയിൽ നിന്നോ പുതിയ റോഡ് നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്.
കോട്ടയത്തു നിന്നു കുമരകം വഴി വെച്ചൂരിലേക്കു പാടശേഖരങ്ങളിലൂടെയാകും ഈ റോഡ് നിർമിക്കുക. വെച്ചൂരിൽ നിന്നു നിലവിലെ റോഡ് വഴി ചേർത്തലയിൽ എത്തി ദേശീയപാത 66ൽ പ്രവേശിക്കുന്ന വിധമാകും റോഡ് വികസനം. നിർദിഷ്ട ഇടനാഴി പൂർത്തിയായാൽ, ചേർത്തലയിൽ നിന്നു കുമരകത്തേക്കും കോട്ടയത്തേക്കുമുള്ള യാത്ര എളുപ്പമാകും. കെ.ഫ്രാൻസിസ് ജോർജ് എംപി, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഇടനാഴിയുടെ സാധ്യതാപഠനത്തിനു നടപടിയായത്. പഠനത്തിനു ശേഷമാകും റോഡിന്റെ രൂപരേഖ തയാറാക്കുക.
നിർദിഷ്ട ഇടനാഴിയുടെ ഗുണങ്ങൾ
∙ കോട്ടയം മെഡിക്കൽ കോളജിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം.
∙ കുമരകത്തു നിന്നു വിദേശ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർക്ക് മാരാരിക്കുളം, ആലപ്പുഴ ബീച്ചുകളിലേക്കു കൂടുതലായി എത്താൻ വഴിയൊരുങ്ങും. തണ്ണീർമുക്കം ബണ്ട് കേന്ദ്രീകരിച്ചുള്ള ടൂറിസം പരിപാടികൾക്കും പങ്കാളിത്തം കൂടും.
∙ ജില്ലയുടെ വടക്കു ഭാഗത്തു നിന്നു വരുന്നവർക്കു കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കു പോകാൻ ഈ റോഡിനെ ആശ്രയിക്കാം. നിലവിൽ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേക്കുള്ളവർ എസി റോഡിലൂടെ പോകുമ്പോഴുണ്ടാകുന്ന തിരക്ക് കുറയ്ക്കാം.