ശുചിയാക്കിയ പ്രദേശങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്നു

Mail This Article
മൂന്നാർ ∙ ശുചീകരണ പരിപാടി സമാപിച്ചതിനു പിന്നാലെ, ശുചിയാക്കിയ പ്രദേശങ്ങളിൽ വീണ്ടും മാലിന്യം തള്ളുന്നു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പഴയ മൂന്നാർ ബൈപാസ് പാലം മുതൽ സിഗ്നൽ പോയിന്റ് വരെയുള്ള പ്രദേശത്താണ് വഴിയോര കച്ചവടക്കാരും വിനോദ സഞ്ചാരികളടക്കമുള്ളവരും വീണ്ടും വ്യാപകമായി മാലിന്യങ്ങൾ തള്ളാൻ തുടങ്ങിയത്. പാതയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ, പെട്ടിക്കടകൾ തുടങ്ങിയ വഴിയോര കടകളിൽ നിന്നുള്ള ആഹാരാവശിഷ്ടങ്ങളും പ്ലാസ്റ്റിക്കുമാണ് കുട്ടിയാർ പുഴയോരത്തേക്ക് കഴിഞ്ഞ ദിവസം തള്ളിയത്.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘സമ്പൂർണ മാലിന്യ മുക്തം നവകേരളം’ ക്യാംപെയ്നിന്റെ ഭാഗമായി മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 12 ദിവസങ്ങളായി നടത്തിയ ശുചീകരണ യജ്ഞം ശനിയാഴ്ചയാണ് സമാപിച്ചത്. 12 ദിവസങ്ങളിലായി നടത്തിയ ശുചീകരണ പരിപാടിയിൽ 55 ടൺ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. ശുചീകരണ പരിപാടി അവസാനിപ്പിച്ചതിന് പിന്നാലെയാണ് നീക്കം ചെയ്ത ഇടങ്ങളിൽ വീണ്ടും മാലിന്യം തള്ളാൻ തുടങ്ങിയത്.