കനത്ത മഴ: വെള്ളക്കെട്ടായി നഗരം ദുരിതക്കെട്ടിൽ ജനം

Mail This Article
തൃപ്പൂണിത്തുറ ∙ ഇന്നലെ ഉണ്ടായ കനത്ത മഴയിൽ നഗരത്തിലെ പല ഭാഗങ്ങളും മുങ്ങി. മുട്ടൊപ്പം വെള്ളമാണു പലയിടത്തും കാനകൾ കവിഞ്ഞു മാലിന്യങ്ങൾ റോഡിലൂടെ ഒഴുകി നടന്നു. വടക്കേകോട്ട- സ്റ്റാച്യു റോഡിൽ ആയിരുന്നു വെള്ളക്കെട്ട് കൂടുതൽ രൂക്ഷം. പല റോഡുകളിലും കാൽനട വാഹനയാത്ര ദുരിതപൂർണമായി. പ്രധാന റോഡുകളിൽ വെള്ളം നിറഞ്ഞതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെട്ടത്. നഗരത്തിലെ പല ഭാഗത്തും വീടുകളിലും കടകളിലും വെള്ളം കയറി. മഴയെ തുടർന്ന് പ്രധാന പാതകളിൽ ഉൾപ്പെടെ വാഹനങ്ങൾ ഒച്ചിഴയുന്നതു പോലെയാണ് പോയത്. ഇതുകൊണ്ടുള്ള വാഹനക്കുരുക്കും നഗരത്തിൽ രൂക്ഷമായിരുന്നു. ഉദയംപേരൂർ പഞ്ചായത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ടുണ്ടായി.

സ്റ്റാച്യു - ശ്രീപൂർണത്രയീശ ക്ഷേത്രം റോഡ് വെള്ളക്കെട്ടിലായതു ഇതുവഴിയുള്ള യാത്ര ദുഷ്കരമായി. പല കടകളിലും വെള്ളം കയറി. വെള്ളക്കെട്ട് തുടങ്ങിയതോടെ പലരും കടകൾ അടച്ചു. റോഡിൽ മുഴുവനും വെള്ളം നിറഞ്ഞ കാരണം വാഹനങ്ങൾ വളരെ പതുക്കെയാണു പോയത്. ഇതുമൂലം ഇവിടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. നഗരത്തിൽ പല ഭാഗത്തും വൈദ്യുതി ബന്ധം കൂടി നിലച്ചതോടെ ആളുകൾ ബുദ്ധിമുട്ടിലായി. പള്ളിപ്പറമ്പ്കാവ് ഭാഗത്തെ വീടുകൾ വെള്ളക്കെട്ടിലായതു ജനജീവിതം താറുമാറായി. വീടുകളുടെ മുറ്റത്ത് കാൽപാദം മുങ്ങും വിധം വെള്ളമാണ്. ശുചിമുറി മാലിന്യം ശേഖരിക്കുന്ന ടാങ്കിനു മുകളിൽ വെള്ളം നിറഞ്ഞ് മാലിന്യം പുറത്തുവരാൻ തുടങ്ങിയതോടെയാണ് സമീപവാസികൾ ഇരട്ടി ദുരിതത്തിലായത്. റോഡിലെ കാന നിറഞ്ഞും വെള്ളം വീടിന്റെ മുൻപിലേക്ക് എത്തുന്നുണ്ട്. പലരും മുകളിലെ നിലകളിലേക്ക് എല്ലാം സാധനങ്ങൾ മാറ്റുകയാണ്. എല്ലാ മഴക്കാലത്തും വെള്ളം കയറാറുണ്ട് എങ്കിലും ഇത്രയധികം കയറുന്നത് ആദ്യമാണ് എന്നു ഇവിടെ ഉള്ളവർ പറയുന്നു.

മരട് ∙ വൈകിട്ടു തുടങ്ങിയ തോരാമഴയിൽ നാടും നഗരവും മുങ്ങി. തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കാരണം മഴക്കാല പൂർവ ശുചീകരണം തുടങ്ങാൻ വൈകിയതാണ് പലയിടത്തും വെള്ളക്കെട്ടിനു കാരണം. 2 ദിവസം മുൻപാണ് മരടിൽ ശുചീകരണം തുടങ്ങിയത്. വെളുത്ത വാവ് കാരണം വേലിയിറക്കം കുറവായതിനാൽ മഴവെള്ളം കായലിലേക്ക് എത്തുന്നത് കുറഞ്ഞതും താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിലാക്കി. വാവ് തക്കക്കേട്ട് 2 ദിവസം കൂടി തുടരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മരട് നിരവത്ത് റോഡിൽ 20 വീടുകളാണ് വെള്ളത്തിലായത്. റോഡിലേക്കു കയറുന്ന ലെയ്നിൽ മുട്ടറ്റം വെള്ളമായി. ചതുപ്പു നിലം നികത്തിയതും പരിസരത്തെ പെയ്ത്തു വെള്ളം ഏറ്റു വാങ്ങിയിരുന്ന കാനയുടെ പണി തടസ്സപ്പെട്ടതോടെയുമാണ് വെള്ളക്കെട്ട് രൂക്ഷമായതെന്ന് നാട്ടുകാർ പറഞ്ഞു.

മരട് നഗരസഭ 15-ാം ഡിവിഷനിൽ നെല്ലിക്കൽ തീരദേശ റോഡിൽ ചെമ്മണ്ണടിച്ചു നികത്തിയ സ്ഥലത്തിനു സമീപത്തെ വീടുകൾ വെള്ളക്കെട്ടിലായി. മൂലേപ്പടി സുരേന്ദ്രൻ, മോഹനൻ എന്നിവരുടെ വീടാണ് വെള്ളക്കെട്ടിലായത്. പരാതികളെല്ലാം അവഗണിച്ചാണ് ഇവിടെ നികത്തിയതെന്ന ആക്ഷേപവും ഉണ്ട്. പേട്ട ഗാന്ധിസ്ക്വയർ റോഡും വെള്ളക്കെട്ടിലായി. പൂണിത്തുറ മിനി ബൈപാസ് ജംക്‌ഷനിൽ തകർന്ന കലുങ്ക് 2 വർഷമായിട്ടും നന്നാക്കാത്തതാണ് ഇവിടെ വെള്ളക്കെട്ടിനു കാരണം. ശുചീകരണം തുടരുന്ന അയിനി തോടിന്റെ ചില ഭാഗങ്ങളിൽ വെള്ളം കയറി. തോമസ്പുരം– അയിനി നട റോഡ്, കുണ്ടന്നൂർ പഞ്ചായത്ത് റോഡ്, കാട്ടിത്തറ റോഡ്, ബിടിസി പള്ളി ജംക്‌ഷൻ എന്നിവിടങ്ങളും വെള്ളക്കെട്ടിലമർന്നു.