ഒരു കപ്പൽ അപകടത്തിന്റെ ഓർമയ്ക്ക്..; ഗവ. ബ്രണ്ണൻ കോളജ് വിദ്യാർഥി പ്രസ്ഥാനങ്ങൾക്ക് വളക്കൂറുള്ള മണ്ണ്

Mail This Article
കണ്ണൂർ∙ അറുപതുകളുടെ അവസാനത്തിൽ തലശ്ശേരി ബ്രണ്ണൻ കോളജിൽ നടന്ന വിദ്യാർഥി സംഘട്ടനത്തിന്റെ അലയൊലികളാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിൽ മുഴങ്ങുന്നത്. വിദ്യാർഥി പ്രസ്ഥാനങ്ങൾക്കു വളക്കൂറുള്ള മണ്ണായിരുന്നു ബ്രണ്ണൻ കോളജ്. രാഷ്ട്രീയത്തിലേക്കെന്ന പോലെ സാംസ്കാരിക രംഗത്തും അക്കാദമിക് രംഗത്തും ബ്രണ്ണൻ മുന്നിൽ നിന്നു.

ബ്രണ്ണൻ കോളജിലാണു പഠിച്ചതെന്നു പറയുന്നത് അഭിമാനമുള്ള കാര്യമാണ്. അത്രയ്ക്കു പാരമ്പര്യവും മികവുമുണ്ട് ഈ കലാലയത്തിന്. മലബാറിലെ ഏറ്റവും പഴയതും തലയെടുപ്പുള്ളതുമായ കലാലയമാണ് ബ്രണ്ണൻ കോളജ്. 159 വർഷത്തെ പഴക്കമുണ്ട് ഈ രാജകീയ സ്ഥാപനത്തിന്. ഉത്തര കേരളത്തിലെ ആദ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രം കൂടിയാണിത്.

ഒരു കപ്പൽ അപകടത്തിന്റെ ഓർമയ്ക്ക്
എഡ്‍വേഡ് ബ്രണ്ണൻ എന്ന സായിപ്പാണ് ബ്രണ്ണൻ കോളജ് സ്ഥാപിക്കുന്നത്. അറബിക്കടലിലൂടെ യാത്ര ചെയ്യവേ കപ്പൽ അപകടത്തിൽപെട്ട് തലശ്ശേരി തീരത്ത് എത്തിയെന്നും തന്നെ രക്ഷിച്ച കരയിൽ തന്നെ ശിഷ്ടകാലം ജീവിച്ചുവെന്നുമാണു പറയുന്നത്. തലശ്ശേരി പോർട്ടിൽ മാസ്റ്റർ അറ്റൻഡറായി ബ്രണ്ണൻ സായിപ്പ് ജോലി ചെയ്തിരുന്നു. അദ്ദേഹമാണ് ഇംഗ്ലിഷ് വിദ്യാഭ്യാസത്തിനായി തലശ്ശേരിയിൽ ബ്രണ്ണൻ കോളജ് ആരംഭിക്കുന്നത്.

1862 സെപ്റ്റംബർ ഒന്നിനാണ് ഇപ്പോഴത്തെ ബ്രണ്ണൻ കോളജിന്റെ ആദ്യ രൂപമായ പ്രീ സ്കൂളിനു തുടക്കം. എഡ്‌വേഡ് ബ്രണ്ണൻ തന്റെ നിക്ഷേപമായ 8900 രൂപ ഉപയോഗിച്ചാണ് സ്ഥാപനം തുടങ്ങിയത്. 1866-ൽ ഇതിനെ ബാസൽ ജർമൻ മിഷൻ ഹൈസ്കൂളുമായി സംയോജിപ്പിച്ചു. ബിജിഎം ബ്രണ്ണൻ ഇംഗ്ലിഷ് സ്കൂൾ എന്നു പേരിട്ടു. ബാസൽ മിഷൻ മാനേജ്‌മന്റ് കയ്യൊഴിഞ്ഞതോടുകൂടി 1872 മുതൽ ഗവൺമന്റ് ജില്ലാ സ്കൂൾ ആയിത്തീർന്നു.
1884ൽ സ്ഥാപനം തലശ്ശേരി നഗരസഭയ്ക്കു കീഴിലായി. 1890-ൽ കലാലയ പദവി ലഭിച്ചു. സെക്കൻഡ് ഗ്രേഡ് കോളജായിരുന്നു അന്ന്. 1947ൽ ഫസ്റ്റ് ഗ്രേഡ് കോളജായി. തലശ്ശേരി ട്രെയിനിങ് സ്കൂളിനു സമീപത്തെ കെട്ടിടത്തിലായിരുന്ന കോളജ് ധർമടത്തേക്കു മാറ്റുന്നത് 1958ൽ ആണ്. 1919-ൽ ആണ് കോളജ് ഗവൺമന്റ് ഏറ്റെടുക്കുന്നത്. ആദ്യകാലത്ത് മദ്രാസ് യൂണിവേഴ്സിറ്റിയിലായിരുന്നു അഫിലിയേഷൻ. പിന്നീടത് കേരള യൂണിവേഴ്സിറ്റിക്കു കീഴിലായി.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വന്നതോടെ അതിനു കീഴിലായി. കണ്ണൂർ സർവകലാശാലയുടെ പിറവിയോടെ കണ്ണൂരിനു കീഴിലായി. ഇന്ന് 16 വിഭാഗങ്ങളിലായി ബിരുദ, ബിരുദാനന്തര വിഷയങ്ങൾ ഇവിടെ പഠിപ്പിക്കുന്നു. 2000-ത്തോളം വിദ്യാർഥികളും നൂറിലേറെ അധ്യാപകരും ഈ പ്രശസ്ത കലാലയത്തിലുണ്ട്.
അറിവാണ് ശക്തി
നോളജ് ഈസ് പവർ എന്നതാണു ബ്രണ്ണൻ കോളജിന്റെ മുദ്രാവാചകം. ആ കലാലയത്തിൽ പഠിച്ച പലരും വിവിധ രംഗങ്ങളിൽ ശ്രദ്ധേയരായ വ്യക്തിത്വങ്ങളായി മാറി. എല്ലാ രംഗത്തുമുണ്ട് ബ്രണ്ണന്റെ കയ്യൊപ്പു ചാർത്തിയവർ. രാഷ്ട്രീയവും കലയും സാഹിത്യവും പ്രണയവുമെല്ലാം പൂത്തുലഞ്ഞ നാളുകളുടെ ഓർമകളാണു ബ്രണ്ണന്റെ മണ്ണിൽ പതിഞ്ഞു കിടക്കുന്നത്. ബ്രണ്ണന്റെ പടി ചവിട്ടി രാഷ്ട്രീയത്തിലേക്കും സാഹിത്യത്തിലേക്കുമെല്ലാം എത്തിയവരെ കുറിച്ച് നാളെ.