നവീകരണം കാത്ത് താമരക്കുളം
Mail This Article
തൃക്കരിപ്പൂർ ∙ ചക്രപാണി മഹാ ക്ഷേത്രത്തിന്റെ അധീനതയിലുള്ള താമരക്കുളം നവീകരണം കാത്തു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ. ഒരു ഏക്കറിൽ പരന്നു കിടക്കുന്ന താമരക്കുളത്തിലും തൊട്ടു കിടക്കുന്ന അര ഏക്കറിലധികം വിസ്തൃതിയുള്ള അനുബന്ധമായുള്ള കിഴക്കെ കുളത്തിലും പഴയകാലത്ത് താമരയുടെ സമൃദ്ധി ഉണ്ടായിരുന്നതാണ്.
ക്ഷേത്രത്തിലെ ഉത്സവത്തിന് ആറാട്ട് ഉൾപ്പെടെയുള്ള ചടങ്ങുകൾ നടത്തുന്നത് താമരക്കുളത്തിലാണ്. കിഴക്കെ കുളമാകട്ടെ കൃഷി വികസനത്തിനു വലിയ സംഭാവന നൽകിയിട്ടുണ്ട്. കൽപടവുകൾ തകർന്നും മണ്ണിടിഞ്ഞും വിസ്തൃതി കാലമേറുന്തോറും കുറയുന്നുണ്ട്. പല ഘട്ടങ്ങളിലായി നവീകരണത്തിനു സർക്കാരിൽ പദ്ധതികൾ സമർപ്പിച്ചതാണ്. പക്ഷേ, അനുമതി ഉണ്ടായില്ല. വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തിയും പദ്ധതി ഉണ്ടാക്കിയിരുന്നു.
ഈ പ്രദേശത്തിന്റെയാകെ പാരിസ്ഥിതിക മേൻമ നിലനിർത്തുന്നതിലും കിണറുകളിൽ ശുദ്ധജലം ലഭ്യമാക്കുന്നതിലും ഈ കുളങ്ങളുടെ പങ്ക് വലുതാണ്. കടുത്ത വേനലിലും വറ്റാത്ത കുളത്തെ ആശ്രയിച്ചെത്തുന്നവർ അനേകമാണ്. താമരക്കുളം നവീകരിച്ചെടുത്ത് സംരക്ഷിക്കുന്നതിന് അടിയന്തര നടപടികൾ വേണമെന്നു നാട്ടുകാരും വിവിധ സംഘടനകളും ആവശ്യപ്പെട്ടു.