തലശ്ശേരിയിലെ കോടതി ജീവനക്കാരുടെ ആരോഗ്യ പ്രശ്നത്തിനു കാരണം സിക
Mail This Article
തലശ്ശേരി ∙ ജില്ലാ കോടതി കോംപ്ലക്സിലെ 3 കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവർക്കു ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനു കാരണം സിക വൈറസെന്നു സ്ഥിരീകരിച്ചു. രക്ത–സ്രവ സാംപിളുകളുടെ ഫലം ഇന്നലെയാണു ജില്ലാ മെഡിക്കൽ ഓഫിസർക്കു ലഭിച്ചത്. 24 സാംപിളുകളിൽ എട്ടെണ്ണമാണ് പോസിറ്റീവായത്. സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിലും ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലും പരിയാരം ഗവ.മെഡിക്കൽ കോളജിലുമാണ് സാംപിളുകൾ പരിശോധിച്ചത്. വിദഗ്ധസംഘം അടുത്ത ദിവസങ്ങളിൽ കോടതിയിൽ പരിശോധനയ്ക്ക് എത്തും. സിക വൈറസ് സ്ഥിരീകരിച്ചതിനെത്തുടർന്ന്, ആരോഗ്യ വകുപ്പ് അധികൃതർ കോടതിയിലെത്തി കൊതുകു നിവാരണത്തിനുള്ള നടപടികൾ തുടങ്ങി. കോടതി പരിസരത്തെ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി.
അഡിഷനൽ സെഷൻസ് കോടതി രണ്ട്, മൂന്ന്, പ്രിൻസിപ്പൽ സബ് കോടതി എന്നിവിടങ്ങളിലുള്ള 55 പേരാണ് ഒരു മാസത്തിനിടെ കടുത്ത ക്ഷീണവും സന്ധിവേദനയും ദേഹമാസകലം ചൊറിഞ്ഞു കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്തതിനെത്തുടർന്ന് ചികിത്സ തേടിയത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള അഡിഷനൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി സുഖംപ്രാപിച്ചു വരുന്നു. രണ്ടു ദിവസത്തേക്ക് സിറ്റിങ് നിർത്തിവച്ച കോടതികളിൽ അഡിഷനൽ സെഷൻസ് (രണ്ട്) കോടതിയിൽ മാത്രം ഇന്നലെ സിറ്റിങ് നടത്തി. പ്രിൻസിപ്പൽ സബ് കോടതിയിൽ ജഡ്ജി അവധിയിലായതിനാലും അഡിഷനൽ സെഷൻസ് കോടതിയിൽ (മൂന്ന്) ജഡ്ജി ആശുപത്രിയിലായതിനാലും സിറ്റിങ് നടന്നില്ല.
ജില്ലാ കോടതി കോംപ്ലക്സിലെ മൂന്ന് കോടതികളിൽ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ളവരെ ബാധിച്ചത് സിക വൈറസാണെന്ന റിപ്പോർട്ടിനെത്തുടർന്ന് കോടതിയും പരിസരവും ശുചീകരിക്കാൻ നടപടി തുടങ്ങി. ജില്ലയുടെ ചാർജുള്ള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ജി.അരുൺ ഇന്നലെ കോടതിയിലെത്തി. ജില്ലാ ജഡ്ജി കെ.ടി.നിസാർ അഹമ്മദിൽ നിന്നും മറ്റു ജുഡീഷ്യൽ ഓഫിസർമാരിൽ നിന്നും വിവരങ്ങൾ ആരാഞ്ഞു. ജില്ലാ ആരോഗ്യ വിഭാഗത്തിൽ നിന്നെത്തിയ ഉദ്യോഗസ്ഥ സംഘം കൊതുകു നിർമാർജനത്തിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.
പബ്ലിക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാറിന്റെ നേതൃത്വത്തിൽ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിലെ 31 ജീവനക്കാർ ഇന്നലെ തന്നെ ഓഫിസും പരിസരവും വൃത്തിയാക്കി. ജില്ലാ കോടതി ബാർ അസോസിയേഷനും ശുചീകരണത്തിനു നേതൃത്വം നൽകി. അഡിഷനൽ സെഷൻസ് കോടതി രണ്ട്, മൂന്ന്, പ്രിൻസിപ്പൽ സബ് കോടതികളിലെ ജുഡീഷ്യൽ ഓഫിസർമാർ ഉൾപ്പെടെയുള്ള ജീവനക്കാരായ 55 പേരാണ് ഒരു മാസത്തിനിടെ സമാന രോഗലക്ഷണങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടിയത്.
എന്താണ് സിക വൈറസ്?
ഈഡിസ് കൊതുകുകളാണ് സിക വൈറസ് പരത്തുന്നത്. സാധാരണ പകലാണ് ഈ കൊതുക് കടിക്കുക.
ലക്ഷണങ്ങൾ
പനി, ചുവന്ന പാടുകൾ, പേശീവേദന, സന്ധിവേദന, തലവേദന. ലക്ഷണങ്ങൾ 2 മുതൽ 7 ദിവസം വരെ നീളാം. 3 മുതൽ 14 ദിവസം വരെയാണ് വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക വൈറസ് ബാധയുള്ള മിക്കവർക്കും രോഗലക്ഷണങ്ങൾ കാണാറില്ല. മരണം അപൂർവമാണ്.
ശ്രദ്ധിക്കുക
സാരമായി ബാധിക്കുന്നത് ഗർഭിണികളെയാണ്. ഗർഭകാലത്ത് ഈ വൈറസ് ബാധിച്ചാൽ ജനിക്കുന്ന കുട്ടിക്ക് അംഗവൈകല്യത്തിന് സാധ്യതയുണ്ട്. ഗർഭകാല സങ്കീർണതയ്ക്കും ഗർഭഛിദ്രത്തിനും കാരണമാകാം. കുട്ടികളിലും മുതിർന്നവരിലും നാഡീസംബന്ധമായ പ്രശ്നങ്ങളുമുണ്ടാകാം.
വിശ്രമം പ്രധാനം
നിലവിൽ സിക വൈറസിനെ പ്രതിരോധിക്കാനോ ചികിത്സിക്കാനോ മരുന്നു വികസിപ്പിച്ചിട്ടില്ല. രോഗ ലക്ഷണങ്ങൾക്കാണു ചികിത്സ. വൈറസ് ബാധിതർ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണം.