കാഞ്ഞങ്ങാട്- പാണത്തൂർ പാതയിൽ പുലിയെ കണ്ടതായി യാത്രക്കാരൻ

Mail This Article
ഇരിയ ∙ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്ഥാന പാതയിൽ ഇരിയ ബംഗ്ലാവ് പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി പുലിയെ കണ്ടതായി യാത്രക്കാരൻ. വനംവകുപ്പ് നടത്തിയ പരിശോധനയിൽ കാട്ടു പൂച്ചയുടേതെന്ന് സംശയിക്കുന്ന കാൽപാടുകൾ കണ്ടതായും പുലിയാണെന്നു ഉറപ്പിക്കാൻ പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.അഷറഫ് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി വെൽഡിങ് തൊഴിലാളിയായ ഇരിയയിലെ വസന്തൻ ആണ് ആദ്യം പുലിയെ കണ്ടതായി പറഞ്ഞത്. വസന്തൻ സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു കുറുകെ ചാടിയ പുലി റബർ തോട്ടത്തിലൂടെ മണ്ടേങ്ങാനം ഭാഗത്തേക്ക് ഓടിയതായും പറയുന്നു. അതേ സമയം പുലിയുടേതിന് സമാനമായ കാൽപാടുകൾ കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്. ഭീതി മാറാൻ വനംവകുപ്പിന്റെ ക്യാമറയിൽ പതിയുന്ന ചിത്രങ്ങൾ പുറത്ത് വരണം.