ലഹരി: വടക്കൻ കേരളത്തിൽ കൂടുതൽ അറസ്റ്റ് കണ്ണൂരിൽ; പിടിയിലായത് 511 പേർ
Mail This Article
കണ്ണൂർ∙ ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ പൊലീസും എക്സൈസും സജീവമായി രംഗത്തിറങ്ങിയതോടെ ജില്ലയിൽ 30 ദിവസത്തിനിടെ പിടിയിലായത് 511 പേർ. പൊലീസിന്റെ ഡി ഹണ്ടിൽ 448 പേരും എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റിൽ 63 പേരുമാണ് അറസ്റ്റിലായത്. ഇരുകൂട്ടരുമെടുത്ത 500 കേസിലാണ് ഇത്രയും അറസ്റ്റ്. വടക്കൻ ജില്ലകളിൽ ഏറ്റവുമധികം അറസ്റ്റ് നടന്നത് കണ്ണൂരിലാണ്.ഫെബ്രുവരി 22ന് ആരംഭിച്ച പൊലീസിന്റെ ഡി ഹണ്ട് ഓപ്പറേഷനിൽ ഈ മാസം 20 വരെ 438 കേസാണ് എടുത്തത്. 60 ഗ്രാം എംഡിഎംഎയും 76 കിലോഗ്രാം കഞ്ചാവും പിടികൂടി.
ഈ മാസം അഞ്ചിനാണ് എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ആരംഭിക്കുന്നത്. 59 കേസിൽ 4 കിലോ കഞ്ചാവും 3.76 ഗ്രാം എംഡിഎംഎയും എക്സൈസ് പിടികൂടി. വരുംദിവസം പൊലീസും എക്സൈസും സംയുക്ത പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ പി.നിധിൻരാജ് പറഞ്ഞു. ഒന്നിലധികം തവണ പിടിയിലാകുന്നവർക്കെതിരെ പൊലീസിന്റെ കാപ്പ നിയമവും എക്സൈസിന്റെ പിറ്റ് എൻഡിപിഎസ് നിയമവും ചുമത്തുന്നുമുണ്ട്.കാപ്പ ചുമത്തിയാൽ ജില്ലയിൽ പ്രവേശിക്കാൻ പാടില്ല. പിറ്റ് എൻഡിപിഎസ് പ്രകാരം കരുതൽതടങ്കലിൽ പാർപ്പിക്കും. തളിപ്പറമ്പിൽ കഴിഞ്ഞ ദിവസം പിടിയിലായ യുവതിക്കെതിരെ പിറ്റ് എൻഡിപിഎസ് ചുമത്താൻ ശുപാർശ ചെയ്തിട്ടുണ്ട്. ജില്ലയിലെ ആദ്യ പിറ്റ് എൻഡിപിഎസ് ആകും ഇത്.
ലഹരി, അക്രമവാസന സ്കൂളുകളിൽ ഇന്ന് ജാഗ്രതാദിനം
കണ്ണൂർ∙ വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം തടയാനും അക്രമവാസന ചെറുക്കാനുമായി ജാഗ്രതാസമിതിയുടെ നേതൃത്വത്തിൽ ഇന്നു സ്കൂളുകളിൽ ജാഗ്രതാദിനം ആചരിക്കും. സിഗ്നേച്ചർ ക്യാംപെയ്ൻ, പ്രതിജ്ഞ ചൊല്ലൽ, പോസ്റ്റർ പ്രദർശനം, കൃതജ്ഞത മരം തുടങ്ങിയ പരിപാടികൾ നടത്തും. തദ്ദേശസ്ഥാപന പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കൾ, സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-യുവജന-വിദ്യാർഥി സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന ജാഗ്രതാ സമിതി സ്കൂളുകളിൽ രൂപീകരിക്കും. പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സേവനം സ്കൂളുകളിൽ ഉറപ്പാക്കും.
സ്കൂൾ തലത്തിലുള്ള സ്റ്റുഡന്റ് പ്രൊട്ടക്‌ഷൻ ഗ്രൂപ്പ് (എസ്പിജി) ശക്തിപ്പെടുത്തും. കൃത്യമായ ഇടവേളകളിൽ എസ്പിജി യോഗം ചേർന്ന് റിപ്പോർട്ട് എല്ലാ മാസവും ജില്ലാതലത്തിലുള്ള നാർക്കോ കോഓർഡിനേഷൻ സെന്റർ മീറ്റിങ്ങിൽ അവലോകനം ചെയ്യും. തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനു നിലവിലുള്ള പഞ്ചായത്ത് എജ്യുക്കേഷൻ കമ്മിറ്റിയെ ശക്തിപ്പെടുത്തും. വിദ്യാലയങ്ങളിലെ ഫർണിച്ചർ ഉൾപ്പെടെയുള്ളവ നശിപ്പിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കും. വേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്ന മാർച്ച് 29നും സ്കൂളുകളിൽ ജാഗ്രതാദിനം ആചരിക്കും.
രാസലഹരി കുടുതൽ ബെംഗളൂരുവിൽ നിന്ന്
∙ എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും വരെ ജില്ലയിൽ സുലഭം. വിദേശത്തുനിന്ന് കുറിയർ വഴിയാണ് ഹൈബ്രിഡ് കഞ്ചാവ് എത്തുന്നത്. ബെംഗളൂരുവിൽനിന്നാണ് രാസലഹരി കൂടുതലെത്തുന്നത്. ബസ്, ട്രെയിൻ എന്നിവ വഴിയാണ് ഇവയെത്തുന്നതെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ബസുകളെല്ലാം കൂട്ടുപുഴ ചെക്പോസ്റ്റിൽ പരിശോധന നടത്താൻ കഴിയില്ലെന്നതാണ് എക്സൈസിന്റെ പരിമിതി. പരിശോധന നടത്തുമ്പോൾ തന്നെ സമയം വൈകുന്നെന്നു പറഞ്ഞു യാത്രക്കാർ പ്രശ്നമുണ്ടാക്കും. രാത്രി ഉറക്കമുണർത്തുന്നതും പ്രശ്നങ്ങൾക്കു കാരണമാകുന്നുണ്ടെന്ന് എക്സൈസുകാർ പറഞ്ഞു. മംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നും രാസലഹരി ജില്ലയിലെത്തുന്നുണ്ട്.