മണൽക്കടത്ത് പിടികൂടാൻ പോയ പൊലീസ് വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് ടിപ്പർലോറി

Mail This Article
കാഞ്ഞങ്ങാട് ∙ മണൽക്കടത്തുസംഘത്തെ പിടികൂടാൻ പോയ പൊലീസിന്റെ 2 വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് ടിപ്പർലോറി പാഞ്ഞത് 30 കിലോമീറ്ററോളം. ഒടുവിൽ റോഡിന് നടുവിൽ മണലിറക്കി സിനിമാ സ്റ്റൈലിൽ കടന്നുകളയൽ. ഇന്നലെ പുലർച്ചെ 1.40ന് ആണ് സംഭവം.മണൽക്കടത്ത് സംഘത്തെ പിടികൂടാനായി എസ്ഐയും രണ്ടു പൊലീസുകാരും അടങ്ങുന്ന സംഘം മഫ്തിയിൽ കാറിൽ ജില്ലാ ആശുപത്രി പരിസരത്ത് എത്തി. ഈ സമയത്താണ് ആറങ്ങാടി ഭാഗത്തുനിന്നു മണൽ കയറ്റിയ ടിപ്പർ ലോറി കുതിച്ചെത്തിയത്. ലോറി കണ്ട ഉടനെ പിടികൂടാനായി കാർ വിലങ്ങനെ ഇടാനായി ശ്രമിച്ചെങ്കിലും വേഗത്തിലെത്തിയ ലോറി കാറിനെ ഇടിച്ചിട്ട് കടന്നു പോയി. ഇടിയുടെ ആഘാതത്തിൽ കാർ തകർന്നെങ്കിലും പൊലീസുകാർ വലിയ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.ലോറി കടന്നുപോയ വിവരം അപ്പോൾ തന്നെ കൺട്രോൾ റൂമിൽ അറിയിച്ചു. വെള്ളിക്കോത്ത് ഭാഗത്തേക്കാണ് ലോറി കടന്നു പോയത്.
ഇവിടെ ലോറി തടയാനായി പൊലീസ് വാഹനം കുറുകെ ഇട്ടു. എന്നാൽ കുതിച്ചെത്തിയ ലോറി പൊലീസ് വാഹനത്തെയും ഇടിച്ചുമാറ്റി കടന്നുപോയി.ഇടിയുടെ ആഘാതത്തിൽ പൊലീസ് ജീപ്പിന്റെ ടയർ പൊട്ടി. മറ്റൊരു പൊലീസ് വാഹനം ടിപ്പർ ലോറിയെ വീണ്ടും പിന്തുടർന്നു. ഗുരുവനം റോഡിലേക്ക് വേഗത്തിൽ പോയ ടിപ്പറിനെ പൊലീസ് വാഹനം പിന്തുടർന്നു. മോനാച്ച റോഡിലെത്തിയപ്പോൾ റോഡിലേക്ക് മണൽ തട്ടി ടിപ്പറുമായി പ്രതികൾ കടന്നു കളയുകയായിരുന്നു. റോഡിൽ തടസ്സം നേരിട്ടതോടെ പൊലീസ് ജീപ്പിന് പിന്തുടരാൻ കഴിയാതെ വന്നു. ഈ സമയം കൊണ്ട് 30 കിലോമീറ്ററാണ് പൊലീസ് വാഹനവും ടിപ്പർ ലോറിയും തമ്മിൽ ചേസിങ് നടത്തിയത്. മണൽ കടത്തിയ ടിപ്പർ ലോറി ഇന്നലെ വൈകിട്ട് ആളൊഴിഞ്ഞ സ്ഥലത്ത് കണ്ടെത്തി. ലോറി ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. ഇർഫാൻ എന്ന ആളാണ് ടിപ്പർ ലോറി ഓടിച്ചിരുന്നതെന്നും കൂടെ മറ്റൊരാൾ കൂടി ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ഇവർക്കായി അന്വേഷണം ശക്തമാക്കി.