ഇവരും മനുഷ്യരാണ്; യാത്ര ചെയ്യണം

Mail This Article
തൊടുപുഴ∙ ഗ്രാമങ്ങളിലേക്ക് ഒരിഞ്ച് റോഡു പോലും പണിയാൻ കഴിയാതെ പഞ്ചായത്തുകൾ. റോഡുകളുടെ പരിപാലത്തിന് അനുവദിക്കുന്ന തുക വിനിയോഗിച്ച് ഗ്രാമങ്ങളിലേക്കുള്ള മൺ റോഡുകൾ ടാർ ചെയ്യാനോ കോൺക്രീറ്റ് ചെയ്യാനോ പാടില്ലെന്ന സർക്കാർ ഉത്തരവ് പുനഃപരിശോധിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് കോഓർഡിനേഷൻ കമ്മിറ്റിയോട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പലതവണ ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിക്കാനോ അനുകൂല ഉത്തരവ് ഇറക്കാനോ കോഓർഡിനേഷൻ കമ്മിറ്റി തയാറായില്ല.
ഇതോടെ പണി തീർന്നുകിടക്കുന്ന ഒട്ടേറെ മൺ റോഡുകൾ കോൺക്രീറ്റ് ചെയ്യാനോ ടാർ ചെയ്യാനോ കഴിയുന്നില്ല. ഇത്തരം റോഡുകൾക്ക് വിനിയോഗിക്കാവുന്നത് നാമമാത്രമായി കിട്ടുന്ന പ്ലാൻ ഫണ്ടാണ്. എന്നാൽ ഒരു വർഷം വാർഡിലേക്ക് ഇത്തരത്തിൽ കിട്ടുക രണ്ടോ മൂന്നോ ലക്ഷം രൂപയാണ്. ഈ തുക കൊണ്ട് 50 മീറ്റർ റോഡാണ് പണിയാൻ കഴിയുക. രണ്ടു വർഷമായി പഞ്ചായത്തുകളിലെ മൺ റോഡുകൾ ആവശ്യത്തിന് പ്ലാൻ ഫണ്ട് കിട്ടാത്തതിനാൽ പണിയാൻ കഴിയുന്നില്ല. മൂന്നു മീറ്റർ വീതിയുള്ള റോഡുകൾ ഏറ്റെടുത്തു പണിയാൻ ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും തയാറാകുന്നില്ല.
ഇതോടെ മലയോര ഗ്രാമങ്ങളിലേക്കുള്ള 6 മീറ്ററിൽ താഴെ വീതി കുറഞ്ഞ റോഡുകൾ ഒന്നും തന്നെ പണിയുന്നില്ല. മിക്ക ഗ്രാമങ്ങളിലെയും കോളനികളിലേക്കും മലയോര പ്രദേശങ്ങളിലേക്കും വിദൂര ഗ്രാമങ്ങളിലേക്കും മൺ ജോലികൾ പൂർത്തിയാക്കിയ നൂറുകണക്കിന് റോഡുകളാണ് പരിപാലന തുക (മെയിന്റനൻസ് ഗ്രാൻഡ്) ഉപയോഗിച്ച് നല്ല റോഡുകളാക്കി മാറ്റാൻ കഴിയുക. എന്നാൽ ഇതിന് സഹായകമായ ഉത്തരവ് ഇറക്കാൻ സർക്കാർ തയാറാകുന്നില്ല.