വാടകവീട്ടിൽ നിന്ന് ഇറക്കിവിട്ടു; കുടുംബം പൊലീസ് സ്റ്റേഷനിൽ അഭയം തേടി

Mail This Article
പാനൂർ ∙ വാടക വീട്ടിൽ നിന്ന് ഇറക്കി വിട്ടതിനെ തുടർന്ന് സ്കൂൾ വിദ്യാർഥികളും കുടുംബവും പൊലീസ് സ്റ്റേഷനിൽ അഭയം തേടി. വേങ്ങാട് സ്വദേശികളായ സജിത്തും ശോഭയും മക്കളുമാണ് കഴിഞ്ഞ ദിവസം രാത്രി സ്റ്റഷനിലെത്തിയത്. ഇവർ മേലെ ചമ്പാട് വാടക വീട്ടിൽ താമസിക്കുകയായിരുന്നു. ഒരു മാസം മുൻപാണ് താമസം തുടങ്ങിയത്. വാടകയുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഉടമ വീട് പൂട്ടുകയായിരുന്നവെന്നു പറയുന്നു. സജിത്ത് ഹോട്ടൽ തൊഴിലാളിയാണ്. വീട്ടുജോലിക്കാരിയാണ് ശോഭ.
രണ്ടു പേരും തൊഴിൽ സ്ഥലത്തുള്ളപ്പോഴാണ് ഇവർ താമസിക്കുന്ന വാടക വീട് പൂട്ടിയത്. സ്കൂളിൽ നിന്ന് 2 മക്കളും തിരിച്ചെത്തിയപ്പോൾ വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. പെരുവഴിയിലായ കുടുംബം സ്റ്റഷനിൽ അഭയം പ്രാപിച്ചു. വിവരമറിഞ്ഞെത്തിയ യൂത്ത് കെയർ ജില്ലാ കോഓർഡിനേറ്ററും സാമൂഹിക പ്രവർത്തകനുമായ ഒ.ടി.നവാസ് ഇടപെട്ട് കുടുംബത്തെ പാനൂരിലെ സ്വകാര്യ ലോഡ്ജിലേക്കു മാറ്റി. ഇന്നലെ പൊലീസ് ഉടമയുമായി ബന്ധപ്പെട്ടു. വാടക വീട്ടിൽ തുടർന്നും താമസിക്കാനുള്ള സൗകര്യം ഒരുക്കി.