ADVERTISEMENT

മദ്യത്തിന് അടിമയായിരുന്ന താൻ എങ്ങനെ അതിൽ നിന്നു മുക്തനായെന്ന് തുറന്നു പറഞ്ഞ് രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ്

കൊച്ചി∙ മദ്യമെന്ന ലഹരി ഉപേക്ഷിച്ച് ജനസേവനമെന്ന ലഹരി തിരഞ്ഞെടുത്തയാളാണു രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ്. ഒരുകാലത്ത് നിയന്ത്രണമില്ലാതെ മദ്യപിച്ചിരുന്ന ഒരു ‘രോഗി’ ആണ് താനെന്ന് തുറന്നു പറയുന്ന പൊതുപ്രവർത്തകനാണ് അദ്ദേഹം. ലഹരിയുടെ അടിമത്തത്തിൽ നിന്ന‌ു ചികിത്സയിലൂടെ രക്ഷ നേടിയ ജോർജ് 14 വർഷമായി ഒരു തുള്ളി മദ്യം പോലും രുചിച്ചു നോക്കിയിട്ടില്ല.ബിരുദ പഠനകാലത്താണ് മദ്യം ചെറുതായി കഴിച്ചു തുടങ്ങിയത്. ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ഉടൻ ഇന്ത്യൻ സൈന്യത്തിൽ ക്ലാർക്കായി ജോലി ലഭിച്ചു. നീലഗിരി, കശ്മീർ, ജലന്തർ തുടങ്ങി പല സ്ഥലത്തും ജോലി ചെയ്തു. എന്തുകാര്യം ചെയ്താലും അതിൽ മദ്യത്തിന് പ്രധാന്യമുണ്ടായിത്തുടങ്ങിയ കാലം. കാർഗിൽ യുദ്ധസമയത്തായിരുന്നു വിവാഹം. 10 വർഷം ജോലി ചെയ്തു കഴിഞ്ഞപ്പോൾ സ്വമേധയാ വിരമിച്ചു.

അപ്പോഴേക്കും സ്ഥിരം മദ്യപൻ എന്ന പേര് വീണിരുന്നു. നാട്ടിലെത്തിയശേഷം 5 വർഷം രാത്രിയും പകലും മദ്യപാനം മാത്രമായിരുന്നു. വിരമിച്ചപ്പോൾ കിട്ടിയ പണം മുഴുവൻ അങ്ങനെ തീർന്നു. എന്നാൽ, മദ്യപിക്കും എന്നല്ലാതെ ആരോടും വഴക്കിനു പോയിട്ടില്ല. മദ്യത്തിന്റെ അളവ് കൂടിവന്നതോടെ ഭക്ഷണം കഴിക്കാതെയായി. രാത്രിയിൽ എഴുന്നേറ്റാൽ പിന്നെ ഉറങ്ങണമെങ്കിൽ മദ്യം വേണമെന്ന അവസ്ഥ. തന്നെക്കാണുമ്പോൾ സുഹൃത്തുക്കൾ മാറി നടക്കുന്ന അവസ്ഥയിൽ തിരിച്ചറിവ് വന്നു.

അതോടെ കോലഞ്ചേരിയിലെ ലഹരിവിമുക്ത കേന്ദ്രത്തിൽ 30 ദിവസം അഡ്മിറ്റായി. പതിയെ മാറ്റം വന്നു. മദ്യപാനം നിർത്തിയതോടെ എപ്പോഴും കർമനിരതനായിരിക്കാൻ പൊതുപ്രവർത്തന രംഗത്തിറങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ചു വിജയിച്ചു പഞ്ചായത്ത് പ്രസിഡന്റായി. ഈ കാലയളവിനുള്ളിൽ 100 പേരെയെങ്കിലും ലഹരിവിമുക്ത കേന്ദ്രങ്ങളിൽ എത്തിച്ച് രക്ഷപ്പെടുത്താൻ കഴിഞ്ഞു എന്ന സന്തോഷവുമുണ്ട് ജോർജിന്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com