കാട് മൂടി പെരുമ്പാവൂർ നഗരസഭയുടെ വർക്കിങ് വിമൻസ് ഹോസ്റ്റൽ കെട്ടിടം

Mail This Article
പെരുമ്പാവൂർ ∙ നഗരസഭയുടെ വർക്കിങ് വിമൻസ് ഹോസ്റ്റൽ കെട്ടിടം കാടു കയറി നശിക്കുന്നു. കോടതി സമുച്ചയം താൽക്കാലികമായി പ്രവർത്തിക്കുന്നതിന് 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ച കെട്ടിടമാണ് നശിച്ചു കൊണ്ടിരിക്കുന്നത്. ലൈബ്രറി റോഡരികിൽ നിർമിച്ച കെട്ടിടത്തിനു 40 വർഷം പഴക്കമുണ്ട്. നടത്തിപ്പിലെ പാളിച്ചകൾ മൂലം വർക്കിങ് വിമൻസ് ഹോസ്റ്റൽ പ്രവർത്തനം ഇടയ്ക്കു നിർത്തി. കച്ചേരിക്കുന്നിലെ പഴയ കോടതി സമുച്ചയം പൊളിച്ചു പുതിയ നിർമിക്കുന്ന സമയത്താണ് കോടതികളുടെ പ്രവർത്തനം താൽക്കാലികമായി വർക്കിങ് വിമൻസ് കെട്ടിടത്തിലേക്കു മാറ്റിയത്.
2016 ലാണ് ഇവിടെ കോടതി പ്രവർത്തനം തുടങ്ങിയത്. സർക്കാർ 40 ലക്ഷം രൂപ ചെലവിൽ കെട്ടിടം നവീകരിച്ചു. 2 വർഷം ഇവിടെയായിരുന്നു കോടതി പ്രവർത്തിച്ചത്. അതിനു ശേഷം കെട്ടിടം വെറുതെ കിടക്കുകയാണ്. കാട് വെട്ടുകയോ ശുചീകരണം നടത്തുകയോ ചെയ്യുന്നില്ല. ഈ കെട്ടിടം പൊളിച്ചു നീക്കി നഗരസഭാ കാര്യാലയം നിർമിക്കാൻ കഴിഞ്ഞ കൗൺസിൽ തീരുമാനിച്ചിരുന്നു. വർക്കിങ് വിമൻസ് ഹോസ്റ്റൽ പ്രവർത്തിച്ചിരുന്ന സ്ഥലവും സമീപത്തെ സ്ഥലവും ഉൾപ്പെടെ ഏകദേശം 2 ഏക്കർ നഗരസഭയ്ക്കുണ്ട്.
ഇവ രണ്ടും ഉപയോഗപ്പെടുത്തി പാർക്കിങ് സൗകര്യത്തോടെ നഗരസഭ കാര്യാലയവും ഷോപ്പിങ് കോംപ്ലക്സും നിർമിക്കുന്നതിനുള്ള പദ്ധതിയാണ് ലക്ഷ്യമിട്ടിരുന്നത്.എന്നാൽ 2018ലെ പ്രളയവും തുടർന്നുള്ള കോവിഡ് വ്യാപനവും മൂലം പ്ലാൻ തയാറാക്കാൻ പോലും കഴിഞ്ഞില്ല. ഇതോടെ കെട്ടിടവും സ്ഥലവും ഫലപ്രദമായി ഉപയോഗിക്കുന്നതിനുള്ള പദ്ധതി നടപ്പായില്ല. ഈ കെട്ടിടത്തിനു മുന്നിലാണ് പൊലീസ് കസ്റ്റഡി വാഹനങ്ങൾ കൂട്ടിയിട്ടിരിക്കുന്നത്. ഇവ നീക്കം ചെയ്യാനുള്ള നടപടികൾ കഴിഞ്ഞ ദിവസം ആരംഭിച്ചു.